
മ്യൂണിക്: എഫ്സി യൂണിയൻ ബെർലിനെതിരെ ഹാട്രിക് നേടിയ ഫ്രഞ്ച് താരം മൈക്കൽ ഒലിസെയെ പ്രശംസിച്ച് ബയേൺ മ്യൂണിക്കിന്റെ സൂപ്പർ സ്ട്രൈക്കർ ഹാരി കെയ്ന്. യൂണിയൻ ബെർലിനെതിരെ മറുപടിയില്ലാത്ത ഏഴ് ഗോളുകൾക്ക് ബയേൺ വിജയിച്ച മത്സരത്തിന് ശേഷമാണ് കെയ്ന് ഒലിസെയെ പുകഴ്ത്തിയത്.
ഒലിസെയുടെ ആദ്യ ഹാട്രിക് മത്സരത്തിലെ മികച്ച നിമിഷങ്ങളിലൊന്നായിരുന്നുവെന്ന് കെയ്ന് പറഞ്ഞു. പുറത്ത് കാണുന്നതിൽ നിന്ന് വ്യത്യസ്തനാണ് ഒലിസെയെന്നും ഡ്രസ്സിംഗ് റൂമിലെ ഇടപെടലുകളിലാണ് ഇക്കാര്യം കൂടുതൽ മനസിലാകുന്നതെന്നും താരം വ്യക്തമാക്കി.
സീസണിൽ ഒലിസെ മികച്ച തുടക്കമാണ് നടത്തിയതെന്നും കഴിഞ്ഞ സീസണിലും താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നുവെന്നും കെയ്ന് പറഞ്ഞു. ലോകകപ്പിലും ഒലിസെ മികച്ച പ്രകടനം നടത്തിയെന്നും ആ ഫോം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒലിസെയുടെ പ്രായവും ആത്മവിശ്വാസവും കണക്കിലെടുക്കുമ്പോൾ ഇനിയും മെച്ചപ്പെടാൻ കഴിയുമെന്ന് കെയ്ന് പറഞ്ഞു. ടീമംഗങ്ങളുടെയും പരിശീലകരുടെയും പിന്തുണ ഒലിസെയുടെ വളർച്ചയ്ക്ക് സഹായകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സീസണിലെ ആദ്യ ഹാട്രിക്കിന് ശേഷം ഒലിസെ സന്തോഷത്തോടെ ചിരിക്കുന്നത് കാണുന്നതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും കെയ്ന് പറഞ്ഞു. ഒലിസെയ്ക്കൊപ്പം കളിക്കുന്നത് ആസ്വദിക്കുന്നതായും ഇരുവരും കളിക്കളത്തിൽ മികച്ച ഒത്തിണക്കം പുലർത്തുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
2024 ജൂലൈയിലാണ് ക്രിസ്റ്റൽ പാലസിൽ നിന്ന് അഞ്ച് വർഷത്തെ കരാറിൽ ഒലിസെ ബയേൺ മ്യൂണിക്കിലെത്തിയത്. 2023 ഓഗസ്റ്റിൽ ടോട്ടൻഹാം ഹോട്സ്പറിൽ നിന്നാണ് ഹാരി കെയ്ന് ബയേണിലെത്തിയത്.







Comments