
ഒരു സാധാരണ ട്രെയിൻ യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ട്രെയിൻ ഒരു സ്റ്റേഷനിലും നിർത്താതെ മുന്നോട്ട് പോയാൽ എന്തായിരിക്കും യാത്രക്കാരുടെ അവസ്ഥ? മുംബൈയിലെ പൻവേൽ–സിഎസ്എംടി എസി ലോക്കൽ ട്രെയിനിലാണ് ഇത്തരമൊരു സംഭവമുണ്ടായതായി റിപ്പോർട്ട്. ട്രെയിൻ തുടർച്ചയായി മുന്നോട്ട് നീങ്ങിയതോടെ കോച്ചിനുള്ളിൽ യാത്രക്കാർ പരിഭ്രാന്തരാകുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
മുംബൈ റെയിൽ പ്രവാസി സംഘമാണ് സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ട്രെയിൻ യാത്ര തുടരുന്നതിനിടെ യാത്രക്കാർ ആശയക്കുഴപ്പത്തിലാകുന്നതും എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ പരസ്പരം സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഒരു കുട്ടിയുൾപ്പെടെ എട്ട് മുതൽ പത്ത് വരെ യാത്രക്കാർ കോച്ചിലുണ്ടായിരുന്നുവെന്നാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്.
ട്രെയിൻ നിർത്താത്തതിന്റെ കാരണം അറിയാൻ രണ്ടോ മൂന്നോ യാത്രക്കാർ അടിയന്തര ആശയവിനിമയ സംവിധാനത്തിന് സമീപം എത്തുന്നതും വീഡിയോയിലുണ്ട്. സംഭവത്തിൽ യാത്രക്കാർക്ക് വലിയ ആശങ്കയുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുംബൈ റെയിൽ പ്രവാസി സംഘം റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു.
വീഡിയോ വൈറലായതിന് പിന്നാലെ റെയിൽവേയുടെ യാത്രക്കാരുടെ സഹായ സംവിധാനമായ റെയിൽവേ സേവ വിഷയത്തിൽ പ്രതികരിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥന് വിവരം കൈമാറിയതായാണ് അറിയിച്ചത്. അതേസമയം, ട്രെയിൻ കാർ ഷെഡിലേക്ക് പോകുകയായിരുന്നുവെന്നും യാത്രക്കാർക്ക് ഇതുസംബന്ധിച്ച് അറിയിപ്പ് നൽകിയിരുന്നുവെന്നും സമൂഹമാധ്യമങ്ങളിൽ ചിലർ അവകാശപ്പെട്ടു. എന്നാൽ ഈ വാദം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. ട്രെയിൻ സർവീസിന്റെ യഥാർഥ സാഹചര്യം സംബന്ധിച്ച റെയിൽവേയുടെ വിശദീകരണം കാത്തിരിക്കുകയാണ്.







Comments