
തിരുവനന്തപുരം: തനിക്കെതിരേ ഇ.ഡി. പറയുന്നത് പച്ചക്കള്ളവും ശുദ്ധ അസംബന്ധവുമെന്നും പിണറായി വിജയന്. നടപ്പാക്കുന്നത് സംഘപരിവാര് അജണ്ടയെന്നും കോടതി തള്ളിയ പഴയ ആരോപണങ്ങള് പുതിയ തിരക്കഥയായി വരികയാണെന്നും വാര്ത്താസമ്മേളനത്തില് പറഞ്ഞു. ഇ ഡി രാഷ്ട്രീയലക്ഷ്യത്തോടെയാണ് പ്രവര്ത്തിക്കുന്നതെന്നും പറഞ്ഞു.
മുഖ്യമന്ത്രിയായിരുന്ന കാലത്ത് താന് സിഎംആര്എല്ലിന് വഴിവിട്ട ഒരു ആനുകൂല്യവും നല്കിയിട്ടില്ല. സിഎംആര്എല് യാതൊരു സേവനവും ലഭിക്കാതെ എക്സാലോജികിന് പണം നല്കി എന്നതായിരുന്നു മുമ്പത്തെ ആരോപണം. അതിന്റെ അടിസ്ഥാനത്തില് സിഎംആര്എല്ലിന് സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് എസ്എഫ്ഐഒ ആരോപിച്ചത്. അതിനെ തുടര്ന്നാണ് അന്വേഷണവും റെയ്ഡും നടന്നത്. ഇതില് നിന്നും വ്യത്യസ്തമായാണ് ഇപ്പോള് ഇ ഡി പറയുന്നത്. സേവനത്തിനുള്ള പ്രതിഫലമല്ല, മുഖ്യമന്ത്രിയായിരുന്ന ഞാന് സിഎംആര്എല്ലിന് വഴിവിട്ട ആനുകൂല്യം നല്കി. അതിനുള്ള കൈക്കൂലിയാണെന്നാണ് പുതിയ ഭാഷ്യം. ഇന്നലെ വരെ സിഎംആര്എല് എന്ന കമ്പനിക്ക് നഷ്ടം ഉണ്ടാക്കിയെന്ന് പറഞ്ഞിരുന്ന ഇ.ഡി. ഇപ്പോള് സിഎംആര്എല് കമ്പനിക്ക് ലഭിച്ച വഴിവിട്ട നേട്ടത്തിന്റെ പ്രതിഫലമെന്നാണ് പറയുന്നത്.
ഒരേ വിഷയത്തില് രണ്ടു വാദമാണ് ഇ.ഡി. ഉയര്ത്തുന്നത്. ഒരേ ഇടപാടിനെക്കുറിച്ച് ഒരേ അന്വേഷണ സംഘം വ്യത്യസ്ത ഘട്ടങ്ങളില് രണ്ട് വാദങ്ങള് ഉയര്ത്തുന്നു. ഈ അടിസ്ഥാന വൈരുധ്യത്തിന് ആദ്യം മറുപടി പറയണം. താന് സിഎംആര്എല്ലിന് വഴിവിട്ട് ഒരു ആനുകൂല്യവും നല്കിയിട്ടില്ല. സിഎംആര്എല് എക്സാലോജിക്കിന് പണം നല്കിയത് സേവനത്തിന്റെ ഭാഗമായിട്ടാണ്. 25 പേജുള്ള റിപ്പോര്ട്ടാണ് ഇ.ഡി. കൈമാറിയിരിക്കുന്നത്. ഇ.ഡി.യുടെ കത്തിലെ ചില പേജുകള് പറഞ്ഞിരിക്കുന്ന പ്രധാന കാര്യം ഇ.ഡി. ഉയര്ത്തുന്ന ആരോപണത്തിന്റെ സ്വഭാവത്തില് വ്യത്യാസമുണ്ടെന്ന് കാണിക്കുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ഇ.ഡി. കത്ത് നല്കി. ഈ കത്ത് 24 മണിക്കൂറിനുള്ളില് മാധ്യമങ്ങള് പ്രസിദ്ധീകരിച്ചു. അത് പുറത്തുവിട്ടത് ഇ.ഡി. തന്നെയാണ്.
മുഖ്യമന്ത്രിയായിരുന്ന കാലത്ത് സിഎംആര്എല്ലിന് വഴിവിട്ട ഒരു ആനുകൂല്യവും നല്കിയിട്ടില്ല. അത് യാതൊരു സംശയവും ഇല്ലാത്ത കാര്യമാണ്. അങ്ങനെ നല്കിയെന്ന് പറയുന്ന രേഖ എവിടെയും ഹാജരാക്കപ്പെട്ടിട്ടില്ല. ഇതേ ആരോപണത്തില് 2024ല് വിജിലന്സ് കോടതിയില് കേസെടുത്തിട്ടുണ്ട്. മാത്യൂ കുഴല്നാടന്റെ പരാതിയിലായിരുന്നു കേസ്. തോട്ടപ്പള്ളി സ്പില്വേയില് അടിഞ്ഞുകൂടിയ മണല് കെഎംഎംഎല് വഴി സിഎംആര്എല്ലിന് നല്കിയെന്നായിരുന്നു ഒരു ആരോപണം.
മണല് നീക്കാനുള്ള ചുമതല പൊതുമേഖല സ്ഥാപനം എന്ന നിലയിലാണ് കെഎംഎല്ലിന് നല്കിയത്. നിയമാനുസൃതമായി ഖനനം ചെയ്യാന് അനുമതിയുള്ള സ്ഥാപനമാണ് കെഎംഎംഎല്. പിന്നീട് ഹൈക്കോടതി ആരോപണത്തെ തള്ളി. കെആര്ഇഎംഎല് എന്ന സ്ഥാപനത്തിന് ഭൂപരിധി ഇളവ് നല്കാന് സര്ക്കാര് ഇടപെട്ടുവെന്നായിരുന്നു രണ്ടാമത്തെ ആരോപണം. സര്ക്കാര് തലത്തില് ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തില് പരിശോധിച്ചെങ്കിലും അപേക്ഷ നിരസിച്ചു. അതെങ്ങനെ പ്രത്യേക ആനുകൂല്യമാവും.
യാതൊരു സേവനവും നല്കാതെയാണ് എക്സാലോജിക് സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റിയെന്നാണ് മറ്റൊരു ആരോപണം. സേവനത്തിനുള്ള പ്രതിഫലമാണ് നല്കിയതെന്ന് നിയമനടപടികള്ക്കിടെ വ്യക്തമാക്കിയതാണ്. മൂന്ന് ആരോപണങ്ങളും വിജിലന്സ് കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും പരിശോധിച്ച് തള്ളിയതാണ്', എന്നും പിണറായി വിജയന് പറഞ്ഞു.
പഴയ ആരോപണങ്ങളുടെ പുതിയ തിരക്കഥയാണ് ഇ.ഡി.യുടെ ഇപ്പോഴത്തെ റെയ്ഡ്. കോടതി പരിശോധിച്ച് നല്കിയ ആരോപണം വീണ്ടും ഉയര്ത്തുന്നത് നീതിക്കായുള്ള അന്വേഷണമല്ല. രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന് ബിജെപി ദുരുപയോഗം ചെയ്യുന്ന ഏജന്സിയാണ് ഇ.ഡി.യെന്നാണ് കോണ്ഗ്രസ് ദേശീയതലത്തില് പറയുന്നത്. കേരളത്തില് അതേ രാഷ്ട്രീയ ആയുധം ഇ.ഡി. ഉപയോഗിക്കുമ്പോള് കോണ്ഗ്രസ് എന്തു നിലപാടാണ് സ്വീകരിക്കുന്നതെന്നും ചോദിച്ചു. കേന്ദ്രത്തില് ഒരു നിലപാട്, കേരളത്തില് മറ്റൊരു നിലപാട്. ഇത് തന്നെ വ്യക്തിപരമായി തകര്ക്കാനുള്ള നടപടിയായിട്ടല്ല തന്റെ പ്രസ്ഥാനത്തെ തകര്ക്കാനുള്ള ശ്രമമായിട്ടാണ് കാണുന്നതെന്നും പറഞ്ഞു.







Comments