
കാഠ്‌മണ്ഡു: നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയിലുണ്ടായ മിന്നല്‍പ്രളയത്തിന് പിന്നാലെ ഇന്ത്യ നല്‍കിയ പിന്തുണയ്‌ക്കും ഐക്യദാര്‍ഢ്യത്തിനും നന്ദി അറിയിച്ച് നേപ്പാള്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേല്‍. പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തെ സഹായിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പുകഴ്‌ത്തിയതിനൊപ്പം പ്രളയത്തില്‍ മരിച്ച ഇന്ത്യന്‍ പൗരന്മാര്‍ക്ക് അദ്ദേഹം ആദരാഞ്‌ജലിയും അര്‍പ്പിച്ചു. ശനിയാഴ്‌ച എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് പൗഡേല്‍ നിലപാട് വ്യക്‌തമാക്കിയത്.
'നേപ്പാള്‍ സര്‍ക്കാരിന്റെയും ജനങ്ങളുടെയും പേരില്‍, നിങ്ങളുടെ കാരുണ്യപൂര്‍വമായ ഉത്‌കണ്‌ഠയ്‌ക്കും, നേപ്പാളിലുണ്ടായ സമീപകാല ദുരന്തത്തെത്തുടര്‍ന്ന് നിങ്ങളുടെ സര്‍ക്കാര്‍ നല്‍കിയ ഉദാരമായ പിന്തുണയ്‌ക്കും ഐക്യദാര്‍ഢ്യത്തിനും ബഹുമാനപ്പെട്ട ശ്രീമതി ദ്രൗപദി മുര്‍മുവിന് ഞാന്‍ ഞങ്ങളുടെ അഗാധമായ നന്ദി രേഖപ്പെടുത്തുന്നു.' - അദ്ദേഹം എക്‌സില്‍ കുറിച്ചു.ദുരന്തത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ മരിച്ചതിലും നേപ്പാള്‍ പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തി. '2026 ഓഗസ്‌റ്റ് 26-ലെ ദുരന്തത്തില്‍ ഇന്ത്യന്‍ ജീവനുകള്‍ നഷ്‌ടപ്പെട്ടതില്‍ ഇന്ത്യയിലെ സര്‍ക്കാരിനോടും ജനങ്ങളോടും ഞങ്ങളുടെ ഹൃദയം നിറഞ്ഞ അനുശോചനവും അഗാധമായ സഹതാപവും ഞങ്ങള്‍ അറിയിക്കുന്നു.' പൗഡേല്‍ മറ്റൊരു പോസ്‌റ്റില്‍ കുറിച്ചു.
അതേസമയം, ദുരന്തത്തില്‍പെട്ട നാല് ഇന്ത്യക്കാരെ റസൂവ തുരങ്കത്തില്‍നിന്ന് രക്ഷപ്പെടുത്തി. ഇന്ത്യയില്‍നിന്നുള്ള ഫോറന്‍സിക് സംഘം വൈകാതെ നേപ്പാളിലേക്ക് തിരിക്കും. മൃതദേഹങ്ങളുടെ ഡി.എന്‍.എ പരിശോധനയില്‍ സഹായിക്കുന്നതിനായാണ് സംഘം നേപ്പാളിലേക്ക് പോകുന്നത്.






Comments