
തിരുവനന്തപുരം: സവാള കരയിക്കുന്നു. നിത്യേന വില ഉയര്ന്ന് ഉയര്ന്നു 100ല് തൊടാറായി. സവാളയ്ക്കൊപ്പം പച്ചക്കറി വിലയിലും വര്ധനയുണ്ട്. ഓണം കഴിഞ്ഞിട്ടും വില കുറയുന്നില്ലെന്നു മാത്രമല്ല പല ഇനങ്ങളും കിട്ടാനുമില്ല.
മഹാരാഷ്ട്രയിലെയും കര്ണാടകയിലെയും പ്രമുഖ സവാള ഉത്പാദന കേന്ദ്രങ്ങളില് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയും കാലാവസ്ഥാ വ്യതിയാനവും കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത് ഇതര സംസ്ഥാനങ്ങളില്നിന്നുള്ള സവാളയുടെ വരവ് ഗണ്യമായി കുറഞ്ഞു. ഇതാണ് വിലക്കയറ്റം രൂക്ഷമാക്കിയത്. കഴിഞ്ഞ ഓണക്കാലത്തും സവാളയ്ക്ക് വന് വിലവര്ധന രേഖപ്പെടുത്തിയിരുന്നു. ഇക്കുറി ഓണം കഴിഞ്ഞിട്ടും വില കുറയാത്തത് വലിയ തിരിച്ചടിയായിരിക്കുകയാണ്.
കോഴിക്കോട് പാളയം മാര്ക്കറ്റില് 50 മുതല് 60 രൂപ വരെയാണ് സവാളയുടെ മൊത്തവ്യാപാര വില. അയല് സംസ്ഥാനങ്ങളില്നിന്നുള്ള ചരക്കുനീക്കം സാധാരണ നിലയിലായാല് മാത്രമേ വില പിടിച്ചുനിര്ത്താന് സാധിക്കൂ. അതുവരെ ഉയര്ന്ന വില നല്കി സവാള വാങ്ങേണ്ട ഗതികേടിലാണ് ജനം. ഹോട്ടലുകളെയും ഭക്ഷണശാലകളെയും ഏറെ പ്രതികൂലമായി ബാധിക്കുന്നതാണ് ഇപ്പോഴത്തെ വിലവര്ധന.
കരിമ്പ് കൃഷിയെ ബാധിക്കുന്ന 'ചുവപ്പ് ചീയല്' (റെഡ് റോട്ട്) രോഗം പഞ്ചസാര വില വര്ധിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോള് സവാളയും സമാനമായ കാലാവസ്ഥാ പ്രതിസന്ധിയെ നേരിടുന്നത്.
ഈ വര്ഷം ഇന്ത്യയില് 307.37 ലക്ഷം ടണ് സവാളയാണ് ഉത്പാദിപ്പിച്ചത്. ഇത് രാജ്യത്തെ ആഭ്യന്തര ആവശ്യത്തേക്കാള് കൂടുതലാണ്. എന്നാല് റാബി വിളവെടുപ്പ് സമയത്തുണ്ടായ കനത്ത മഴ സ്ഥിതിഗതികള് മാറ്റിമറിച്ചു. മാര്ച്ചിലും ഏപ്രിലിലും ഉണ്ടായ മഴ പാടങ്ങളില് വെള്ളക്കെട്ട് രൂപപ്പെടാന് കാരണമായി. ഇത് സവാളയ്ക്കുള്ളിലേക്ക് ഈര്പ്പം കയറാന് ഇടയാക്കി. പിന്നീട് ഈ സവാളകള് സംഭരിച്ചുവച്ചപ്പോള് പെട്ടെന്നു ചീഞ്ഞുതുടങ്ങി.
എല്ലാ വര്ഷവും ഏകദേശം 25 ശതമാനം സവാള പാഴായിപ്പോകാറുണ്ട്. എന്നാല് ഈ വര്ഷം ഈ നഷ്ടം 35 മുതല് 40 ശതമാനം വരെ കണക്കാക്കപ്പെടുന്നു. 110 മുതല് 120 ലക്ഷം ടണ് സവാള വരെ ചീഞ്ഞുപോയെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയില് പ്രതിമാസം ഏകദേശം 17 ലക്ഷം മെട്രിക് ടണ് സവാളയാണ് ഉപഭോഗം വരുന്നത്. വര്ഷം 204 ലക്ഷം ടണ്. 307 ലക്ഷം ടണ് ഉത്പാദനമുള്ളതിനാല് തുടക്കത്തില് ലഭ്യത സുരക്ഷിതമാണെന്ന് തോന്നിയിരുന്നു. എന്നാല് വിളവെടുപ്പിന്റെ വലിയൊരു ഭാഗം നഷ്ടപ്പെട്ടത് കണക്കുകൂട്ടലുകള് തെറ്റിച്ചു. ചന്തകളിലെത്തുന്ന നല്ല സവാളയുടെ യഥാര്ഥ ചെലവ് കിലോയ്ക്ക് 30 മുതല് 32 രൂപ വരെയായി ഉയര്ന്നിട്ടുണ്ട്.
വിളവെടുപ്പ് സമയത്തുണ്ടായ മഴയും വ്യാപകമായ ചീയലും കര്ഷകരുടെ ഭാരം വര്ധിപ്പിച്ചതായി മഹാരാഷ്ട്ര ഒനിയന് ഗ്രോവേഴ്സ് അസോസിയേഷന് പ്രസിഡന്റ് ഭരത് ദിഘോലെ വ്യക്തമാക്കിയിരുന്നു. ഉയര്ന്ന ഉത്പാദനച്ചെലവ് കണക്കിലെടുത്ത് ലാഭമുണ്ടാക്കാന് കര്ഷകര്ക്ക് മൊത്തവ്യാപാര വിലയായി കിലോയ്ക്ക് കുറഞ്ഞത് 40 രൂപയെങ്കിലും ലഭിക്കണമെന്ന് അദ്ദേഹം പറയുന്നു. സവാള വില താഴെയിറക്കാന് സര്ക്കാര് ശ്രമിച്ചാല് മഹാരാഷ്ട്രയില് വലിയ കര്ഷക പ്രക്ഷോഭത്തിന് അത് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. രാജ്യത്ത് ഏറ്റവും കൂടുതല് സവാള ഉത്പാദിപ്പിക്കുന്ന സംസ്ഥാനമായ മഹാരാഷ്ട്രയാണ് മൊത്തം ഉത്പാദനത്തിന്റെ ഏകദേശം 43 ശതമാനവും നല്കുന്നത്.
വര്ധിച്ചുവരുന്ന സവാള വില നിയന്ത്രിക്കുന്നതിനായി കേന്ദ്ര സര്ക്കാര് തങ്ങളുടെ കരുതല് ശേഖരം വിപണിയില് ഇറക്കാന് തീരുമാനിച്ചിട്ടുണ്ട്. ഡല്ഹി, ചെന്നൈ, കൊച്ചി, ഗുവാഹത്തി തുടങ്ങിയ പ്രധാന നഗരങ്ങളിലെ ചന്തകളിലേക്ക് ആയിരക്കണക്കിന് ടണ് സവാള എത്തിക്കാന് പ്രത്യേക 'കന്ദ എക്സ്ര്പസ്' ട്രെയിനുകളാണ് ഉപയോഗിക്കുന്നത്. ഗതാഗതച്ചെലവും ചീഞ്ഞുപോയതുമൂലമുള്ള നഷ്ടവും സര്ക്കാരാണ് വഹിക്കുന്നത്. സവാള കിലോയ്ക്ക് 35 രൂപയെന്ന സബ്സിഡി നിരക്കിലാണ് ഉപഭോക്താക്കള്ക്ക് നല്കുന്നത്. വിപണിയിലെ ലഭ്യത വര്ധിപ്പിക്കുക, പൂഴ്ത്തിവെപ്പ് തടയുക, വില താഴെയിറക്കുക എന്നിവയാണ് ലക്ഷ്യം. സര്ക്കാരിന്റെ ഈ നീക്കം സവാള കര്ഷകര്ക്കിടയില് ആശങ്ക വര്ധിപ്പിച്ചിട്ടുണ്ട്. ഉത്പാദനച്ചെലവ് പോലും ലഭിക്കാതെ ചന്തകളില് കിലോയ്ക്ക് 2 മുതല് 4 രൂപയ്ക്ക് മാത്രം സവാള വില്ക്കേണ്ടി വന്ന കാലഘട്ടങ്ങള് ഉണ്ടായിട്ടുണ്ടെന്ന് കര്ഷകര് ചൂണ്ടിക്കാണിക്കുന്നു. ആ സമയത്ത് തങ്ങളുടെ നഷ്ടത്തിന് വലിയ പിന്തുണയൊന്നും ലഭിച്ചിരുന്നില്ലെന്ന് അവര് പറയുന്നു. ഇപ്പോള് കാലാവസ്ഥാ വ്യതിയാനം കാരണം കനത്ത നഷ്ടം സഹിക്കുകയും മികച്ച വില പ്രതീക്ഷിക്കുകയും ചെയ്യുമ്പോള്, വില വീണ്ടെടുക്കുന്നതിനിടയില് സര്ക്കാരിന്റെ ഇടപെടല് വില വീണ്ടും താഴേക്ക് കൊണ്ടുപോകുമോയെന്നാണ് കര്ഷകരുടെ ആശങ്ക.
കഴിഞ്ഞ ഒരു ആഴ്ചയായി ദിനംപ്രതി മൂന്ന് രൂപയോളമാണ് വില കൂടുന്നത്. ഉത്സവ സീസണ് ആരംഭിക്കുന്നതിന് മുമ്പ് കിലോയ്ക്ക് 35 രൂപയായിരുന്ന സവാളയ്ക്ക് ഇപ്പോള് ഇരട്ടി വിലയാണ്.
തിരുവനന്തപുരത്ത് 60-65 രൂപയാണ് മൊത്തവില. ഡല്ഹിയില് സവാള കിലോയ്ക്ക് 62 രൂപയിലധികമാണ് വില.
സവാള വില ഉയരുന്നതിന് ഇടനിലക്കാരാണ് ഉത്തരവാദികളെന്നായിരുന്നു കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പ്രതികരണം.
ഡല്ഹി ഉള്പ്പെടെയുള്ള നഗരങ്ങളില് നാഫെഡ്, എന്സിസിഎഫ് എന്നിവയുടെ റീട്ടെയില് ഔട്ടെ്ലറ്റുകള്, കേന്ദ്രീയ ഭണ്ഡാര്, മൊബൈല് വാനുകള് എന്നിവ വഴിയാണ് സബ്സിഡി നിരക്കില് സവാള വില്ക്കുക. വിപണിയില് ലഭ്യത വര്ധിപ്പിക്കുകയും സീസണല് വിലക്കയറ്റം നിയന്ത്രിക്കുകയും ചെയ്യുന്നതിനായി സര്ക്കാര് ബഫര് സ്റ്റോക്കിലുള്ള സവാള ഘട്ടംഘട്ടമായി വിപണിയിലെത്തിക്കുന്നുണ്ട്. റെയില്വെ വഴിയും റോഡ് മാര്ഗവും പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്ക് സവാള എത്തിക്കും.







Comments