
തിരുവനന്തപുരം: കോണ്ഗ്രസ് പാര്ട്ടി ഓഫീസിന് നേരെ കല്ലേറുണ്ടായ സംഭവത്തില് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു കോണ്ഗ്രസിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിലെ പ്രതികള് എന്ന് കരുതുന്നവര പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അഡ്വ. പ്രദീപ്, ശ്രീലാല് എന്നിവരാണ് കല്ലെറിഞ്ഞതെന്നാണ് കണ്ടെത്തല്. ശ്രീലാല് ഓടിച്ച ബൈക്കില് എത്തിയ പ്രദീപാണ് കല്ലേറ് നടത്തിയത്. ഇവര്ക്ക് വേണ്ടിയുള്ള തെരച്ചില് പോലീസ് ആരംഭിച്ചിട്ടുണ്ട്.
പ്രതികളെ സഹായിച്ച ആറാലുംമൂട് സ്വദേശി അഖിലിനെ കസ്റ്റഡിയില് എടുത്തിട്ടുണ്ട്. ഗൂഡാലോചനയില് അഖില് പങ്കാളിയായെന്നാണ് കണ്ടെത്തി. മൂന്ന് പേരും ബിജെപി പ്രവര്ത്തകരാണ്. ബൈക്കില് എത്തിയ അഡ്വ. പ്രദീപാണ് ഡിസിസി ഓഫീസിന് നേരെ കല്ലെറിഞ്ഞത്. സംഭവത്തിന്റെ സിസിടിവിദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്. ഇന്നലെ ബിജെപി ഓഫീസിന് നേരെയും ആക്രമണം ഉണ്ടായി. ഇന്നലെ തലസ്ഥാനത്തെ യുദ്ധക്കളമാക്കി ക്കൊണ്ട് നടന്ന സംഘര്ഷത്തില് യൂത്ത് കോണ്ഗ്രസ്, എസ്എഫ്ഐ പ്രവര്ത്തകര്ക്കെതിരെയും കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം മ്യൂസിയം പൊലീസാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെയുണ്ടായ പരസ്പരമുള്ള ആക്രമണങ്ങള്ക്ക് പിന്നാലെ പാര്ട്ടി ഓഫീസുകള്ക്ക് വലിയ സംരക്ഷണമാണ് നല്കിയിരിക്കുന്നത്. വലിയ പോലീസ് വിന്യാസമാണ് ഓരോ പാര്ട്ടി ഓഫീസിലും നടത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ യൂത്ത് കോണ്ഗ്രസ് സംഘടിപ്പിച്ച നൈറ്റ് മാര്ച്ചിനിടെയാണ് സംഘര്ഷങ്ങള്ക്ക് തുടക്കം. മാര്ച്ചിന് നേരെ കേരള യൂണിവേഴ്സിറ്റി മെന്സ് ഹോസ്റ്റലില് നിന്ന് കല്ലും ബിയര് കുപ്പികളും എറിഞ്ഞെന്ന് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് ആരോപിച്ചു. എന്നാല്, യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് തീപ്പന്തം എറിഞ്ഞെന്ന് എസ്എഫ്ഐയും ആരോപിച്ചു. ഹോസ്റ്റലിലേക്ക് തീപ്പന്തം വീണതോടെ ഹോസ്റ്റലിന് മുന്നില് ഇരു വിഭാഗവും സംഘര്ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു.







Comments