
ഇന്ത്യന് വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തില് സ്വന്തം പേരുകൊണ്ട് ഒരു യുഗം അടയാളപ്പെടുത്തിയ ഹര്മന്പ്രീത് കൗര് രാജ്യാന്തര ക്രിക്കറ്റിനോട് വിടപറയുകയാണ്. ബാറ്റുകൊണ്ടും നേതൃത്വമികവുകൊണ്ടും പോരാട്ടവീര്യംകൊണ്ടും ഇന്ത്യന് ക്രിക്കറ്റിന് പുതിയ മുഖം നല്കിയ ഹര്മന്പ്രീത്, കളിക്കളത്തിലെ നേട്ടങ്ങള്ക്കപ്പുറം ഒരു തലമുറയുടെ സ്വപ്നങ്ങള്ക്ക് ചിറകുനല്കിയ താരമാണ്. ക്രിക്കറ്റ് പുരുഷന്മാരുടെ കളിയെന്ന പൊതുബോധത്തെ തിരുത്തി, ആയിരക്കണക്കിന് പെണ്കുട്ടികള്ക്ക് ഈ കായികരംഗത്ത് സ്വന്തം ഭാവി കണ്ടെത്താനുള്ള ആത്മവിശ്വാസം പകര്ന്ന നായിക. ടെസ്റ്റ്, ഏകദിന, ട്വന്റി20 എന്നീ മൂന്ന് ഫോര്മാറ്റുകളിലുമായി നീണ്ടുനിന്ന രാജ്യാന്തര കരിയറിന് തിരശ്ശീല വീഴുമ്പോള്, അത് ഇന്ത്യന് വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലെ നിര്ണായകമായൊരു അധ്യായത്തിന്റെ സമാപനം കൂടിയാണ്.
2009ല് രാജ്യാന്തര ക്രിക്കറ്റില് അരങ്ങേറ്റം കുറിച്ച കൗര്, 17 വര്ഷം ഇന്ത്യയ്ക്കുവേണ്ടി കഠിനമായി പോരാടി. എല്ലായ്പ്പോഴും മുന്നില്നിന്ന് ടീമിനെ നയിച്ച താരമായിരുന്നു അവര്. വലംകൈ ഓഫ് സ്പിന് ബൗളറും മുന്നിര ബാറ്ററുമായ ഹര്മന്പ്രീത് കൗര് 2022, 2026 ഏഷ്യന് ഗെയിംസുകളില് സ്വര്ണം നേടിയ ഇന്ത്യന് ടീമിനെയും, 2025 വനിതാ ക്രിക്കറ്റ് ലോകകപ്പ് നേടിയ ടീമിനെയും നയിച്ചു.
അവരുടെ നേതൃത്വത്തില് ഇന്ത്യന് വനിതാ ടീം 2023ല് ഓസ്ട്രേലിയക്കെതിരേ ആദ്യ ടെസ്റ്റ് വിജയം സ്വന്തമാക്കി. 2022ല് ഇംഗ്ലണ്ടിനെതിരേ അവരുടെ നാട്ടില് വനിതാ ഏകദിന പരമ്പരയും ഇന്ത്യ നേടി. 1999ന് ശേഷം ഇതാദ്യമായിരുന്നു. 2025ല് ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ആദ്യമായി വനിതാ ട്വന്റി20 പരമ്പരയും സ്വന്തമാക്കി.
രാജ്യാന്തര ക്രിക്കറ്റില് ഹര്മന്പ്രീത് 8,000ത്തിലധികം റണ്സ് നേടിയിട്ടുണ്ട്. 2019ല് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഹോം പരമ്പരയ്ക്കിടെ 100 ടി20 രാജ്യാന്തര മത്സരങ്ങള് കളിച്ച ആദ്യ ഇന്ത്യന് ക്രിക്കറ്റ് താരമായും അവര് ചരിത്രം കുറിച്ചു.
ഇന്ത്യയുടെ ടി20 ക്യാപ്റ്റന് സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഹര്മന്പ്രീത് കൗര് 2016ല് ഇന്ത്യയെ ഏഷ്യാ കപ്പ് കിരീടത്തിലേക്ക് നയിച്ചു. 2018 ടി20 ലോകകപ്പില് ന്യൂസിലന്ഡിനെതിരേ പുറത്താകാതെ 103 റണ്സ് നേടിയ അവര്, രാജ്യാന്തര ടി20യില് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന് വനിതയായി.
മിതാലി രാജ് വിരമിച്ചതിനെ തുടര്ന്ന് 2022ല് ഹര്മന്പ്രീത് കൗര് ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകളുടെ മുഴുവന് സമയ ക്യാപ്റ്റനായി. 2022ലെ ഏഷ്യന് ഗെയിംസില് ഇന്ത്യയ്ക്ക് സ്വര്ണവും അതേ വര്ഷത്തെ കോമണ്വെല്ത്ത് ഗെയിംസില് വെള്ളിയും നേടിക്കൊടുക്കുന്നതില് അവര് നിര്ണായക പങ്കുവഹിച്ചു. ഈ കാലയളവിലാണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരേ ചരിത്രത്തിലെ ആദ്യ ടെസ്റ്റ് വിജയം സ്വന്തമാക്കിയത്.
വര്ഷങ്ങളായി നേരിട്ട നിരാശകള്ക്കുശേഷം, 2025ല് ഹര്മന്പ്രീത് ഇന്ത്യയെ ആദ്യ വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചു. ഫൈനലില് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്.
2017ലെ ലോകകപ്പ് ഫൈനലിലെ നിരാശയ്ക്ക് ഒമ്പത് വര്ഷങ്ങള്ക്ക് ശേഷം, 2026ല് ഹര്മന്പ്രീത് വീണ്ടും ലോര്ഡ്സില് തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് 270 റണ്സിന്റെ തകര്പ്പന് വിജയം നേടിക്കൊടുക്കുന്നതില് അവര്ക്ക് വലിയ പങ്കുണ്ടായിരുന്നു.
2026ലെ നാഗോയ ഏഷ്യന് ഗെയിംസില് ഇന്ത്യയെ സ്വര്ണത്തിലേക്ക് നയിക്കുന്നതിന് മുമ്പ്, ഇന്ത്യയ്ക്ക് എട്ടാമത്തെ വനിതാ ഏഷ്യാ കപ്പ് കിരീടവും അവര് നേടിക്കൊടുത്തു. ക്യാപ്റ്റന് സ്ഥാനം ഒഴിയുന്നതിന് മുമ്പ് വനിതാ രാജ്യാന്തര ക്രിക്കറ്റില് ഏറ്റവും കൂടുതല് മത്സരങ്ങള് കളിച്ച താരമെന്ന നേട്ടവും അവര് സ്വന്തമാക്കി.
ഇതിനുപുറമെ, 2023ലും 2025ലും മുംബൈ ഇന്ത്യന്സിനെ രണ്ട് ഡബ്ല്യു.പി.എല്. കിരീടങ്ങളിലേക്ക് നയിച്ച ആദ്യ ക്യാപ്റ്റനായി അവര് മാറി. 2023ല് ഓസ്ട്രേലിയക്കെതിരേയും 2025ല് ഇംഗ്ലണ്ടിനെതിരേയും ഇന്ത്യയുടെ ആദ്യ ടി20 രാജ്യാന്തര പരമ്പര വിജയങ്ങള് നേടിക്കൊടുക്കുന്നതിലും അവര് പ്രധാന പങ്കുവഹിച്ചു.
ഹര്മന്പ്രീത് കൗറിന്റെ 171 റണ്സ്
2017ലെ വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിലെത്തിയ ഇന്ത്യന് ടീമിലെ അംഗമായിരുന്നു ഹര്മന്പ്രീത് കൗര്. ഫൈനലില് ഇംഗ്ലണ്ടിനോട് ഇന്ത്യ വെറും ഒമ്പത് റണ്സിന് പരാജയപ്പെട്ടു.
എന്നാല് 2017 ജൂലൈ 20ന് ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് സെമിഫൈനലില് ഹര്മന്പ്രീത് കൗര് നേടിയ 171 റണ്സ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അവിസ്മരണീയമായ ഇന്നിങ്്സുകളിലൊന്നായി മാറി. വെറും 115 പന്തുകളില്നിന്നാണ് അവര് 171 റണ്സ് നേടിയത്. വനിതാ ക്രിക്കറ്റ് ലോകകപ്പില് ഒരു ഇന്ത്യന് താരത്തിന്റെ ഏറ്റവും ഉയര്ന്ന വ്യക്തിഗത സ്കോറാണിത്. വനിതാ ഏകദിന ക്രിക്കറ്റില് ഒരു ഇന്ത്യന് ബാറ്ററുടെ രണ്ടാമത്തെ ഉയര്ന്ന സ്കോറും വനിതാ ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലെ ഏറ്റവും ഉയര്ന്ന വ്യക്തിഗത സ്കോറുമാണ് ഇത്.
51 ഏകദിന മത്സരങ്ങളില് ഇന്ത്യയെ ക്യാപ്റ്റനായി നയിച്ച അവര് അതില് 30 മത്സരങ്ങളില് വിജയിച്ചു. വിജയശതമാനം 58.82 ആയിരുന്നു. 155 ട്വന്റി20 മത്സരങ്ങളില് ഇന്ത്യയെ നയിച്ച ഹര്മന്പ്രീത് 93 മത്സരങ്ങളില് വിജയം നേടി. വിജയശതമാനം 60 ശതമാനമായിരുന്നു.




Comments