സമ്പാദ്യ സമരങ്ങള് കേരളത്തിലെ തൊഴില് സമരങ്ങളെത്തന്നെ വഴിതെറ്റിച്ചതിനെക്കുറിച്ച് ആദ്യമായി താക്കീതു നല്കിയ പരിവര്ത്തനവാദി കോണ്ഗ്രസ് നേതാവായിരുന്ന എം.എ. ജോണായിരുന്നു. ജോണിന്റെ സൂക്തങ്ങള് ഇന്നും മായാത്ത ചുവരെഴുത്തുകളായി നിലനില്ക്കുന്നു. പുതിയ ചിന്തയും ആശയവും ആവിഷ്ക്കരിക്കാന് ശ്രമിക്കുന്നവര്ക്കൊന്നും കാര്യമായ ജനകീയ പിന്തുണ കേരളം നല്കിപ്പോന്നിട്ടില്ല. ഉന്നത വിദ്യാഭ്യാസരംഗത്തിന് യു.ജി.സി. സമരം എന്ത് ഗുണമേന്മയാണ് നല്കിയതെന്ന ചോദ്യം കാലത്തിന്റെ ചുവരെഴുത്തിലുണ്ട്. കുറെ നിഷ്ഫല പി.എച്ച്.ഡികള് സൂകരജന്മംകൊണ്ടു. വന് തുക പ്രതിമാസ ശമ്പളമായതോടെ അദ്ധ്യാപനത്തിന്റെ ഗുണമേന്മ അമ്പേ നിലംപതിച്ചു. നൂറാം വയസിലും ലീലാവതി ടീച്ചറെ വേട്ടയാടുന്ന ഒരു വേദന യു.ജി.സി. സമരവുമായി ബന്ധപ്പെടേണ്ടതാണെന്ന് ഈയിടെ പിറന്നാള് ദിനം ടീച്ചര് പങ്കുവച്ചു. തനിക്കേറ്റവും സന്തോഷകരമായ അദ്ധ്യാപനകാലത്തുതന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ വേദന യു.ജി.സി സമരം നല്കിയതെന്ന് ടീച്ചര് ഓര്ക്കുന്നു. സമരകാലത്ത് കുട്ടികളെ പഠിപ്പിച്ചു എന്നതാണ് ടീച്ചര്ക്കെതിരെ സമരക്കാര് ചാര്ത്തിയ കുറ്റം. നിരാഹാരമുള്പ്പെടെ ഏതു സമരത്തിനും തയ്യാറാണെങ്കിലും കുട്ടികളെ പഠിപ്പിക്കാതിരിക്കാനാവില്ല എന്നതായിരുന്നു ടീച്ചറുടെ നിലപാട്. അതോടെ ടീച്ചര് പലര്ക്കും ശത്രുവായി. സത്യത്തില് അന്ന് അവര് കൈക്കൊണ്ടത് അവരുടെ ശരിയും താന് എടുത്തത് തന്റെ ശരിയായിരുന്നുവെന്നും ലീലാവതി ടീച്ചര് സിറാജ് കാസിമിനോട്. (മാതൃ. സെപ്റ്റം.-17).
ശംഖുമുഖത്തിന്റെ മുഖം
മണലും കടലുമുണ്ടായിരുന്ന ശംഖുമുഖത്തിന് ഒരു മുഖം കൊടുത്ത ശില്പിയാണ് കാനായി കുഞ്ഞിരാമന്. 87 അടി നീളത്തിലുള്ള സാഗരകന്യക ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനകന്യകാശില്പമാണ്. സദാചാര പോലീസിന്റെ അശ്ലീലാരോപണങ്ങള്ക്കും ജില്ലാ ഭരണകൂടത്തിന്റെ വിലക്കിനും മുകളില് മുഖ്യമന്ത്രി കരുണാകരന്റെ ഇടപെടലാണ് നിര്ണ്ണായകമായതെന്ന് കാനായി. കലാകാരനായ ഒരു ഭരണകര്ത്താവിന്റെ ശക്തവും ശങ്കാഹീനവുമായ ഇടപെടലായിരുന്നു കരുണാകരന്റേത്. (മാതൃ. ആഴ്ച. സെപ്തം. 27)
പോലീസിനെ തേടുന്ന കുറ്റവാളി
പോലീസു തിരയുന്ന കുറ്റവാളിയെ നമുക്കറിയാം. എന്നാല് പോലീസിനെ തിരയുന്ന ഒരു കുറ്റവാളിയുടെ കൊച്ചുകഥ ആനന്ദിന്റെയുള്ളത് വായിച്ചതോര്മ്മ വരുന്നു. ഒരു കുറ്റവാളിയേയുംകൊണ്ട് പോലീസുകാരന് ട്രെയിന് യാത്രയ്ക്കിടയില് ഒരു സ്റ്റേഷനില് ഇറങ്ങുന്നു. അല്പം കഴിഞ്ഞ് തമ്മിലറിയാതെ രണ്ടുപേരും എതിര്ദിശയിലുള്ള ട്രെയിനുകളില് തെറ്റിക്കയയറുന്നതാണ് കഥ. മനഃപൂര്വമായി സംഭവിച്ചതല്ലെങ്കിലും രണ്ടുപേരും വല്ലാതെ പരിഭ്രമിച്ചു. തന്റെ പോലീസുകാരനില്ലാത്ത കുറ്റവാളിയും കുറ്റവാളിയില്ലാത്ത പോലീസും ജീവിതത്തില് അന്യോന്യം ചേര്ന്നിരിക്കുന്നവര്ക്ക് ഇത്തരം അപ്രതീക്ഷിത വിയോഗങ്ങള് സംഭവിക്കാറുണ്ട്. ഒരുതരത്തിലുള്ള ഭാഷാ സങ്കീര്ണ്ണതയുമില്ലെങ്കിലും വായനക്കാരേയും ധര്മ്മസങ്കടത്തിലാക്കുന്ന ഒരു കഥ.
സ്മാരകങ്ങള്,
ശില്പങ്ങള്
തിരൂര് തുഞ്ചന് സ്മാരകത്തില് ശാരിക പൈതലിന്റേതല്ലാത്ത എഴുത്തച്ഛന്റെ ഒരു ശില്പമില്ല. ആഡിറ്റോറിയം, ലൈബ്രറി, കോട്ടേജുകള്, ആഫീസ് എന്നിവയായാല് ഭരണസമിതിക്ക് കുശാലായി. പ്രതിമാശില്പം പാടില്ല. എഴുത്തച്ഛന് പുരസ്കാരം ലഭിച്ചിട്ടും ടി. പത്മനാഭന് അവിടേക്ക് ഇതുവരെ ക്ഷണിക്കപ്പെട്ടിട്ടില്ല. സര്ക്കാര് ഫണ്ടുകൊണ്ട് ഉത്സവാഘോഷങ്ങള് നടത്താന് തടസമില്ല. സാഹിത്യ അക്കാദമിയില് സ്മൃതിമണ്ഡപവും പോര്ട്രെയ്റ്റ് തടസമില്ല. സാഹിത്യ അക്കാദമിയില് സ്മൃതിമണ്ഡപവും പോര്ട്രെയ്റ്റ് ഗ്യാലറിയും നിര്മ്മിച്ചപ്പോള് അവിടെ തുഞ്ചന്റെ ശില്പവും സ്ഥാപിച്ചിരുന്നു. ആര്ട്ടിസ്റ്റ് നമ്പൂതിരിയുടെ രേഖാചിത്രമായിരുന്നു ശില്പത്തിന് അവലംബം. ശങ്കരാചാര്യ സംസ്കൃത സര്വകലാശാലായില് ആചാര്യന് ഉചിതമായ ഒരിടം കിട്ടിയിട്ടില്ല. കേരളം കണ്ട മറ്റൊരു മഹാത്മാവായ ചട്ടമ്പിസ്വാമികളുടെ കാര്യം ഇതിലും പരിതാപകരമാണ്. തുഞ്ചന്പറമ്പില് ഭാവിയില് ഉയരാവുന്ന പ്രതിമയുടെ കയ്യില് അദ്ധ്യാത്മരാമായണത്തിന്റെ ഒരു പ്രതികൂടി പ്രതീക്ഷിക്കാമെന്ന് ടി. പത്മനാഭന് പറഞ്ഞതായി ഹരി എസ്. കര്ത്ത. (കേരള കൗമുദി. സെപ്തം. 19).
കഥാപാത്രങ്ങള് കഥാകൃത്തിനെത്തേടി
ഒരു ദിവസം ആകസ്മികമായി ഒ.വി. വിജയന് ഞാറ്റുപുരയിലെത്തിയതറിഞ്ഞ് തമ്പ്രാക്കുകാര് ഓരോരുത്തരായി അവിടെയെത്തി. എല്ലാവരും വിജയന് മുഖപരിചയമുള്ളവര്. പേരുപറഞ്ഞു വിളിക്കുന്നവര്. മല്ലിച്ചെറുമകന്, കുഞ്ഞുനൂറു, മുങ്ങാങ്കോഴി, അപ്പാളുമ്മ...പക്ഷേ മറ്റുചിലര് പരാതിയുമായാണ് വന്നത്. വിജയനൊപ്പം കളിക്കുകയും മദ്യപിക്കുകയും പൂരം കാണാന് പോവുകയും ചെയ്തവരാണ് പലരും. പക്ഷേ അവരെയൊക്കെ വിജയന് അവഗണിച്ചു. അത്ര പ്രാധാന്യമില്ലാത്ത പലരേയും വിജയന് കഥയില് കയറ്റുകയും ചെയ്തു. അതില് വിഷമിച്ച് പ്രതിഷേധിക്കാനാണ് ചിലര് വന്നിരിക്കുന്നത്. ആരോ നിരൂപകന്മാര് അവരെ പറഞ്ഞുവിട്ടതാണെന്ന് കെ. രഘുനാഥന് (മാതൃ. സെപ്റ്റം. 20).
ചമ്മന്തി, സര്വപ്രിയ
ചമ്മന്തിയുടെ സമഗ്രദേശീയതയെക്കുറിച്ചാണ് സുധ. ജി. തിലകിന്റെ 'ചട്ണിക്രോണിക്കിള്സ്' പ്രതിപാദിക്കുന്നത്. ഇന്ത്യയെമ്പാടും പടരുന്നതാണ് ചട്ണി രുചിഗന്ധം. തീരപ്രദേശങ്ങളില് തേങ്ങയും ദക്ഷിണേന്ത്യന് പുളിയും വടക്കേ ഇന്ത്യന് വെളുത്തുള്ളിയും മുളകും കിഴക്കന് ദേശങ്ങളിലെ പഴവര്ഗ ചായ്വുകളും ചമ്മന്തിയെ സര്വപ്രിയമാക്കുന്നു. ബിരിയാണിയും ചോറിന്റെ ഉപദംശങ്ങളും പലതാവാം. എന്നാല് ചമ്മന്തിയുടെ വൈവിധ്യ വൈപുല്യം ഇവക്കൊന്നുമില്ലതന്നെ. ഇലകള്, പൂക്കള് (മാമ്പൂവ്) തളിരുകള് തുടങ്ങിയവയെല്ലാം ചമ്മന്തിക്ക് കൂട്ടാവും. കാശ്മീരി വാള്നട്ടും നാഗാലാന്റിലെ പുളിപ്പിച്ച സോയാബീനും ഗുജറാത്തി ഉള്ളിച്ചമ്മന്തിയും കേരളത്തിലെ തേങ്ങാച്ചമ്മന്തിയും അങ്ങനെ എത്രവിധം ചമ്മന്തികള്. ഇഡ്ഡലിക്കും ദോശക്കും കൂട്ടായി ചമ്മന്തി വേണം. ചമ്മന്തിയെപ്പോലെ സര്ഗാത്മകമായ ഒരിനം വേറെയില്ല. കവിതപോലെ തികച്ചും വ്യക്തിപരം. മിഡ്നൈറ്റ് ചില്ഡ്രന് എന്ന നോവലില് സല്മാന് റുഷ്ദി 'ചട്ണിഫിക്കേഷന്' എന്ന പദംതന്നെ ഉപയോഗിക്കുന്നുവെന്ന് സന്ദീപ്റോയ്. (ഹിന്ദു. സെപ്റ്റം. 20).
കൈതപ്രത്തെ സിനിമയിലെടുത്ത പാട്ടുവഴികള്
സംഗീതപഠനവുമായി തിരുവനന്തപുരത്തുള്ള കാലത്ത് കാവാലംവഴി എം.ജി. രാധാകൃഷ്ണനുമായി ബന്ധപ്പെടാനും ആകാശവാണിക്ക് ഓണപ്പാട്ടുകള് എഴുതാനും കഴിഞ്ഞു. മനസിലെ ഓണംകേറാമൂലയില് സിന്ദൂരം എന്ന ഗാനം പെരുമ്പാവൂര് രവീന്ദ്രനാഥുമായി ചേര്ന്ന് ചെയ്തു. ആ ഗാനമാണ് പത്മരാജന്വഴി സിനിമയിലേക്ക് കൈതപ്രത്തിന്റെ വഴി തെളിയിച്ചത്. ആദ്യചിത്രംതന്നെ ഓണത്തെ ഓര്മ്മിപ്പിക്കുന്ന ഒരു പാട്ടോടുകൂടിയാണ് തുടങ്ങുന്നത്. 'ഓ...പൂവട്ട തട്ടിച്ചിന്നി പൂമഴ ചിന്നി, പൂക്കൈതക്കയ്യും വീശി, ആ മലയീമല പൂമലകേറി...'' (പൂര്ണ്ണശ്രീ. ആഗ.).
ഗുരുവും ചട്ടമ്പിയും
മതവും ജാതിയും വിവേചനവുമൊക്കെ ചേര്ന്ന് ഭൗതിക വ്യവഹാരങ്ങളില് കുഴഞ്ഞ് ആകെ താറുമാറായി കിടക്കുന്ന ശ്രീനാരായണ ഗുരുവിനെ ഇന്ന് കണ്ടെത്താന് ശ്രമിച്ചാല് ശരിയായ രൂപം തെളിഞ്ഞുകിട്ടാന് വിഷമമാണെന്ന് സക്കറിയ. ചട്ടമ്പി സ്വാമിയും ഗുരുവിനെപ്പോലെ ഇമ്പങ്ങള്ക്കൊന്നും കീഴ്പ്പെടാത്ത നിലയില് ബൗദ്ധിക ഉന്നതിയില്നിന്നു. അവര് തമ്മിലുള്ള സൗഹൃദവും പാരസ്പര്യവും അണികള്ക്ക് ബോധ്യമായില്ല. അവര് ആരിലും ജാതി കാണുന്നില്ല. അണികള്ക്ക് ജാതിയല്ലാതെ മറ്റൊന്നും കാണാനും അറിയില്ല. അതുകൊണ്ട് ഇരുകൂട്ടരും ഇവരെ മുന്നിര്ത്തി സ്വാര്ത്ഥമായ പ്രാധാന്യം നേടിയെടുക്കലുകള്ക്ക് ശ്രമിക്കുന്നുവെന്നും സക്കറിയ. (അക്ഷിത-സെപ്റ്റം).





Comments