
ഓള്ഡ്ട്രാഫോര്ഡ്: ഇംഗ്ളീഷ് ഫുട്ബോളിലെ വമ്പന്മാരായ മാഞ്ചസ്റ്റര് യുണൈറ്റഡിന് ഞെട്ടിക്കുന്ന തോല്വി. ഓള്ഡ് ട്രാഫോര്ഡില് സ്വന്തം കാണികള്ക്ക് മുമ്പില് നാണംകെട്ട ടീം കാരബാവോ കപ്പില് പുറത്താകുകയും ചെയ്തു. രണ്ട് ഗോളുകള്ക്ക് പിന്നില് നിന്ന ശേഷം മൂന്നുഗോള് തിരിച്ചടിച്ച ബ്രൈറ്റണ് പ്രീ-ക്വാര്ട്ടറില് പ്രവേശിച്ചു.
ഓള്ഡ് ട്രാഫോര്ഡില് രണ്ട് ഗോളുകള്ക്ക് മുന്നിട്ടുനിന്ന ശേഷം യുണൈറ്റഡ് ഒരു മത്സരത്തില് തോല്ക്കുന്നത് അരനൂറ്റാണ്ടിനിടെ ആദ്യമായാണ്. മത്സരശേഷം ബ്രൈറ്റണിന്റെ ആരാധകര് ഗാലറിയുടെ ഒരു കോണില് ആഹ്ലാദപ്രകടനം നടത്തിയപ്പോള്, സ്വന്തം ടീമിനെ കൂവലുകളോടെയാണ് യുണൈറ്റഡ് ആരാധകര് യാത്രയാക്കിയത്.
10 പേരുമായി കളിച്ച മാഞ്ചസ്റ്റര് സിറ്റിയോട് മാഞ്ചസ്റ്റര് ഡെര്ബിയില് തോറ്റതിന്റെ ആഘാതത്തില് നില്ക്കുമ്പോഴാണ് 15 വയസ്സുള്ള അക്കാദമി താരം ജെജെ ഗബ്രിയേല് ക്ലബ് വിടാനുള്ള തന്റെ തീരുമാനം യുണൈറ്റഡിനെ അറിയിക്കുന്നത്. അതിനു പിന്നാലെയെത്തിയ ഈ തോല്വി യുണൈറ്റഡിനും കാറിക്കിനും വന് തിരിച്ചടിയായി.
യുവതാരമായ ഷിയാ ലേസി ആദ്യമായി സീനിയര് ടീമിന്റെ ആദ്യ ഇലവനില് ഇറങ്ങി എട്ടാം മിനിറ്റില് തന്നെ മനോഹരമായ ഒരു ഗോള് നേടിയപ്പോള് യുണൈറ്റഡിന് കാര്യങ്ങള് അനുകൂലമാണെന്ന് തോന്നിപ്പിച്ചു. രണ്ട് മിനിറ്റിനുശേഷം മാര്ക്കസ് റാഷ്ഫോര്ഡിന്റെ ഷോട്ട് തടയപ്പെട്ടപ്പോള് ലഭിച്ച റീബൗണ്ട് ഗോളാക്കി മാറ്റി മേസണ് മൗണ്ട് യുണൈറ്റഡിന്റെ മുന്തൂക്കം ഇരട്ടിയാക്കി.
ഹാഫ് ടൈമിന് തൊട്ടുമുമ്പ് ചരലാമ്പോസ് കോസ്റ്റൗലാസ് ബ്രൈറ്റണിനായി ഒരു ഗോള് തിരിച്ചടിച്ചതോടെ കളിമാറി. തുടര്ന്ന് യുണൈറ്റഡിനായി അരങ്ങേറ്റം കുറിച്ച വെയില്സ് ഗോള്കീപ്പര് കാള് ഡാര്ലോയെ കാഴ്ചക്കാരനാക്കി ബ്രൈറ്റണ് ക്യാപ്റ്റന് പാസ്കല് ഗ്രോസ് സമനില ഗോള് കൂടി നേടിയപ്പോള് മാഞ്ചസ്റ്റര് വിറളിപിടിച്ചു.
നാല് മിനിറ്റിനുശേഷം കോസ്റ്റൗലാസിന്റെ കട്ട്-ബാക്ക് പാസില് നിന്ന് പകരക്കാരനായി ഇറങ്ങിയ മാക്സിം ഡി ക്യൂപ്പര് ബ്രൈറ്റണിന്റെ വിജയഗോളും നേടി. ആഭ്യന്തര കപ്പ് ടൂര്ണമെന്റുകളില് മാഞ്ചസ്റ്റര് യുണൈറ്റഡ് വഴങ്ങുന്ന തുടര്ച്ചയായ മൂന്നാമത്തെ തോല്വിയാണിത്.







Comments