
ഇന്ത്യയിലെ ആരോഗ്യസേവനങ്ങൾ ലഭിക്കുന്ന വേഗതയെക്കുറിച്ചുള്ള ഒരു ഇന്ത്യൻ ഡോക്ടറുടെ വെളിപ്പെടുത്തൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. യൂറോപ്പിൽ നിന്നുള്ള ഡോക്ടർമാരുമായി സംസാരിച്ചപ്പോഴുണ്ടായ അനുഭവമാണ് ഇന്ത്യൻ ഓങ്കോളജിസ്റ്റായ ഡോ. പാലക് ഭട്ട് പങ്കുവെച്ചത്. ഇന്ത്യയിൽ രോഗികൾക്ക് വിദഗ്ധ ഡോക്ടർമാരെ വേഗത്തിൽ സമീപിക്കാനും ആവശ്യമായ പരിശോധനകൾ നടത്താനും കഴിയുന്ന സാഹചര്യം യൂറോപ്യൻ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയെന്നാണ് അദ്ദേഹം പറയുന്നത്.
നാവിൽ അൾസർ ഉണ്ടാകുകയും അത് കാൻസറിന്റെ ലക്ഷണമാകാമെന്ന് സംശയിക്കുകയും ചെയ്യുന്ന ഒരാളുടെ സാഹചര്യം ഉദാഹരണമായി ഡോക്ടർ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ഇത്തരമൊരു രോഗിക്ക് നേരിട്ട് ഓങ്കോളജിസ്റ്റിനെ കാണാനും അതേ ദിവസം തന്നെ എംആർഐ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്താനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ ബയോപ്സിയും വേഗത്തിൽ നടത്താനാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
ബയോപ്സിയുടെ ഫലം ലഭിച്ച ശേഷം തുടർനടപടികളിലേക്ക് വേഗത്തിൽ കടക്കാൻ കഴിയുന്നതാണ് ഇന്ത്യയിലെ സംവിധാനത്തിന്റെ മറ്റൊരു പ്രത്യേകതയെന്നും ഡോക്ടർ പറയുന്നു. ശസ്ത്രക്രിയയോ കീമോതെറാപ്പിയോ ആവശ്യമായ സാഹചര്യത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ തുടർനടപടികൾ ആരംഭിക്കാൻ കഴിയുന്ന സാഹചര്യമാണ് അദ്ദേഹം വിവരിച്ചത്. അതേസമയം യൂറോപ്പിൽ ഒരു ജനറൽ ഫിസിഷ്യനെ കാണാൻ പോലും പലപ്പോഴും ദിവസങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഡോക്ടറുടെ വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് സ്വന്തം അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയത്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ വിദഗ്ധ സേവനങ്ങൾക്കും ശസ്ത്രക്രിയകൾക്കും ദീർഘമായ കാത്തിരിപ്പ് നേരിട്ട അനുഭവങ്ങളാണ് ചിലർ പങ്കുവെച്ചത്. ഇന്ത്യയിലെയും യൂറോപ്പിലെയും ആരോഗ്യസേവനങ്ങളുടെ വ്യത്യാസങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കും വീഡിയോ വഴിവെച്ചിരിക്കുകയാണ്.
ലപദല







Comments