
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി അത്താണിയില് അമിത വേഗതയില് പാഞ്ഞെത്തിയ കാറിടിച്ച് മരിച്ച മൂന്നു പേരുടെയും മൃതദേഹങ്ങള് പോസ്റ്റ്മോര്ട്ടത്തിന് ശേഷം മൃതദേഹങ്ങള് ബന്ധുക്കള് ഏറ്റുവാങ്ങി. ദക്ഷിണ കര്ണാടക സുള്ള്യ കനകമഞ്ചല് വീട്ടില് ഇബ്രാഹിമിന്റെ മകന് ഇയ്യാസ് (21), വയനാട് കല്പ്പറ്റ മടക്കിമല സന്തോഷ് ഭവനില് സന്തോഷിന്റെ മകള് ദേവിക (21), പാലക്കാട് മണ്ണാര്ക്കാട് എടക്കുറിശ്ശി നെല്ലാറ്റ കരിമ്പ മുള്ളങ്കുഴി വീട്ടില് എം.ആര്. പ്രദീപ്കുമാറിന്റെ മകള് ഗോപിക (21) എന്നിവരാണ് മരിച്ചത്.
ഇയ്യാസിന്റേയും, ദേവികയുടേയും മൃതദേഹങ്ങള് കളമശ്ശേരി മെഡിക്കല് കോളജിലും, ഗോപികയുടെ അങ്കമാലി താലൂക്ക് ആശുപത്രിയിലും പോസ്റ്റ്മോര്ട്ടം നടത്തി. ഇയ്യാസിന്റെ മാതാവ്:റുക്കിയ. ദേവികയുടെ മാതാവ്: സരിത. സഹോദരന്: അപ്പു. ഗോപികയുടെ മാതാവ്: സജിത. സഹോദരങ്ങള്: ദീപിക, അഭിജിത്ത്. സ്കൂട്ടറില് സഞ്ചരിക്കുകയായിരുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ രണ്ട് യുവതികള് അടക്കം മൂന്ന് പേരെയാണ് അമിതവേഗതയിലെത്തിയ കാറിടിച്ചത്. നെടുമ്പാശ്ശേരി വി.ഐ.പി റോഡില് അത്താണി വാളേപ്പുറം ഭാഗത്ത് ഇന്നലെ പുലര്ച്ചെ 1.55ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ബിരുദ ധാരികളായ മൂവരും പഠനത്തോടൊപ്പം തൃക്കാക്കരയിലെ സ്വകാര്യ സ്ഥാപനത്തിലെ സുക്കോയോ സ്റ്റോര് ക്രാഫ്റ്റ് ജീവനക്കാരാണ്. മൂവരും രാത്രി 11ന് ജോലി കഴിഞ്ഞ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമെത്തി ഭക്ഷണം കഴിച്ച ശേഷം അത്താണി ഭാഗത്തേക്ക്
ഒരേ സ്കൂട്ടറില് മടങ്ങുമ്പോള് പിന്നില് അമിത വേഗതയില് വന്ന ആഢംബര കാര് ഇടിച്ച് കയറിയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില് സ്കൂട്ടര് യാത്രികരായ മൂവരും റോഡിന്റെ ഇരുവശത്തേക്കുമായി തെറിച്ച് തലതല്ലി വീണ് തല്ക്ഷണം മരിച്ചു. അപകടം കണ്ട് ഓടിയെത്തിയ യാത്രക്കാരാണ് രക്ഷാപ്രവര്ത്തനം നടത്തിയത്.







Comments