
സെര്‍ച്ച് എഞ്ചിന് ഭീമന്മാരായ ഗൂഗിളും ഗൂഗിള്‍ പ്ലസും വഴി പിരിയുന്നു. ഫെയ്സ്ബുക്കിന് വെല്ലുവിളിയാകുമെന്ന പ്രതീക്ഷയില്‍ ഗൂഗിള്‍ അവതരിപ്പിച്ച ഗൂഗിള്‍ പ്ലസ് ഉപയോക്തൃ സൗഹൃദ പ്രോഡക്റ്റുകളായി വിഭജിക്കാനാണ് ഗൂഗിളിന്റെ തീരുമാനം. നിലവില്‍ ഗൂഗിളിന്റെ മറ്റ് പ്രോഡക്റ്റുകള്‍ ഉപയോഗിക്കുന്നതിന് ഗൂഗിള്‍ പ്ലസ് അക്കൗണ്ട് അനിവാര്യമാണ്. എന്നാല്‍ ഇനി ഗൂഗിള്‍ പ്രോഡക്റ്റുകള്‍ ഉപയോഗിക്കുന്നതിന് ഗൂഗിള്‍ പ്ലസ് അക്കൗണ്ട് വേണ്ടിവരില്ല.
ഗൂഗിള്‍ പ്രോഡക്റ്റുകള്‍ ഉപയോഗിക്കുന്നതിന് ഗൂഗിള്‍ പ്ലസ് അക്കൗണ്ട് നിര്‍ബന്ധിതമാക്കിയിരുന്നത് ഒഴിവാക്കുന്നതോടെ യൂട്യൂബ് അടക്കമുള്ള സേവനങ്ങള്‍ക്ക് ഇനി ഒറ്റ അക്കൗണ്ട് മതിയാകും. ഉപയോക്താക്കളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് എല്ലാ സേവനങ്ങളിലേക്കും ഒരു അക്കൗണ്ട് നടപ്പിലാക്കുന്നതെന്ന് ഗൂഗിള്‍ ഫോട്ടോസ് വൈസ്പ്രസിഡന്റ് ബ്രാഡ്ലി ഹോറോവിറ്റ്സ് അറിയിച്ചു.
ഗൂഗിള്‍ പ്ലസ് ഒഴിവാക്കുന്നതോടെ ഗൂഗിള്‍ പ്ലസ് കളക്ഷന്‍സ് എന്ന പേരില്‍ ഒരു സര്‍വീസ് അവതരിപ്പിക്കും. ഇതില്‍ പഴയ പോസ്റ്റുകള്‍ വായിക്കാനും ഷെയര്‍ ചെയ്യാനും സാധിക്കും. സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റ് എന്ന നിലയില്‍ ഫെയ്സ്ബുക്കിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാത്ത സാഹചര്യത്തില്‍ കൂടിയാണ് ഗൂഗിള്‍ പ്ലസിന്റെ പിന്‍വാങ്ങല്‍.






