
ചിലപ്പോഴൊക്കെ ചില പരാജയങ്ങള് വലിയ വലിയ വിജയങ്ങളേക്കാള് മൂല്യമുള്ളതായി മാറാറുണ്ട്. മനസ്സു നിറഞ്ഞുള്ള ഒരു ചിരിക്ക് വേണ്ടിയോ മറ്റൊരാളുടെ സംതൃപ്തിക്ക് വേണ്ടിയോ ഒരു തവണയൊന്നു തോറ്റു കൊടുത്താല് ആരും ചെറുതായി പോകില്ല, മറിച്ച് വാനോളം ഉയരുകയേ ചെയ്യൂ. ഒരു കൊച്ചുകുട്ടിയുടെ കൂടെ കളിക്കുമ്പോൾ അവർക്ക് കിട്ടുന്ന സന്തോഷത്തിനായി ചിലര് മനഃപൂർവ്വം തോറ്റു കൊടുക്കാറുണ്ട്. പ്രിയപ്പെട്ടവരുടെ സന്തോഷത്തിന് വേണ്ടിയും ചിലപ്പോഴൊക്കെ ഒരു വലിയ കലഹം ഒഴിവാക്കാന് വേണ്ടിയും ചിലര് പരാജയം ഏറ്റുവാങ്ങാറുണ്ട്. അവിടെ പരാജയപ്പെടുമ്പോൾ കിട്ടുന്ന മനഃസംതൃപ്തിയാണ് ഏറ്റവും വലിയ വിജയം.
ഇപ്പോഴിതാ അത്തരത്തില് ഒരു മകളുടെ നിറഞ്ഞ കൈയടിയ്ക്കും സന്തോഷത്തിനും വേണ്ടി ഒരു അച്ഛന്റെ മുന്നില് തോറ്റു കൊടുക്കുന്ന ജർമ്മൻ പഞ്ചഗുസ്തി താരത്തിന്റെ വീഡിയോയാണ് സോഷ്യല് മീഡിയയില് വൈറലാകുന്നത്. പ്രശസ്ത ജർമ്മൻ പഞ്ചഗുസ്തി താരം ലിയോണിഡാസ് അർക്കോണയും ഒരു സാധാരണക്കാരനായ പിതാവും തമ്മില് നടന്ന സൗഹൃദ മത്സരത്തില് നിന്നുള്ളതാണ് ഈ വീഡിയോ. മാറ്റ് മാസ്കിനെപ്പോലുള്ള ലോകോത്തര താരങ്ങളോട് ഏറ്റുമുട്ടി പരിചയമുള്ള അർക്കോണ, സാധാരണക്കാർക്കിടയില് വച്ചാണ് ഈ സൗഹൃദ മത്സരത്തിന് മുതിർന്നത്.
കളിക്കളത്തില് ശക്തമായ പോരാട്ടം നടക്കുമ്പോഴാണ് എതിരാളിയായ വ്യക്തിയുടെ മകള് വലിയ കൗതുകത്തോടെ ഈ മത്സരത്തെ നോക്കുന്നത് അർക്കോണയുടെ ശ്രദ്ധയില്പ്പെട്ടത്. ‘അച്ഛനാണ് തന്റെ ലോകത്തിലെ ഏറ്റവും വലിയ ഹീറോ...’ എന്ന് വിശ്വസിക്കുന്ന ആ മകളുടെ മുന്നില് വച്ച് ആ പിതാവിനെ തോല്പ്പിക്കാൻ അർക്കോണയുടെ മനസ് അനുവദിച്ചില്ല. സ്വന്തം കായികശേഷിയും പ്രശസ്തിയും മാറ്റിവച്ച്, കുട്ടിയുടെ ആഗ്രഹത്തിന് മുൻഗണന നല്കുകയാണ് അർക്കോണ.
തന്റെ പൂർണമായ കരുത്ത് പുറത്തെടുക്കാതെ ചെറുത്തുനിന്ന താരം, ഒടുവില് മനഃപൂർവ്വം ആ പിതാവിന് വിജയം വിട്ടുകൊടുത്തു. തന്റെ അച്ഛൻ ജയിച്ചതുകണ്ട് സന്തോഷം അടക്കാനാവാതെ ആ പെണ്കുട്ടി അച്ഛനെ കെട്ടിപ്പിടിച്ച് കൈയടിക്കുന്നതാണ് പിന്നീട് അവിടെ കൂടി നിന്നവര് കണ്ടത്. നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ സോഷ്യല് മീഡിയയില് വൈറലായത്. അര്ക്കോണയുടെ നല്ല മനസിനെ പുകഴ്ത്തിയാണ് പലരും കമന്റുകള് കുറിക്കുന്നത്. ‘ശാരീരികമായ കരുത്തിനേക്കാള് വലിയതാണ് മറ്റുള്ളവരുടെ സന്തോഷത്തിന് വില നല്കുന്ന സ്നേഹവും വിനയവും, അച്ഛനെ സൂപ്പർമാനായി കാണുന്ന കുട്ടിയുടെ ആ സന്തോഷത്തിന് മുന്നില് ഈ തോല്വിയാണ് അർക്കോണയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ വിജയം...’ എന്നതടക്കമാണ് കമന്റുകള്.







Comments