
ലണ്ടൻ: ഭാര്യയറിയാതെ 20 വർഷത്തിലേറെയായി അവരെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തതായി ഒരു യു കെ പൗരൻ കുറ്റസമ്മതം നടത്തി. 2004 നും 2025 നും ഇടയിൽ ബലാത്സംഗം ഉൾപ്പെടെയുള്ള 60 കുറ്റകൃത്യങ്ങൾ ഭാര്യക്കെതിരെ ചെയ്തതായാണ് കോടതിയിൽ അതിജീവിതയുടെ ഭർത്താവ് കുറ്റസമ്മതം നടത്തിയത്.
മാഞ്ചസ്റ്റർ മിൻഷുൾ സ്ട്രീറ്റ് ക്രൗൺ കോടതിയിൽ കുറ്റസമ്മതം നടത്തിയ സമയത്ത് കുടുംബാംഗങ്ങളുടെ പിന്തുണയോടെ പബ്ലിക് ഗാലറിയിൽ നിന്ന് അതിജീവിത നടപടികൾ വീക്ഷിക്കുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ . ഗ്രേറ്റർ മാഞ്ചസ്റ്ററിലെ സ്റ്റോക്ക്പോർട്ട് മേഖലയിൽ താമസിക്കുന്ന അറുപതുകളിൽ എത്തിനിൽക്കുന്ന ബ്രിട്ടീഷ്കാരൻ, ഒന്നിലധികം ബലാത്സംഗ കേസുകൾ, പെനിട്രേഷൻ വഴിയുള്ള അക്രമം, ദുരുദ്ദേശ്യത്തോടെ മയക്കുമരുന്ന് നൽകൽ തുടങ്ങിയ നിരവധി കുറ്റങ്ങൾ വികാരഭരിതനായി ഏറ്റുപറഞ്ഞു.
വിചാരണയുടെ അവസാനത്തിൽ പ്രതിക്ക് ശിക്ഷ വിധിക്കും. ലൈംഗിക സംതൃപ്തിക്കായി ഭാര്യയുടെ സമ്മതമില്ലാതെ അവരുടെ സ്വകാര്യ ഫോട്ടോകളോ വീഡിയോകളോ പങ്കുവെച്ചതായി ഇയാൾ ഇതിനകം സമ്മതിച്ചിരുന്നു. എന്നാൽ, 28 നും 74 നും ഇടയിൽ പ്രായമുള്ള പന്ത്രണ്ട് സഹ-പ്രതികൾ ഇതേ സ്ത്രീയുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും നിഷേധിച്ചു. എങ്കിലും, പതിമൂന്നാമതൊരാൾ ഇവർക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ സമ്മതിച്ചിരുന്നു. കേസ് തുടരുകയാണ്.







Comments