
സിദ്ധാര്ഥ് മല്ഹോത്രയും തമന്ന ഭാട്ടിയയും പ്രധാനവേഷങ്ങളിലെത്തുന്ന ദ വന് എന്ന ചിത്രത്തിനെതിരെ കോപ്പിയടി ആരോപണവുമായി യുവ സംഗീത സംവിധായകന്. തന്റെ പാട്ട് അനുവാദമില്ലാതെ സിനിമയില് ഉപയോഗിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. ദ വന് ട്രെയിലര് പുറത്ത് വന്നതിന് പിന്നാലെയാണ് സംഗീത സംവിധായകന് ആരോപണവുമായെത്തിയത്.
ഗായകനും സംഗീത സംവിധായകനുമായ സര്ഗം വൈഷ് ആണ് ചിത്രത്തിന്റെ അണിയറ പ്രവര്ത്തകര്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഗാനം ചിത്രത്തിന്റെ ട്രെയിലറില് കണ്ടതിന് പിന്നാലെയാണ് സര്ഗം സോഷ്യല് മീഡിയയിലൂടെ പ്രതികരണവുമായെത്തിയത്. ട്രെയിലറില് നിന്നും സിനിമയില് നിന്നും തന്റെ പാട്ട് നീക്കം ചെയ്യണമെന്നാണ് സര്ഗം ആവശ്യപ്പെടുന്നത്.
ദ വന് ട്രെയിലറില് 25 സെക്കന്റോളം തന്റെ പാട്ട് യാതൊരു മാറ്റം പോലും വരുത്താതെ ഉപയോഗിച്ചിട്ടുണ്ടെന്നാണ് സര്ഗം ചൂണ്ടിക്കാണിക്കുന്നത്. മൂന്ന് വര്ഷമായി താന് ഒരു വലിയ സിനിമയ്ക്ക് വേണ്ടി പ്രവര്ത്തിക്കുകയാണ്. ആ ചിത്രത്തിനായി ഒരുക്കിയ ഗാനമാണ് ദ വന് ട്രെയിലറില് ഉപയോഗിച്ചിരിക്കുന്നത്. എങ്ങനെയാണ് തന്റെ പാട്ട് ചിത്രത്തിലെത്തിയതെന്ന് അറിയില്ലെന്നും സര്ഗം പറയുന്നു.
ട്രെയിലറിലെ പാട്ടും തന്റെ പാട്ടും പ്ലെ ചെയ്ത് തന്റെ ആരോപണത്തിന് ശക്തി പകരുന്നുണ്ട് വിഡിയോയില് സര്ഗം. ട്രെയിലറില് നിന്നും തന്റെ പാട്ട് നീക്കം ചെയ്തില്ലെങ്കില് നിയമനടപടി സ്വീകരിക്കും. താന് ഒരു വലിയ ലേബലുമായി കരാറില് ഒപ്പിട്ടിട്ടുണ്ടെന്നും സര്ഗം പറയുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്ത്തകരോട് തന്നെ നേരിട്ട് ബന്ധപ്പെടാനും സര്ഗം ആവശ്യപ്പെടുന്നുണ്ട്.
ദീപക് കുമാര് മിശ്രയും അരുണഭ് കുമാറും സംവിധാനം ചെയ്യുന്ന ദ വന്: ഫോഴ്സ് ഓഫ് ദ ഫോറസ്റ്റ് ഹൊറര് കോമഡി ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബര് 25നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.







Comments