
ബെംഗളൂരുവിലെ ഇന്ദിരാനഗറിലെ മോശം അവസ്ഥയിലുള്ള നടപ്പാതകളെ വിമർശിച്ച് കനേഡിയൻ വ്ലോഗർ കാലെബ് ഫ്രിസൻ പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്ദിരാനഗറിലെ 12-ാം മെയിൻ റോഡിലൂടെ നടക്കുന്നതിനിടെയാണ് തകർന്ന നടപ്പാതയും കുഴികളും നിർമാണ അവശിഷ്ടങ്ങളും അദ്ദേഹം വീഡിയോയിൽ പകർത്തിയത്. നഗരത്തിലെ പ്രധാന മേഖലയിലെ നടപ്പാതകളുടെ ഈ അവസ്ഥ തന്നെ അമ്പരപ്പിച്ചുവെന്നും ഫ്രിസൻ പറഞ്ഞു.
നടപ്പാതയുടെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണെന്നും കാൽനടയാത്രക്കാർക്ക് സുഗമമായി സഞ്ചരിക്കാൻ പോലും കഴിയാത്ത തരത്തിൽ കല്ലുകളും മാലിന്യങ്ങളും കിടക്കുന്നുണ്ടെന്നും വീഡിയോയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ ഇത്തരം നടപ്പാതകൾ അംഗീകരിക്കാനാകില്ലെന്നായിരുന്നു ഫ്രിസന്റെ പ്രതികരണം. സാങ്കേതിക രംഗത്ത് വലിയ വളർച്ച കൈവരിച്ച നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ അവസ്ഥയാണ് അദ്ദേഹം ചോദ്യം ചെയ്തത്.
നടപ്പാതയിലെ വലിയൊരു കുഴിയും ഫ്രിസൻ വീഡിയോയിൽ കാണിച്ചു. സ്റ്റാർട്ടപ്പുകളുടെയും സാങ്കേതിക കമ്പനികളുടെയും പ്രധാന കേന്ദ്രമായി അറിയപ്പെടുന്ന ബെംഗളൂരുവിൽ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള സൗകര്യങ്ങൾ ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ നടപ്പാതകൾ കൂടുതൽ സുരക്ഷിതവും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുമാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
വീഡിയോ പുറത്തുവന്നതോടെ ബെംഗളൂരുവിലെ നടപ്പാതകളുടെ അവസ്ഥയെക്കുറിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചത്. നഗരത്തിലെ മറ്റ് ഭാഗങ്ങളിലും സമാനമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടി. അതേസമയം, വീഡിയോ വൈറലായതിന് പിന്നാലെ താൻ ചൂണ്ടിക്കാട്ടിയ പ്രദേശത്ത് അറ്റകുറ്റപ്പണികൾ ആരംഭിച്ചതായി ഫ്രിസൻ പിന്നീട് അറിയിച്ചു. ഇതോടെ ബെംഗളൂരുവിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കും വീഡിയോ വഴിവെച്ചിരിക്കുകയാണ്.







Comments