
പറവൂര് താലൂക്ക് ആശുപത്രി മോര്ച്ചറിയില് ഫ്രീസര് തകരാറിലായി മൃതദേഹം അഴുകിയ സംഭവം വിവാദമായതോടെ ഇടപെടലുമായി നഗരസഭ. ആശുപത്രി മോര്ച്ചറിയില് പുതിയ ഫ്രീസര് സ്ഥാപിച്ചു. ഒരാഴ്ചയ്ക്കകം ഇത് പ്രവര്ത്തനസജ്ജമാകുമെന്നും നിലവിലുണ്ടായിരുന്ന മൊബൈല് ഫ്രീസര് നന്നാക്കിയെന്നും നഗരസഭാ ചെയര്മാന് അറിയിച്ചു.
ഒരേ സമയം നാല് മൃതദേഹങ്ങള് സൂക്ഷിക്കാന് കഴിയുന്ന ഫ്രീസറുകളാണ് സ്ഥാപിച്ചത്. രണ്ട് മൃതദേഹങ്ങള് കൂടി സൂക്ഷിക്കാന് കഴിയുന്ന ഫ്രീസര് രണ്ടാഴ്ചയ്ക്കകം സ്ഥാപിക്കും.
പറവൂര് പരവാത്തുരുത്ത് സ്വദേശി വിനേഷിന്റെ മാതാവ് ജെസി പൗളിയുടെ മൃതദേഹമാണ് ഫ്രീസറിലെ തകരാര് മൂലം അഴുകിയത്. കഴിഞ്ഞ സെപ്റ്റംബര് 16-നായിരുന്നു ജെസിയുടെ മരണം. ആരോഗ്യമന്ത്രിക്കും ജില്ലാ മെഡിക്കല് ഓഫീസര്ക്കും വിനേഷ് പരാതി നല്കുകയും ചെയ്തിരുന്നു.
കുഴഞ്ഞുവീണതിനെ തുടര്ന്ന് ജെസിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിക്കുകയും പിന്നാലെ മരണം സംഭവിക്കുകയുമായിരുന്നു. തലേ ദിവസം വീണ് പരിക്കേറ്റതിനാല് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തിരുന്നു.
പോസ്റ്റ്മോര്ട്ടത്തിന് മുന്നോടിയായാണ് ജെസിയുടെ മൃതദേഹം താലൂക്ക് ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റിയത്. അടുത്ത ദിവസം കളമശ്ശേരി മെഡിക്കല് കോളേജിലേക്ക് മാറ്റിയപ്പോഴായിരുന്നു മൃതദേഹം അഴുകി തുടങ്ങിയത് വ്യക്തമായത്. ഫ്രീസറിന്റെ തകരാര് മൂലമാണ് മൂലമാണ് മൃതദേഹം ജീര്ണിച്ചതെന്ന് പിന്നീട് വ്യക്തമാകുകയായിരുന്നു.







Comments