
മാഡ്രിഡ്: സ്‌പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ കരുത്തരായ ബാഴ്‌സലോണയ്‌ക്കു തകര്‍പ്പന്‍ ജയം. സ്വന്തം തട്ടകമായ ന്യൂ ക്യാമ്പില്‍ നടന്ന മത്സരത്തില്‍ അവര്‍ 5-2 നു റയോ വലകാനോയെ തോല്‍പ്പിച്ചു. ബാഴ്‌സയ്‌ക്കായി റാഫിഞ്ഞയും ലാമിനെ യമാലും ഇരട്ട ഗോളുകളടിച്ചു. ഫ്‌ളോറിയന്‍ ലെയുനിന്റെ സെല്‍ഫ് ഗോളും ബാഴ്‌സയുടെ അക്കൗണ്ടിലെത്തി. വലകാനോയ്‌ക്കായി സെര്‍ജിയോ കാമേയോയാണു രണ്ട് ഗോളുകളുമടിച്ചത്.
സീസണിലെ ആദ്യ മൂന്ന് കളികളും ജയിച്ച ബാഴ്‌സലോണ ഒന്നാം സ്‌ഥാനത്തായി. റയാല്‍ മാഡ്രിഡും മൂന്ന് കളികളും ജയിച്ചെങ്കിലും ഗോള്‍ ശരാശരിയില്‍ പിന്നിലാണ്. മൂന്നാം സ്‌ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് ഏഴ് പോയിന്റാണ്. ബാഴ്‌സ കോച്ച് ഹാന്‍സി ഫ്‌ളിക്ക് റാഫിഞ്ഞയെ മുന്നില്‍ നിര്‍ത്തിയ 4-2-3-1 ഫോര്‍മേഷനാണു താല്‍പര്യപ്പെട്ടത്. മറുപക്ഷത്ത് സാന്‍ ഹൊസെയും അതേ ഫോര്‍മേഷന്‍ തെരഞ്ഞെടുത്തു. ഇരട്ട ഗോളടിച്ചതോടെ യമാല്‍ ചരിത്രം കുറിച്ചു. താരം ബാഴ്‌സയ്‌ക്കായി 50 ഗോളുകളെന്ന റെക്കോഡിലെത്തി. 2023 ല്‍ ബാഴ്‌സയില്‍ അരങ്ങേറ്റം കുറിച്ച യമാല്‍ മൂന്ന് വര്‍ഷം കൊണ്ടാണു ചരിത്രത്തില്‍ ഇടം നേടിയത്. യമാലിന്റെ ഗോള്‍ വേട്ടയില്‍ 91 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് തകര്‍ന്നത്. ബാഴ്‌സയ്‌ക്കു വേണ്ടി 50 ഗോളുകള്‍ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് യമാല്‍. 19 വയസും 49 ദിവസവും പ്രായമുള്ളപ്പോഴാണ് യമാലിന്റെ നേട്ടം. 1935 ല്‍ ജോസെപ് എസ്‌കോള നേടിയ റെക്കോഡ് തകര്‍ത്തായിരുന്നു സ്‌പാനിഷ് താരത്തിന്റെ കുതിപ്പ്. എസ്‌കോള 20 വയസും 356 ദിവസവും പ്രായമുള്ളപ്പോള്‍ഴായിരുന്നു ബാഴ്‌സക്ക് വേണ്ടി 50 ഗോളുകള്‍ പൂര്‍ത്തിയാക്കിയത്.
അര്‍ജന്റീനയുടെ ഇതിഹാസം ലയണല്‍ മെസിയായിരുന്നു ഈ നേട്ടത്തില്‍ രണ്ടാം സ്‌ഥാനത്ത്. 2008 ലായിരുന്നു മെസിയുടെ 50 ഗോള്‍ നേട്ടം. 21 വയസും 121 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു മെസി റെക്കോഡിട്ടത്. 2025-26 ലീഗ് സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കാനും യമാലിനായി.
കഴിഞ്ഞ സീസണില്‍ ബാഴ്‌സയ്‌ക്ക് വേണ്ടി നടത്തിയ പ്രകടനത്തിന് പിന്നാലെയാണ് താരത്തെ തേടി ഈ നേട്ടമെത്തിയത്. ലാ ലിഗയില്‍ പ്ലേയര്‍ ഓഫ് ദി സീസണ്‍ അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് യമാല്‍. കഴിഞ്ഞ സീസണില്‍ സ്‌പാനിഷ് ലീഗില്‍ 28 മത്സരങ്ങളിലായി 16 ഗോളുകളും 11 അസിസ്‌റ്റുകളും കുറിച്ചു. ബാഴ്‌സയെ ലാ ലിഗ ചാമ്പ്യന്മാരാക്കുന്നതില്‍ യമാല്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ഏറ്റവും വേഗത്തില്‍ 50 ഗോളുകളെന്ന യൂറോപ്യന്‍ ലീഗ് റെക്കോഡിലും യമാല്‍ മുന്‍പന്തിയിലാണ്. ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ 19 വര്‍ഷവും 241 ദിവസവും പ്രായമുള്ളപ്പോഴും നോര്‍വേയുടെ ഏര്‍ലിങ് ഹാളണ്ട് 20 വര്‍ഷവും 196 ദിവസവും പ്രായമുള്ളപ്പോഴുമാണ് 50 ഗോളുകള്‍ പൂര്‍ത്തിയാക്കിയത്.







Comments