
ബെംഗളൂരുവിലെ ഒരു കമ്പനിയുടെ നിയമനനയം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ഉത്തർപ്രദേശ്, രാജസ്ഥാൻ, ബിഹാർ, മധ്യപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിൽ നിന്നുള്ള പുരുഷ ഉദ്യോഗാർഥികളെ ഇനി കമ്പനിയിൽ നിയമിക്കില്ലെന്ന് ബെംഗളൂരു ആസ്ഥാനമായ എ1 സ്പോർട്സ് വേൾഡിന്റെ സ്ഥാപകൻ കാർത്തിക് എസ്ജി പ്രഖ്യാപിച്ചതാണ് വിവാദമായത്. ദീർഘമായ ചർച്ചകൾക്കും അഭിപ്രായവ്യത്യാസങ്ങൾക്കും ശേഷമാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം എക്സിലെ പോസ്റ്റിൽ വ്യക്തമാക്കി.
മുൻ ജീവനക്കാരന്റെ പെരുമാറ്റവുമായി ബന്ധപ്പെട്ട പരാതികളാണ് തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. വനിതാ സഹപ്രവർത്തകരോട് ജീവനക്കാരൻ മോശമായി പെരുമാറിയെന്ന പരാതികൾ ആവർത്തിച്ചതിനെ തുടർന്ന് ഇയാളെ ജോലിയിൽ നിന്ന് ഒഴിവാക്കിയതായും ഇതിന് പിന്നാലെയാണ് പുതിയ നിയമനനയം കൊണ്ടുവന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഒരു വ്യക്തിയുടെ പെരുമാറ്റത്തിന്റെ പേരിൽ നാല് സംസ്ഥാനങ്ങളിൽ നിന്നുള്ള മുഴുവൻ പുരുഷ ഉദ്യോഗാർഥികളെയും ഒഴിവാക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്.
വിമർശനങ്ങൾ ശക്തമായതോടെ കാർത്തിക് തന്റെ നിലപാട് വീണ്ടും വ്യക്തമാക്കിയതായും മാധ്യമങ്ങള് റിപ്പോർട്ട് ചെയ്യുന്നു. കമ്പനിയുടെ നിയമനവുമായി ബന്ധപ്പെട്ട തീരുമാനം തങ്ങളുടേതാണെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അതേസമയം, ഉദ്യോഗാർഥികളെ അവരുടെ സംസ്ഥാനത്തിന്റെ പേരിൽ വിലയിരുത്തുന്നതിനെതിരെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചത്. സംഭവത്തിൽ അനുകൂലിച്ചും എതിർത്തും പ്രതികരണങ്ങൾ എത്തിയതോടെ സിഇഒയുടെ നിയമനനയം വീണ്ടും വലിയ ഓൺലൈൻ ചർച്ചയായി മാറിയിരിക്കുകയാണ്.







Comments