
ബെയ്‌ജിങ്: ചൈനയുടെ പരമോന്നത സൈനികസമിതിയായ 'സെന്‍ട്രല്‍ മിലിട്ടറി കമ്മിഷനി'ല്‍നിന്ന് (സി.എം.സി) രണ്ട് മുതിര്‍ന്ന സൈനികോദ്യോഗസ്‌ഥരെ നീക്കി. ഗുരുതര അച്ചടക്കലംഘനവും നിയമലംഘനവും ആരോപിച്ചാണ് നടപടി. പ്രസിഡന്റ് ഷി ജിന്‍പിങ് ഉള്‍പ്പെടെ ഏഴുപേര്‍ മാത്രം അംഗങ്ങളായുള്ള പരമോന്നതസമിതിയില്‍നിന്നാണ് ഷാങ് യൂഷ്യ, ലിയു ഷെനില്‍ എന്നിവരെ പുറത്താക്കിയത്.
പ്രസിഡന്റിനുശേഷം സി.എം.സിയില്‍ രണ്ടാമനാണ് വൈസ് ചെയര്‍മാനും ചൈനീസ് കമ്യൂണിസ്‌റ്റ് പാര്‍ട്ടി പോളിറ്റ്‌ബ്യൂറോ അംഗവുമായ ഷാങ് യൂഷ്യ. ലിയു സി.എം.സി. ജോയിന്റ് സ്‌റ്റാഫ് ഡിപ്പാര്‍ട്ട്‌മെന്റ് ചീഫ് ഓഫ് സ്‌റ്റാഫാണ്. സൈന്യം, കമ്യൂണിസ്‌റ്റ് പാര്‍ട്ടി, സര്‍ക്കാര്‍, സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ അഴിമതിക്കെതിരേ പ്രസിഡന്റ് ഷി കൈക്കൊള്ളുന്ന കര്‍ശന നടപടികളുടെ ഭാഗമായാണ് ഇരുവരെയും പുറത്താക്കിയത്. അധികാരമേറ്റ 2012-ല്‍ത്തന്നെ പ്രസിഡന്റ് ഷി ഉത്തരവിട്ട അഴിമതിവിരുദ്ധനടപടികളുടെ പ്രധാനലക്ഷ്യങ്ങളിലൊന്ന് സൈന്യത്തിലെ ശുദ്ധീകരണമാണ്.
സൈനിക അഴിമതികള്‍ പുറത്തുകൊണ്ടുവരാന്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്നനേതാക്കളോട് കഴിഞ്ഞമാസം ഷി ആഹ്വാനം ചെയ്‌തിരുന്നു. വര്‍ഷങ്ങളായി നീളുന്ന അഴിമതിവിരുദ്ധനടപടികളുടെ ഭാഗമായി മുതിര്‍ന്ന നിരവധി സൈനികോദ്യോഗസ്‌ഥരെ പുറത്താക്കുകയും ശിക്ഷിക്കുകയും ചെയ്‌തു. ഷാങ്ങിനെയും ലിയുവിനെയും കൂടാതെ 10 നിയമനിര്‍മാതാക്കളെക്കൂടി പുറത്താക്കിക്കൊണ്ടാണ് ചൈനീസ് പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ നടപടി. സി.എം.സി. ജനറല്‍ ഓഫീസ് മുന്‍ ഡയറക്‌ടര്‍ ലെഫ്‌റ്റനന്റ് ജനറല്‍ ഷോങ് ഷൗജിന്‍, മുന്‍ കമാന്‍ഡര്‍ ജനറല്‍ ജു ഷിയാന്‍ഷെങ്, നഞ്ചങ് മുന്‍ മേയര്‍ ഗാവോ ഷിവെന്‍ എന്നിവരും പുറത്താക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ഉപദേശകസമിതിയായ ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫറന്‍സില്‍നിന്ന് (സി.പി.പി.സി.സി) സൈന്യത്തിന്റെ വെസ്‌റ്റേണ്‍ തീയറ്റര്‍ കമാന്‍ഡ് മുന്‍ കമാന്‍ഡര്‍ കൂടിയായ ഷാവോ സോങ്‌ഖ്വിയേയും പുറത്താക്കി. ചൈന-വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള ഷാവോ, 2017-ലെ ദോക്ലാം സംഘര്‍ഷത്തിലും 2020-ലെ ഗാല്‍വന്‍ സംഘര്‍ഷത്തിലും ഇന്ത്യയ്‌ക്കെതിരേ സൈന്യത്തിന്റെ വെസ്‌റ്റേണ്‍ കമാന്‍ഡിനെ നയിച്ചു. 'ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കാന്‍' എന്ന പേരില്‍ ഗാല്‍വാന്‍ ദൗത്യം ആസൂത്രണം ചെയ്‌തതു ഷാവോയാണെന്ന റിപ്പോര്‍ട്ടുകള്‍ പിന്നീട് പുറത്തുവന്നിരുന്നു. എന്നാല്‍, ഇദ്ദേഹത്തിനെതിരേ എന്തെങ്കിലും അന്വേഷണമുള്ളതായോ പുറത്താക്കിയത് എന്തിനാണെന്നോ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.






Comments