
ബെംഗളൂരു: മാസപ്പടി കേസില് കേരളത്തില് ഇ.ഡി. എടുത്തിരിക്കുന്ന നടപടി വെട്ടിലാക്കിയിരിക്കുന്നത് കോണ്ഗ്രസിനെ. കേരളത്തിലെയും കര്ണാടകത്തിലെയും ഇ.ഡി. നടപടികളില് എന്തു നിലപാട് സ്വീകരിക്കണം എന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് ദേശീയനേതൃത്വം. രണ്ടു സംസ്ഥാനങ്ങളിലും കോണ്ഗ്രസ് ഭരിക്കുന്ന സാഹചര്യത്തില് കര്ണാടത്തില് എതിര്ത്തും കേരളത്തില് മറിച്ചും എടുക്കുന്ന തിരിച്ചടി ജനങ്ങള്ക്ക് എന്തു മറുപടി നല്കുമെന്ന ആശങ്കയിലാണ്.
കര്ണാടകത്തില് കോണ്ഗ്രസിന്റെ ഉന്നത നേതാക്കളെയാണ് ഇ.ഡി. ലക്ഷ്യം വെച്ചിരിക്കുന്നത്. കേരളത്തിലാകട്ടെ പ്രതിപക്ഷ നേതാവിനെതിരേയാണ് ഇ.ഡി.യുടെ നീക്കം. കര്ണാടത്തില് ഇ.ഡി.യുടെ നടപടിയെ 'വേട്ട'യായി പരിഗണിക്കുന്ന കോണ്ഗ്രസ് കേരളത്തില് എന്തു നിലപാട് സ്വീകരിക്കുമെന്നാണ് അറിയേണ്ടത്. കേരളത്തില് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കാന് ശുപാര്ശ ചെയ്തിരിക്കുകയാണ് ഇ.ഡി. ദേശീയ തലത്തില് ഇ.ഡി. യെ എതിര്ക്കുന്ന കോണ്ഗ്രസ് സംസ്ഥാനത്ത് എന്തു നിലപാട് സ്വീകരിക്കുമെന്ന് കഴിഞ്ഞദിവസം ഇടതുനേതാക്കള് ചോദിക്കുകയും ഇരട്ടത്താപ്പ് എന്ന് ആക്ഷേപിക്കുകയും ചെയ്തിരിക്കുകയാണ്. കേസെടുക്കാന് വേണ്ട കാര്യങ്ങള് ഇ.ഡി. റിപ്പോര്ട്ടില് ഉണ്ടെന്നായിരുന്നു നേരത്തേ മുഖ്യമന്ത്രിയും പറഞ്ഞത്.
ഒരു സംസ്ഥാനത്ത് ഇ.ഡിയെ 'വേട്ടക്കാര്' എന്ന് വിളിച്ച് രാഷ്ട്രീയമായി നേരിടാന് ആഹ്വാനം ചെയ്യുമ്പോള്, തൊട്ടടുത്ത സംസ്ഥാനത്ത് അതേ ഏജന്സിയുടെ കണ്ടെത്തലുകളെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് കോണ്ഗ്രസ്. മുന് മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ഇ.ഡി നീക്കം കേരളത്തില് രാഷ്ട്രീയമായി കോണ്ഗ്രസിന് ഗുണം ചെയ്യുന്നതാണ്. എന്നാല് കര്ണാടകത്തിലെ സാഹചര്യം ഇഡി നടപടിയെ ന്യായീകരിച്ച് പരസ്യമായി രംഗത്തുവരുന്നതില് നിന്ന് അവരെ തടയുകയും ചെയ്യുന്നു.
ഏകദേശം 40 ലധികം കോണ്ഗ്രസ് നേതാക്കള് നിരീക്ഷണത്തിലുള്ള കര്ണാടകത്തില് കേന്ദ്ര ഏജന്സിയുടെ നീക്കത്തിന് പിന്നില് രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന് പറയുന്ന കോണ്ഗ്രസ് നേതാക്കള് കേരളത്തിന്റെ കാര്യത്തില് പുലര്ത്തുന്നത് വലിയ നിശബ്ദതയാണ്. കര്ണാടകത്തില് ഡി.കെ സര്ക്കാര് അധികാരത്തില് 100 ദിവസം തികയ്ക്കുന്ന വേളയില് സതീഷ് ജാര്ക്കിഹോളിയുടെയും മകളും എം.പിയുമായ പ്രിയങ്ക ജാര്ക്കിഹോളിയുടെയും ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെയും ബെലഗാവിയിലെയും വസതികളില് ഉള്പ്പെടെ 18 കേന്ദ്രങ്ങളിലാണ് ഒരേസമയം ഇഡി റെയ്ഡ് നടത്തിയത്.
പിണറായിക്കെതിരേ നടപടിക്ക് ഇ.ഡി. ശുപാര്ശ ചെയ്തിട്ടുണ്ടെങ്കിലും പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം എഫ്ഐആറിലേക്ക് കടന്നാല് മതിയെന്ന നിലപാടിലാണ് സംസ്ഥാന സര്ക്കാര്. പ്രതിപക്ഷ നേതാവും മുന് മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ഇഡിയുടെ കത്തിന്മേല് കരുതലോടെയാണ് കോണ്ഗ്രസ് നേതാക്കളുടെ പ്രതികരണം. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മാത്രമേ ഇഡി നടപടികളെ ചെറുതായെങ്കിലും സ്വാഗതം ചെയ്യുന്നുള്ളൂ.







Comments