
കുളിക്കുമ്പോള് കൂടുതല് മുടിയിഴകള് കൊഴിയുന്നത് അല്ലെങ്കില് പെട്ടെന്നുണ്ടാകുന്ന മുഖക്കുരു പോലെയുള്ള സൂക്ഷ്മമായ മാറ്റങ്ങള് നിങ്ങള് ശ്രദ്ധിച്ചേക്കാം. ഇവ സാധാരണയായതിനാലും ഒന്നിലധികം കാരണങ്ങള് കൊണ്ടുണ്ടാകാം എന്നതിനാലും പെട്ടെന്ന് ഭയം തോന്നിയേക്കില്ല. എന്നാല് ഈ ലക്ഷണങ്ങളില് ചിലത് തുടര്ച്ചയായോ ഒരുമിച്ചോ കാണപ്പെടുന്നുവെങ്കില്, അത് ഹോര്മോണ് സംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങളുടെ സൂചനയായിരിക്കാം. മുമ്പ് പോളിസിസ്റ്റിക് ഒവറിയന് സിന്ഡ്രോം (PCOS) എന്ന് അറിയപ്പെട്ടിരുന്ന അവസ്ഥയ്ക്ക് നിര്ദ്ദേശിക്കപ്പെട്ടിട്ടുള്ള പുതിയ പേരാണ് പോളിഎന്ഡോക്രൈന് മെറ്റബോളിക് ഒവറിയന് സിന്ഡ്രോം (PMOS).
തലയിണയില് സാധാരണയേക്കാള് കൂടുതല് മുടിയിഴകള് കാണപ്പെടുക, ഒരു പ്രധാനപ്പെട്ട ദിവസത്തിന് തൊട്ടുമുമ്പ് ഉണ്ടാകുന്ന മുഖക്കുരു, അല്ലെങ്കില് ജീന്സ് പെട്ടെന്ന് ഇറുകിയതായി തോന്നുക എന്നിവയൊന്നും വലിയ കാര്യമായി തോന്നിയേക്കില്ല. സമ്മര്ദ്ദം, തിരക്കുപിടിച്ച ജീവിതശൈലി അല്ലെങ്കില് പ്രായമാകുന്നതിന്റെ ഭാഗം എന്നിവയെയാണ് നാം ഇതിന് കാരണമായി പറയാറുള്ളത്. എന്നാല് ചര്മ്മം, മുടി, ശരീരഭാരം, ആര്ത്തവം എന്നിവയിലെല്ലാം ഒരേ സമയം മാറ്റങ്ങള് അനുഭവപ്പെടുന്നുണ്ടെങ്കില്, ദൈനംദിന ജീവിതചര്യകള്ക്കപ്പുറത്തേക്ക് കാര്യങ്ങള് ശ്രദ്ധിക്കേണ്ടതുണ്ട്,' മാറ്റങ്ങള് എത്രത്തോളം ഇടയ്ക്കിടെ സംഭവിക്കുന്നുവെന്ന് നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പോളിഎന്ഡോക്രൈന് മെറ്റബോളിക് ഒവറിയന് സിന്ഡ്രോം (PMOS) പോലെയുള്ള ഹോര്മോണ് അസന്തുലിതാവസ്ഥയുടെ ലക്ഷണങ്ങളാകാം ഇവ.
PMOS-ന്റെ പ്രധാന ലക്ഷണങ്ങള്
1. ആര്ത്തവം കൃത്യമല്ലാതാവുക - സ്വാഭാവികമായ ആര്ത്തവചക്രം കൂടുതല് നീണ്ടുപോകുക, വര്ഷത്തില് എട്ടില് കുറവ് തവണ മാത്രം ആര്ത്തവമുണ്ടാകുക, അല്ലെങ്കില് 90 ദിവസത്തില് കൂടുതല് ആര്ത്തവമില്ലാതെ തുടരുക എന്നിവ സാധാരണ കാര്യമായി കണ്ട് തള്ളിക്കളയരുത്. അക്രമമായ ആര്ത്തവം അണ്ഡോത്പാദനം (ovulation) കൃത്യമായി നടക്കുന്നില്ല എന്നതിന്റെ സൂചനയാകാം.
2. മുഖക്കുരു ഒരു താല്ക്കാലിക പ്രശ്നമല്ലാതായി മാറുന്നത് - മറ്റ് ലക്ഷണങ്ങള്ക്കൊപ്പം തുടര്ച്ചയായി കാണപ്പെടുന്നതോ കൂടുതല് മോശമാകുന്നതോ ആയ മുഖക്കുരു PMOS-ല് കാണുന്ന ഉയര്ന്ന ആന്ഡ്രോജന് (androgen) ഹോര്മോണ് അളവുമായി ബന്ധപ്പെട്ടിരിക്കാം. എന്നാല് മുഖക്കുരു മാത്രം ഉള്ളതുകൊണ്ട് ഒരാള്ക്ക് PMOS ഉണ്ടെന്ന് പറയാന് സാധിക്കില്ല.
3. മുടി കനം കുറഞ്ഞു വരുന്നത് (Hair Thinning) - തുടര്ച്ചയായി മുടി കൊഴിയുന്നത്, പ്രത്യേകിച്ച് തലയുടെ മധ്യഭാഗത്തെ (crown) മുടി കനം കുറയുന്നതും പാപ്പില് (parting) വീതികൂടുന്നതും ഹോര്മോണ് മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കാം. ക്രമമല്ലാത്ത ആര്ത്തവം, മുഖക്കുരു, അല്ലെങ്കില് മുഖത്ത് കൂടുതല് രോമവളര്ച്ച എന്നിവയോടൊപ്പം ഇത് കാണപ്പെടുമ്പോള് കൂടുതല് ശ്രദ്ധിക്കണം.
4. വ്യക്തമായ കാരണങ്ങളില്ലാതെ ശരീരഭാരം കൂടുന്നത് - ശരീരഭാരം കൂടുന്നതിന് പല കാരണങ്ങളുണ്ടാകാം, അതുകൊണ്ടുതന്നെ ഭാരം കൂടുന്നത് മാത്രം PMOS-ന്റെ ലക്ഷണമാകണമെന്നില്ല. എന്നാല് വ്യക്തമായ കാരണങ്ങളില്ലാതെ ഉണ്ടാകുന്ന ഭാര വ്യതിയാനങ്ങള് അക്രമമായ ആര്ത്തവത്തോടൊപ്പമോ മറ്റ് ഹോര്മോണ് ലക്ഷണങ്ങളോടൊപ്പമോ കാണപ്പെടുകയാണെങ്കില് ഒരു ഡോക്ടറെ കാണുന്നത് നല്ലതായിരിക്കും.
5. മുഖത്തോ ശരീരത്തിലോ കൂടുതല് രോമവളര്ച്ച - താടി, മേല്ച്ചുണ്ട്, നെഞ്ച്, വയറ് എന്നിവിടങ്ങളില് കട്ടിയുള്ള പുതിയ രോമങ്ങള് വളരുന്നത് ഉയര്ന്ന അളവിലുള്ള ആന്ഡ്രോജന് ഹോര്മോണുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ആര്ത്തവത്തിലെ മാറ്റങ്ങളോടൊപ്പം കാണപ്പെടുകയാണെങ്കില് കൂടുതല് പരിശോധനകള് ആവശ്യമാണ്.
എപ്പോഴാണ് പരിശോധന നടത്തേണ്ടത്?
ലക്ഷണങ്ങള് കഠിനമോ താങ്ങാന് പറ്റാത്തതോ ആകുന്നതുവരെ കാത്തിരിക്കരുത്. നിങ്ങളുടെ ആര്ത്തവചക്രത്തില് തുടര്ച്ചയായി മാറ്റങ്ങള് സംഭവിക്കുന്നുണ്ടെങ്കില്, അല്ലെങ്കില് മുഖക്കുരു, മുടി കൊഴിച്ചില്, മുഖത്തെ രോമവളര്ച്ച, പെട്ടെന്നുള്ള ഭാര വ്യതിയാനങ്ങള് എന്നിവ ഒരുമിച്ച് അനുഭവപ്പെടുന്നുണ്ടെങ്കില് ഉടന് തന്നെ ഒരു ഡോക്ടറെ കാണുക.
PMOS മെറ്റബോളിക് ആരോഗ്യവുമായും (metabolic health) ബന്ധപ്പെട്ടിരിക്കുന്നതിനാല്, ഒറ്റ പരിശോധനയിലൂടെ മാത്രം ഈ അവസ്ഥ സ്ഥിരീകരിക്കാന് സാധിക്കില്ല. നിങ്ങളുടെ ലക്ഷണങ്ങളും മുന്കാല ആരോഗ്യ വിവരങ്ങളും അനുസരിച്ച് ഡോക്ടര് ഹോര്മോണ് പ്രൊഫൈല് (ഉദാഹരണത്തിന്: ടെസ്റ്റോസ്റ്റിറോണ്, AMH മുതലായവ), രക്തത്തിലെ ഗ്ലൂക്കോസ്, ഇന്സുലിന് അല്ലെങ്കില് മറ്റ് മെറ്റബോളിക് പരിശോധനകള്, ആവശ്യമെങ്കില് അള്ട്രാസൗണ്ട് സ്കാനിംഗ് എന്നിവ നിര്ദ്ദേശിച്ചേക്കാം. PMOS പരിശോധിക്കുക എന്നത് മാത്രമല്ല, സമാനമായ ലക്ഷണങ്ങള് ഉണ്ടാക്കുന്ന മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല എന്ന് ഉറപ്പുവരുത്തുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. ഒറ്റപ്പെട്ട ഒരു ലക്ഷണം മാത്രം നോക്കാതെ, ലക്ഷണങ്ങളുടെ മൊത്തത്തിലുള്ള കൂട്ടത്തെയും മാറ്റങ്ങളുടെ രീതിയെയും (overall pattern) വിലയിരുത്തുക എന്നതാണ് അവര് നല്കുന്ന അവസാന ഉപദേശം.







Comments