
ഓള്ഡ് ട്രാഫോര്ഡ്: മാഞ്ചസ്റ്റർ ഡർബിയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ മുന്നേറ്റ താരം ഏർലിംഗ് ഹാളണ്ടിന് ചരിത്രനേട്ടം. പ്രീമിയർ ലീഗിലെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നായ സിറ്റി-യുണൈറ്റഡ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ഖ്യാതി ഇനി ഹാളണ്ടിന് സ്വന്തം. എട്ട് ഡർബി മത്സരങ്ങളിൽ നിന്ന് താരം എട്ട് തവണയാണ് എതിരാളികളുടെ വലകുലുക്കിയത്.
മത്സരത്തിന്റെ 60-ാം മിനിറ്റിൽ നേടിയ ഗോളോടെയാണ് ഹാളണ്ട് ഈ അപൂർവ്വ റെക്കോർഡ് കുറിച്ചത്. മുൻ സിറ്റി താരം സെർജിയോ അഗ്യൂറോ, യുണൈറ്റഡ് ഇതിഹാസം വെയ്ൻ റൂണി എന്നിവരുടെ ഏഴ് ഗോളുകളെന്ന റെക്കോർഡാണ് താരം മറികടന്നത്. ഈ നേട്ടത്തിലെത്താൻ അഗ്യൂറോയ്ക്ക് 13-ഉം റൂണിക്ക് 21-ഉം മത്സരങ്ങൾ വേണ്ടിവന്നപ്പോൾ, വെറും എട്ട് മത്സരങ്ങളിൽ നിന്നാണ് ഹാളണ്ട് ഇവരെ പിന്നിലാക്കിയത്.
2022-ൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ ഹാളണ്ട് തന്റെ ആദ്യ ഡർബിയിൽ തന്നെ ഹാട്രിക് നേടി വരവറിയിച്ചിരുന്നു. 6-3 ന് സിറ്റി വിജയിച്ച ആ മത്സരത്തിന് ശേഷം നടന്ന പ്രീമിയർ ലീഗ് ഡർബികളിലെല്ലാം താരം ഗോൾ വേട്ട തുടർന്നു. 2025 സെപ്റ്റംബർ 14-ന് സിറ്റി 3-0 ന് യുണൈറ്റഡിനെ തകർത്ത മത്സരത്തിൽ നേടിയ ഇരട്ട ഗോളുകളും ഹാളണ്ടിന്റെ ഈ മികച്ച റെക്കോർഡിന് തിളക്കമേകി.







Comments