
കൈയ്യില് തരിപ്പോടെയോ ശേഷിക്കുറവോടെയോ (Numb arm) നിങ്ങള് എപ്പോഴെങ്കിലും ഉറക്കമുണര്ന്നിട്ടുണ്ടോ ?. ഉറക്കത്തില് കൈ അസ്വസ്ഥമായ രീതിയില് അമര്ന്നുപോയതാവാം, കുറച്ചു മിനിറ്റുകള്ക്കുള്ളില് ഇത് മാറിക്കോളും എന്ന് നിങ്ങള് വിചാരിച്ചേക്കാം. അല്ലെങ്കില് ഒരേ രീതിയില് കൈമുട്ട് അമര്ത്തി ഒരേ ഇരുപ്പ് ഇരിക്കുമ്പോഴും ഇത്തരത്തില് തരിപ്പ് അനുഭവപ്പെടാറുണ്ട്. എന്നാല് ചിലപ്പോഴെങ്കിലും ഈ തരിപ്പ് പ്രതീക്ഷിച്ചതിലും കൂടുതല് സമയം നീണ്ടുനിന്നേക്കാം. ഇതിന്റെ കാരണം എന്തായിരിക്കാം, എന്ന് മുതലാണ് ഇത് ഉടന് വൈദ്യസഹായം തേടേണ്ട ഒരു ആരോഗ്യപ്രശ്നമായി മാറുന്നത്?. തുടര്ച്ചയായി അനുഭവപ്പെടുന്ന തരിപ്പ്, വൈദ്യസഹായം ആവശ്യമായ നാഡീസംബന്ധമായ (Nerve problem) പ്രശ്നങ്ങളുടെ സൂചനയാകാം.
എന്തായിരിക്കാം ഇതിന്റെ കാരണം?
കഴുത്തിലെ നാഡികളെ ബാധിക്കുന്ന 'സെര്വിക്കല് റാഡിക്യുലോപ്പതി' (Cervical Radiculopathy) ആയിരിക്കാം ഇതിനൊരു കാരണം എന്ന് ഡോക്ടര്മാര് ചൂണ്ടിക്കാണിക്കുന്നു. കഴുത്തിലെ നാഡീ ഞരമ്പുകള് ഞെരുങ്ങുകയോ പ്രകോപിപ്പിക്കപ്പെടുകയോ ചെയ്യുന്ന അവസ്ഥയാണിത്.
ഇത് എന്തുകൊണ്ട് സംഭവിക്കുന്നു?
'കഴുത്തിലെ ഡിസ്ക് തള്ളിവരുക (Herniated cervical disc), പ്രായമാകുമ്പോള് നട്ടെല്ലിലുണ്ടാകുന്ന മാറ്റങ്ങള്, നാഡികള്ക്ക് ചുറ്റുമുള്ള ഭാഗം ഇടുങ്ങിപ്പോവുക എന്നിവ കാരണം ഇത് സംഭവിക്കാം. കഴുത്തില് നിന്ന് തുടങ്ങി തോള്, കൈ, വിരലുകള് എന്നിവയിലേക്കാണ് ഈ നാഡികള് കടന്നുപോകുന്നത്. അതിനാല് ഇവയില് ഉണ്ടാകുന്ന സമ്മര്ദ്ദം കഴുത്തിന് പുറമെ കൈകളിലും ലക്ഷണങ്ങള് ഉണ്ടാക്കാം. കഴുത്തില് നിന്നുള്ള നാഡി ഞരമ്പുകള് ഞെരുങ്ങുമ്പോള് കൈകളില് കഠിനമായ വേദന, തരിപ്പ്, കോച്ചില് അല്ലെങ്കില് ശേഷിക്കുറവ് എന്നിവ അനുഭവപ്പെടാം.
ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള് ഏതൊക്കെയാണ്?
വ്യക്തികള്ക്കനുസരിച്ച് ലക്ഷണങ്ങളില് മാറ്റമുണ്ടാകാമെങ്കിലും പ്രധാന ലക്ഷണങ്ങള് ഇവയാണ്:
* കഴുത്തില് നിന്ന് തുടങ്ങി തോളിലേക്കും കൈകളിലേക്കും പടരുന്ന വേദന
* കൈകളിലും വിരലുകളിലും സൂചി കുത്തുന്നതുപോലെയുള്ള അനുഭവവും തരിപ്പും
* പുകച്ചിലോ കറന്റ് അടിക്കുന്നത് പോലെയുള്ള അനുഭവമോ
* കൈകളുടെ പിടുത്തത്തിന് ബലക്കുറവ് അനുഭവപ്പെടുക (Reduced grip strength)
* കൈകള് ചലിപ്പിക്കാനോ വസ്തുക്കള് പിടിച്ച് നിര്ത്താനോ പ്രയാസം നേരിടുക
പ്രധാനമായും, സെര്വിക്കല് റാഡിക്യുലോപ്പതി ഉള്ള എല്ലാവര്ക്കും കഠിനമായ കഴുത്തുവേദന ഉണ്ടാകണമെന്നില്ല. ചിലരില് കഴുത്തുവേദനയേക്കാള് കൂടുതല് കൈകളിലെ അസ്വസ്ഥത, തരിപ്പ്, അല്ലെങ്കില് ബലക്കുറവ് എന്നിവ മാത്രമായിരിക്കാം പ്രധാന ലക്ഷണമായി കാണപ്പെടുന്നത്. ഈ പ്രശ്നം കഴുത്തിലെ തകരാറ് മൂലമാണോ, അതോ കൈമുട്ടിലോ മണിബന്ധത്തിലോ (Wrist) നാഡികള് ഞെരുങ്ങുന്നത് കൊണ്ടാണോ എന്ന് കൃത്യമായ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ.
ഫോണിന്റെയും ലാപ്ടോപ്പിന്റെയും ഉപയോഗം ഇതിന് കാരണമാകുമോ?
കൂടുതല് സമയം ഗാഡ്ജറ്റുകള് ഉപയോഗിക്കുന്നത് കൈതരിപ്പിന് കാരണമാകുമോ ? മൊബൈല് ഫോണിലേക്ക് നോക്കി തല കുനിച്ചിരിക്കുന്നതും ലാപ്ടോപ്പില് മണിക്കൂറുകളോളം ജോലി ചെയ്യുന്നതും കഴുത്തിന് അമിത ആയാസമുണ്ടാക്കുമെന്ന് വിദഗ്ദ്ധന് സമ്മതിക്കുന്നു. എന്നാല്, തെറ്റായ ഇരുപ്പുരീതി (Poor posture) കൊണ്ടുമാത്രമാണ് തരിപ്പ് ഉണ്ടാകുന്നത് എന്ന് കരുതരുത്. അതുകൊണ്ടുതന്നെ, നീണ്ടുനില്ക്കുന്ന തരിപ്പിന് കാരണം ഫോണ് ഉപയോഗമോ തെറ്റായ ഇരുപ്പുരീതിയോ മാത്രമാണെന്ന് കരുതി അവഗണിക്കരുത്.
കൈയിലെ തരിപ്പ് എപ്പോഴാണ് ശരിക്കും ഭയക്കേണ്ടത്?
താഴെ പറയുന്ന ലക്ഷണങ്ങള്ക്കൊപ്പമാണ് തരിപ്പ് അനുഭവപ്പെടുന്നതെങ്കില് ഉടന് തന്നെ വൈദ്യസഹായം തേടണം.
* സ്ട്രോക്കിന്റെ (Stroke) ലക്ഷണങ്ങള്: പെട്ടെന്നുണ്ടാകുന്ന തരിപ്പിനൊപ്പം മുഖം കോടിപ്പോവുക, സംസാരിക്കാന് ബുദ്ധിമുട്ട്, ആശയക്കുഴപ്പം, അല്ലെങ്കില് ശരീരത്തിന്റെ ഒരു വശത്ത് തളര്ച്ച എന്നിവ അനുഭവപ്പെട്ടാല്.
* ഹൃദയാഘാതത്തിന്റെ (Heart Attack) ലക്ഷണങ്ങള്: നെഞ്ചില് അമര്ത്തുന്ന പോലെയുള്ള വേദന/സമ്മര്ദ്ദം, ശ്വാസംമുട്ടല്, അമിതമായി വേര്ക്കുക, തലകറക്കം അല്ലെങ്കില് ഛര്ദ്ദിക്കാന് വരിക എന്നിവയ്ക്കൊപ്പം തരിപ്പ് ഉണ്ടായാല്.
എന്നാല് സെര്വിക്കല് റാഡിക്യുലോപ്പതിയാണ് സംശയമെങ്കില്, തരിപ്പ് മാറാതെ നില്ക്കുകയോ, വീണ്ടും വീണ്ടും വരുകയോ, കൈകളുടെ ബലക്കുറവ് വഷളാവുകയോ, സാധനങ്ങള് പിടിക്കാന് ബുദ്ധിമുട്ട് നേരിടുകയോ ചെയ്യുകയാണെങ്കില് ഡോക്ടറെ കാണണം. ഏതെങ്കിലും അപകടങ്ങള്ക്കോ, വീഴ്ചകള്ക്കോ, കഴുത്തിനേറ്റ പരിക്കുകള്ക്കോ ശേഷം ഇത്തരം ലക്ഷണങ്ങള് ഉണ്ടായാലും ഉടന് പരിശോധന ആവശ്യമാണ്.







Comments