
ന്യൂഡൽഹി: ഇന്ത്യ–അഫ്ഗാനിസ്ഥാൻ മൂന്ന് മത്സര പരമ്പരയ്ക്ക് ഞായറാഴ്ച തുടക്കമാകാനിരിക്കെ, മലയാളി താരം സഞ്ജു സാംസണെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ എന്നിവരിൽ ആരെ കളിപ്പിക്കണമെന്നതാണ് ടീം മാനേജ്മെന്റിന് മുന്നിലുള്ള പ്രധാന തീരുമാനം.
ഇന്ന് നിർബന്ധിത പരിശീലനം ഉണ്ടായിരുന്നില്ല. താൽപര്യമുള്ള താരങ്ങൾക്ക് മാത്രം പരിശീലനത്തിന് എത്താമെന്നായിരുന്നു നിർദേശം. ഇതോടെ വൈഭവ് സൂര്യവംശി, അഭിഷേക് ശർമ, തിലക് വർമ എന്നിവർ മാത്രമാണ് പരിശീലനത്തിനെത്തിയത്. മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ, ബൗളിങ് കോച്ച് മോണി മോർക്കൽ, ബാറ്റിങ് കോച്ച് സീതാംശു കൊട്ടക് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശീലനം.
നെറ്റ്സിൽ ആദ്യം ബാറ്റ് ചെയ്തത് വൈഭവായിരുന്നു. ബാറ്റിങ് കോച്ചുമായി ഏറെ നേരം സംസാരിച്ച താരം പിന്നീട് ക്യാച്ചിങ്, ഫീൽഡിങ് പരിശീലനത്തിലും പങ്കെടുത്തു. പിന്നാലെ മഴയെത്തിയതോടെ പരിശീലനം അവസാനിപ്പിച്ചു.
വൈഭവ് പരിശീലനത്തിന് ഇറങ്ങിയ സാഹചര്യത്തിൽ ആദ്യ മത്സരത്തിൽ താരത്തിന് അവസരം ലഭിക്കാനുള്ള സാധ്യതയേറെയാണ്. എന്നാൽ അഭിഷേക് ശർമയ്ക്കൊപ്പം വൈഭവിന്റെ ആക്രമണാത്മക ബാറ്റിങ് കോമ്പിനേഷൻ വേണമോ, അതോ സഞ്ജു സാംസണെ തിരഞ്ഞെടുക്കണമോ എന്നതാണ് മാനേജ്മെന്റിന്റെ പ്രധാന ആശയക്കുഴപ്പം.
മൂന്ന് പേരെയും ടീമിൽ ഉൾപ്പെടുത്താൻ കഴിയുന്നത് വലിയ ഭാഗ്യമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ പറഞ്ഞു. തങ്ങളുടെ മേഖലകളിൽ മികച്ചുനിൽക്കുന്ന താരങ്ങളാണ് മൂവരും. ആരെ കളിപ്പിച്ചാലും അത് ടീമിന്റെ മികവിനായുള്ള തീരുമാനമായിരിക്കുമെന്നും പുറത്തിരിക്കുന്ന താരങ്ങൾക്ക് ആത്മവിശ്വാസം നൽകേണ്ടത് പരിശീലകന്റെയും ക്യാപ്റ്റന്റെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.







Comments