
വാഷിങ്ടണ്: ഇറാന്റെ കാര്യത്തില് അമേരിക്ക നിര്ണ്ണായക തീരുമാനത്തിലേക്ക് അടുക്കുകയാണെന്ന് ഡൊണാള്ഡ് ട്രംപ്. ന്യൂയോര്ക്കില് ആറ് ഗള്ഫ് രാജ്യങ്ങളുടെ നേതാക്കളുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്താനിരിക്കെ ആക്സിയോസിനോടാണ് ട്രംപിന്റെ പ്രതികരണം. ഇറാനെ പൂര്ണ്ണമായും തകര്ക്കണോ വേണ്ടയോ എന്ന കാര്യം ആലോചിക്കുന്നതായാണ് പ്രതികരണം.
ഇറാനെതിരായ പൂര്ണതോതിലുള്ള സൈനിക നടപടിക്കായി തയ്യാറായിരിക്കാനായി ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും യുഎസ് സൈന്യത്തിന് നിര്ദേശം നല്കിയതായും യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോര്ട്ട് ചെയ്യുന്നുണ്ട്. വര്ഷാവസാനം വരെ മിഡില് ഈസ്റ്റില് നിലവിലുള്ള സൈനിക സാന്നിധ്യം തുടരാനും നിര്ദ്ദേശമുണ്ടെന്നാണ് റിപ്പോര്ട്ട്.
യുഎന് ജനറല് അസംബ്ലിക്കിടെ ഗള്ഫ് മേഖലയിലെ സഖ്യരാജ്യങ്ങളുമായി നേരിട്ട് സംസാരിച്ച് യുദ്ധത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ച് അവരുടെ നിലപാട് മനസിലാക്കാനാണ് താന് ആഗ്രഹിക്കുന്നതെന്നാണ് ട്രംപ് നല്കിയ മറുപടിയെന്നാണ് ആക്സിയോസ് റിപ്പോര്ട്ട് ചെയ്യുന്നത്. അതേസമയം ഗള്ഫ് രാജ്യങ്ങളുമായുള്ള കൂടിക്കാഴ്ച നിര്ണ്ണായകമാകും.
ഇതിനിടെ ഹോര്മൂസ് കടലിടുക്കിലൂടെ നിയമവിരുദ്ധമായി കടക്കാന് ശ്രമിച്ച ടോഗോ പതാകയുള്ള എണ്ണക്കപ്പലിന് നേരെ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്ഡ് കോര്പ്സ് അറിയിച്ചു. ആക്രമണത്തെ തുടര്ന്ന് കപ്പലിന് തീപിടിക്കുകയും അതിന്റെ സഞ്ചാരം തടയുകയും ചെയ്തതായാണ് ഐആര്ജിസി നാവികസേന വ്യക്തമാക്കിയത്.
അമേരിക്കന് സൈന്യത്തിന്റെ പ്രേരണയിലും തെറ്റിദ്ധരിപ്പിക്കലിലും കപ്പല് കടലിടുക്ക് കടക്കാന് ശ്രമിച്ചതായാണ് ഐആര്ജിസിയുടെ ആരോപണം. തന്ത്രപ്രധാനമായ ഹോര്മൂസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈകളിലാണെന്നും ആക്രമണകാരികളായ ആരെയും കടന്നുപോകാന് അനുവദിക്കില്ലെന്നും ഐആര്ജിസി വ്യക്തമാക്കി.







Comments