
ജലദോഷം വരുമ്പോള് ഐസ്ക്രീമും മറ്റ് തണുത്ത ഭക്ഷണങ്ങളും ഒഴിവാക്കണം എന്ന ഉപദേശം നമ്മളില് പലരും കേട്ടിട്ടുണ്ടാകും. തണുത്ത സാധനങ്ങള് കഴിക്കുന്നത് ജലദോഷം കൂട്ടുമെന്നും, കഫം വര്ദ്ധിപ്പിക്കുമെന്നും, വൈറസ് പെട്ടെന്ന് പെരുകാന് സഹായിക്കുമെന്നുമാണ് പലരുടെയും ധാരണ. എന്നാല് ഇതിന് വൈദ്യശാസ്ത്രപരമായ എന്തെങ്കിലും അടിസ്ഥാനമുണ്ടോ? ബെംഗളൂരു ആസ്റ്റര് വൈറ്റ്ഫീല്ഡ് ഹോസ്പിറ്റലിലെ ഇന്റേണല് മെഡിസിന് സീനിയര് കണ്സള്ട്ടന്റായ ഡോ. ബസവരാജ് എസ് കുമ്പാറിന്റെ അഭിപ്രായത്തില്, ജലദോഷമുണ്ടെന്ന് കരുതി ഐസ്ക്രീമോ തണുത്ത പാനീയങ്ങളോ പൂര്ണ്ണമായി ഒഴിവാക്കേണ്ടതില്ല.
വൈറല് ഇന്ഫെക്ഷന് (വൈറസ് ബാധ) കാരണമാണ് സാധാരണയായി ജലദോഷം ഉണ്ടാകുന്നത്. ഐസ്ക്രീം കഴിക്കുന്നത് വൈറസിന്റെ പെരുപ്പം കൂട്ടുകയോ അണുബാധ വഷളാക്കുകയോ ചെയ്യണമെന്നില്ല. എങ്കിലും തണുത്ത ഭക്ഷണങ്ങളോട് ഓരോരുത്തരുടെയും ശരീരം പ്രതികരിക്കുന്നത് വ്യത്യസ്ത രീതിയിലാണ്. ചിലര്ക്ക് തണുത്ത ഭക്ഷണം കഴിക്കുന്നത് തൊണ്ടവേദനയ്ക്ക് ആശ്വാസം നല്കുമ്പോള്, മറ്റു ചിലര്ക്ക് തൊണ്ടയില് അസ്വസ്ഥത, ചുമ അല്ലെങ്കില് മൂക്കടപ്പ് എന്നിവ അനുഭവപ്പെടാം. അതിനാല് ജലദോഷമുള്ളപ്പോള് എന്താണ് കഴിക്കേണ്ടതെന്ന് തീരുമാനിക്കുമ്പോള് സ്വന്തം ശരീരത്തിന്റെ പ്രതികരണം ശ്രദ്ധിക്കുന്നത് പ്രധാനമാണ്.
ജലദോഷമുള്ളപ്പോള് ഐസ്ക്രീം കഴിക്കാമോ?
അതെ, ഡയറി ഉല്പ്പന്നങ്ങള് (പാല് ഉല്പ്പന്നങ്ങള്) ദഹിപ്പിക്കാന് ബുദ്ധിമുട്ടില്ലാത്ത ആളാണെങ്കില് ജലദോഷമുള്ളപ്പോഴും മിതമായ അളവില് ഐസ്ക്രീം കഴിക്കാവുന്നതാണ്. വൈറല് ജലദോഷമുണ്ടെന്ന കാരണത്താല് മാത്രം തണുത്ത ഭക്ഷണങ്ങള് പൂര്ണ്ണമായി ഒഴിവാക്കേണ്ടതില്ലെന്ന് ഡോ. കുമ്പാര് പറയുന്നു. തണുത്ത എന്തെങ്കിലും കഴിച്ചു എന്നതുകൊണ്ട് മാത്രം ജലദോഷം വഷളാകില്ല. ഐസ്ക്രീം വൈറസിന്റെ പെരുപ്പം വേഗത്തിലാക്കുകയോ അണുബാധ വര്ദ്ധിപ്പിക്കുകയോ ചെയ്യുന്നില്ല. എന്നാല് ഐസ്ക്രീം കഴിക്കുമ്പോള് തൊണ്ടയിലെ അസ്വസ്ഥത കൂടുകയോ, ചുമയോ മൂക്കടപ്പോ അനുഭവപ്പെടുകയോ ചെയ്യുകയാണെങ്കില് സുഖം പ്രാപിക്കുന്നത് വരെ അത് ഒഴിവാക്കുന്നതാണ് നല്ലത്.
ഐസ്ക്രീം കഫം വര്ദ്ധിപ്പിക്കുമോ?
പാലും മറ്റ് പാല് ഉല്പ്പന്നങ്ങളും ജലദോഷമുള്ളപ്പോള് കഫം വര്ദ്ധിപ്പിക്കുമെന്നത് ഒരു പൊതുവിശ്വാസമാണ്. എന്നാല് പാല് ഉല്പ്പന്നങ്ങള് കഫ ഉല്പ്പാദനം കൂട്ടുമെന്നതിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്ന് ഡോ. കുമ്പാര് വ്യക്തമാക്കുന്നു. പാല് ഉല്പ്പന്നങ്ങള് കഴിച്ച ശേഷം ചിലര്ക്ക് വായയിലോ തൊണ്ടയിലോ കട്ടിയുള്ള ഒരു പാട പോലെ അനുഭവപ്പെടാറുണ്ട്. ഇത് കൂടുതല് കഫം ഉണ്ടെന്ന തോന്നല് ഉണ്ടാക്കാമെങ്കിലും, പാല് ഉല്പ്പന്നങ്ങള് കാരണം ശരീരം കൂടുതല് കഫം ഉത്പാദിപ്പിക്കുന്നു എന്ന് ഇതിനര്ത്ഥമില്ല.
തണുത്ത ഭക്ഷണങ്ങളോട് ഓരോരുത്തരുടെയും ശരീരം വ്യത്യസ്തമായി പ്രതികരിക്കുന്നു
ജലദോഷമുള്ളപ്പോള് ഐസ്ക്രീം കഴിക്കുന്നതിനോട് എല്ലാവരുടെയും ശരീരം ഒരേപോലെയല്ല പ്രതികരിക്കുന്നത്. തൊണ്ടവേദനയുള്ളപ്പോള് തണുത്ത ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുന്നത് ചിലര്ക്ക് ആശ്വാസം നല്കും. തണുപ്പ് തൊണ്ടയിലെ അസ്വസ്ഥത താല്ക്കാലികമായി കുറയ്ക്കാന് സഹായിക്കും. എന്നാല് മറ്റു ചിലര്ക്ക് തണുത്ത ഭക്ഷണം തൊണ്ടയിലെ ബുദ്ധിമുട്ടുകള് കൂട്ടിയേക്കാം.
'തണുത്ത ഭക്ഷണവും പാനീയങ്ങളും കാരണം ചിലര്ക്ക് ആശ്വാസം ലഭിക്കുകയും തൊണ്ടവേദന താല്ക്കാലികമായി കുറയുകയും ചെയ്യും. എന്നാല് മറ്റ് ചിലര്ക്ക് തൊണ്ടവേദന, ചുമ, മൂക്കടപ്പ് എന്നിവ കൂടുന്നതായി അനുഭവപ്പെടാം. ഇത്തരം അസ്വസ്ഥതകള് ഉണ്ടാകുകയാണെങ്കില് തണുത്ത ഭക്ഷണങ്ങള് നിര്ബന്ധപൂര്വ്വം കഴിക്കരുത്,' ഡോ. കുമ്പാര് പറയുന്നു.







Comments