
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി ഇന്നു മുതല് മഴയെത്തിയേക്കും. ബംഗാള് ഉള്ക്കടലില് ന്യൂനമര്ദം രൂപപ്പെടാനും ശനിയാഴ്ച വരെ മഴയുണ്ടാകാനുള്ള സാധ്യതയുമാണ് കാലാവസ്ഥാ കേന്ദ്രം നല്കുന്നത്. സംസ്ഥാനത്ത് അനുഭവപ്പെടുന്ന ചൂടില് നിന്നുള്ള ആശ്വാസമാകും. സെപ്തംബര് 10 മുതല് 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില് ശക്തമായ മഴയ്ക്കും സാധ്യത പ്രവചിക്കുന്നു.
വടക്കന് ബംഗാള് ഉള്ക്കടലിനും ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇത് കാരണം ന്യൂനമര്ദ്ദം രൂപപ്പെടാന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില് പറയുന്നു. ഇന്ന് മുതല് 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ആലപ്പുഴ, എറണാകുളം ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ടാണ്. നാളെ നാല് ജില്ലകളില് മഴ മുന്നറിയിപ്പുണ്ട്.
മഴ ലഭിക്കുന്നതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില് ഗണ്യമായ രീതിയില് കുറവ് വരുമെന്നാണ് കെ.എസ്.ഇ.ബി. പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഇന്നലെ രാത്രിയും ഒന്നിലേറെ തവണ വൈദ്യുതി മുടങ്ങി. പലയിടത്തും വൈദ്യുതി വിച്ഛേദിച്ചത് മുന്നറിയിപ്പില്ലാതെയാണ്. ഇന്ന് മഴ ലഭിച്ചാല് ഉപഭോഗം കുറയുമെന്ന പ്രതീക്ഷയില് ആണ് കെഎസ്ഇബി. ഏകദേശം 800 മെഗാ വാട്ടിന്റെ ലഭ്യത കുറവാണ് ഇപ്പോള് അനുഭവപ്പെടുന്നത്. ഇന്ന് രണ്ട് ജില്ലകളില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.







Comments