
ഒരു ബാള്ട്ടിക്-സ്കാന്ഡിനേവിയന് സഞ്ചാരത്തിനിടയിലാണ് ഞാന് ലാത്വിയയില് എത്തുന്നത്. ടാലിനില്വച്ച് സ്വാദിഷ്ടമായ എസ്തോണിയന് ബ്രേക്ക്ഫാസ്റ്റ് കഴിച്ചാണ് തലസ്ഥാനനഗരിയായ റീഗയിലേക്ക് പുറപ്പെട്ടത്. പാല്ക്കഞ്ഞിയും സിനാമന് സ്വീറ്റ് റോളും അത്രമേല് ഹൃദ്യം. ഫ്രഷ് ബ്രഡ്, ഓംലെറ്റ്, ആവിപറക്കുന്ന പാല്ക്കഞ്ഞി, നുറുക്കിയ പഴങ്ങളും പച്ചക്കറികളും, കട്ടത്തൈര്, മധുരപലഹാരങ്ങള്, പഴച്ചാറുകളും പാലും കാപ്പിയും ചായയുമടങ്ങിയ വിശിഷ്ടമായ ബാള്ട്ടിക് പ്രാതല്.
റീഗയുടെ ഏതോ കോണില്നിന്ന് ഞങ്ങളുടെ ലാത്വിയന് ഗൈഡ് അനീറ്റ ഒപ്പം ചേര്ന്നു;'സെവേകി' (ഹലോ) എന്നഭിവാദ്യം ചെയ്തു. ലിത്വാനിയന് ഭാഷയില് 'സെവേകി'ക്ക് ആരോഗ്യം നേരുന്നു എന്നുകൂടി അര്ത്ഥമുണ്ട്.
എസ്തോണിയ, ലാത്വിയ, ലിത്വാനിയ എന്നീ ബാള്ട്ടിക് രാജ്യങ്ങള് വര്ഷങ്ങളോളം സോവ്യറ്റ് യൂണിയന്റെയും ജര്മനി, സ്വീഡന് പോലുള്ള വിദേശ ശക്തികളുടെയും അധിനിവേശത്തിന് കീഴിലായിരുന്നു. പലപ്പോഴും അവരുടെ മാതൃഭാഷകള്ക്കുമേല് റഷ്യന് ഭാഷ അടിച്ചേല്പ്പിക്കാന് ശ്രമം നടന്നിരുന്നു. എന്നാല്, തങ്ങളുടെ തനത് സംസ്കാരവും സ്വത്വവും മുറുകെപ്പിടിക്കാന് അവര് ഉപയോഗിച്ച ശക്തമായ ആയുധമായിരുന്നു അവരുടെ മാതൃഭാഷ. അതിനാല് സെവേകി വെറുമൊരു 'ഹലോ' എന്നതിനപ്പുറം അവരുടെയെല്ലാം ദേശീയബോധത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകവുമാണ്.
ബാള്ട്ടിക് തീരത്തെ പഴയൊരു സോവ്യറ്റ് റിപ്പബ്ലിക് എന്നതിനപ്പുറം ലാത്വിയയെപ്പറ്റി എനിക്ക് ഒന്നുമറിയില്ലായിരുന്നു, റീഗയില് എത്തുംവരെ.
റഷ്യയിലെ വാല്ഡായി കുന്നുകളില്നിന്ന് ഒഴുകിയെത്തുന്ന, ഡ്വിന, വൈന എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന ദൗഗാവാ നദി ബാള്ട്ടിക് കടലുമായി സന്ധിക്കുന്ന റീഗ ഉള്ക്കടലിന്റെ തീരത്താണ് ഈ നഗരത്തിന്റെ സ്ഥാനം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില് വൈക്കിങ് പര്യവേക്ഷകര് ബാള്ട്ടിക് കടല് കടന്ന് ദൗഗാവായിലൂടെ സഞ്ചരിച്ചിരുന്നുവെന്നും മദ്ധ്യകാലഘട്ടത്തില് ഗ്രീസിലേക്കുള്ള വ്യാപാരപാതയുടെ ഭാഗമായിരുന്നു ദൗഗാവാ നദിയെന്നും ചരിത്രം.
'ദ് പവര് ആന്ഡ് ദ് ഗേ്ലാറി'യിലൂടെ പ്രശസ്തനായ ഇംഗ്ലീഷ് നോവലിസ്റ്റ് ഗ്രഹാം ഗ്രീന് റീഗയെ വിശേഷിപ്പിച്ചത് വടക്കിന്റെ പാരീസ് എന്നാണ്. മനംകവരുന്ന പുരാതനഗരവും വിസ്മയിപ്പിക്കുന്ന വാസ്തുവിദ്യകളും റീഗയിലേക്ക് സഞ്ചാരികളെ ആകര്ഷിക്കുന്നു.
റീഗ നഗരത്തിലൂടെ ഒരിക്കല് ഒഴുകിയിരുന്ന നദിയായിരുന്നു റിഡ്സിനെ. ദൗഗാവായില് ചെന്നുപതിച്ചിരുന്ന നദിയുടെ പേര് കാലംകടന്നുപോയപ്പോള് റീഗയായെന്നും അങ്ങനെ നഗരത്തിന് ആ പേരു കിട്ടിയെന്നുമാണ് ഐതിഹ്യം.
പൊതുവെ അന്തര്മുഖരാണ് റീഗയിലെ ജനങ്ങള്. സ്വകാര്യത വളരെയേറെ ഇഷ്ടപ്പെടുന്നവരാണ്. അപരിചിതരോട് വെറുതെ പുഞ്ചിരിക്കുന്ന പരിപാടിയൊന്നുമില്ല. പൊതുസ്ഥലങ്ങളില് ഉച്ചത്തില് സംസാരിക്കുന്ന ശീലവുമില്ല. മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളില് ഇടപെടാത്ത, കൂടുതലായി സംസാരിക്കാത്ത ഈ രീതികളെല്ലാം തങ്ങളുടെ സാമൂഹിക മര്യാദയുടെ ഭാഗമായിട്ടാണ് ലാത്വിയക്കാര് കാണുന്നത്.
യുനെസ്കോയുടെ 'ലോക പൈതൃകസ്ഥാന'ങ്ങളുടെ പട്ടികയില് ഇടം നേടിയ റീഗ ലോകത്തില് ഏറ്റവുമധികം ആര്ട്ട് നൂവോ നിര്മിതികള് കാണപ്പെടുന്ന നഗരമാണ്. യൂറോപ്പിലും അമേരിക്കയിലും 1890നും 1910നും ഇടയില് പ്രചാരത്തിലുണ്ടായിരുന്ന ഒരു രാജ്യാന്തര കലാപ്രസ്ഥാനമാണ് ആര്ട്ട് നൂവോ. 'നവ കല' എന്നാണ് ഈ ഫ്രഞ്ച് പദത്തിന്റെ അര്ത്ഥം. പ്രകൃതി, ചെടികള്, പൂക്കള് എന്നിവയില്നിന്നുള്ള വളഞ്ഞതും മനോഹരവുമായ രൂപങ്ങളാണ് ഈ ശൈലിയുടെ പ്രധാന പ്രത്യേകത. വാസ്തുവിദ്യ, ചിത്രകല, അലങ്കാരകലകള് എന്നിവയില് ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇലകളിലും പൂക്കളിലുമുള്ള സ്വാഭാവിക വളവുകള് ചിത്രകലയിലും ശില്പകലയിലും ഉപയോഗിക്കുന്നു. കെട്ടിടങ്ങളുടെ രൂപകല്പനയില് പ്രകൃതിദത്തമായ രൂപങ്ങളും അലങ്കാരങ്ങളും ഉള്പ്പെടുത്തുന്നു.
റീഗയിലെ എലിസബത്ത്സ് തെരുവിലൂടെയുള്ള നടത്തം, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദങ്ങളില് റഷ്യന് ആര്ക്കിടെക്റ്റ് മിഖായേല് ഐസന്സ്റ്റീന് രചിച്ച അദ്വിതീയമായ അനവധി നിര്മിതികള്ക്കു മുന്നിലൂടെയായിരുന്നു. ലാത്വിയയിലെ ഒരു കുഞ്ഞുനഗരമായ റീഗ യുനെസ്കോയുടെ ലോകപൈതൃകപ്പട്ടികയില് ഇടംനേടിയതെങ്ങനെയെന്ന് നഗരപ്രദക്ഷിണത്തിനടയില് നമുക്ക് ബോദ്ധ്യമാവും.
ആര്ട്ട് നൂവോ ശൈലിയുടെ എല്ലാ സവിശേഷതകളും നമുക്കിവിടെ നേരിട്ട് അനുഭവിക്കാന് കഴിയും. കെട്ടിടങ്ങളുടെ മുന്ഭാഗങ്ങള് വെറുമൊരു ചുവര് എന്നതിലുപരി, വലിയൊരു ഓപ്പണ് തിയേറ്റര് കാണുന്നതുപോലെയുള്ള കൗതുകം ജനിപ്പിക്കുന്നു. നിര്മിതികളില് സങ്കീര്ണമായ ജ്യാമിതീയ രൂപങ്ങള്ക്കു പകരം സ്ത്രീകളുടെ നീണ്ട മുഖങ്ങള്, തുറിച്ചുനോക്കുന്ന മുഖംമൂടികള്, മയിലുകള്, ഈജിപ്തിലെ ഗിസയിലുള്ള ഭീമന് ശില്പത്തെ ഓര്മ്മിപ്പിക്കുന്ന, സിംഹത്തിന്റെ ഉടലും മനുഷ്യന്റെ തലയുമുള്ള സ്ഫിങ്ക്സ് രൂപങ്ങള് എന്നിവ കൊത്തിവച്ചിരിക്കുന്നത് കെട്ടിടങ്ങള്ക്ക് നിഗൂഢമായ ഭംഗി നല്കുന്നു.
കര്ക്കശമായ നേര്രേഖകളും ലംബകോണുകളും ഒഴിവാക്കി, പ്രകൃതിയിലെ വള്ളികളും ചെടികളും പടര്ന്നുപന്തലിച്ചു കിടക്കുന്നതുപോലെയുള്ള സ്വാഭാവിക ഒഴുക്ക് ഈ കെട്ടിടങ്ങളില് പ്രകടമാണ്. പ്രത്യേകിച്ച് എലിസബത്ത്സ് തെരുവിലെ 10ബി നമ്പറിലുള്ള കെട്ടിടം കാണുമ്പോള്. അതിന്റെ തിളങ്ങുന്ന നീല ടൈലുകളും വെളുത്ത പ്ലാസ്റ്റര് വര്ക്കുകളും ചേര്ന്നുള്ള മനോഹരമായ ആവിഷ്കാരത്തിലെ നിറങ്ങളുടെ മാസ്മരികത ആരെയും അത്ഭുതപ്പെടുത്തും. ഭൂമിയില് ഇത്രയധികം വിസ്മയയകരവും മനോഹരവുമായ കെട്ടിടങ്ങള് ഒരുമിച്ച് കാണാന് കഴിയുന്ന മറ്റൊരു സ്ഥലമുണ്ടെന്ന് തോന്നുന്നില്ല.
മിഖായേല് ഐസന്സ്റ്റൈന് രൂപകല്പന ചെയ്ത സൃഷ്ടികളെല്ലാം വാസ്തുവിദ്യയില് മനുഷ്യന്റെ ഭാവനയ്ക്ക് എത്രത്തോളം സ്വാതന്ത്ര്യം നല്കാമെന്നതിന്റെ ഉത്തമോദാഹരണമാണ്. റീഗയിലെ തെരുവുകളിലെ നിര്മിതികള് സിമെന്റും കല്ലും ചേര്ന്നുള്ള വെറും കെട്ടിടങ്ങളായല്ല, അതിലേറെ പ്രകൃതിയോട് ഇണങ്ങിനില്ക്കുന്ന വലിയൊരു കലാസൃഷ്ടിയായിട്ടാണ് അനുഭവപ്പെടുക.
ഓള്ഡ്? ടൗണിലെ മറ്റൊരു വിസ്മയ നിര്മിതിയായ നേറ്റിവിറ്റി ഓഫ് ൈക്രസ്റ്റ് ഓര്ത്തോഡോക്സ് കത്തീഡ്രലിന്റെ മുന്പിലെത്തുമ്പോള് യുദ്ധങ്ങളും രാഷ്ട്രീയ മാറ്റങ്ങളും മതപരമായ അതിജീവനവും നിറഞ്ഞ ദേവാലയത്തിന്റെ ചരിത്രം അനീറ്റയുടെ വിവരണങ്ങളിലൂടെ കേട്ടറിഞ്ഞു.
പത്തൊന്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്, ലാത്വിയ റഷ്യന് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നപ്പോഴാണ് ഈ കത്തീഡ്രലിന്റെ നിര്മാണം. അലക്സാണ്ടര് രണ്ടാമന് ചക്രവര്ത്തിയുടെ അനുഗ്രഹത്തോടെയും സാമ്പത്തിക സഹായത്തോടെയുമാണ് ഇത് പണിതുയര്ത്തിയത്. അക്കാലത്ത് ബാള്ട്ടിക് പ്രവിശ്യകളിലെ ഏറ്റവും വലിയ ഓര്ത്തഡോക്സ് ദേവാലയമായിരുന്നു ഇത്. 12 വലിയ മണികളും വിലപിടിപ്പുള്ള ചിത്രങ്ങളും കൊണ്ട് മനോഹരമായിരുന്നു ഉള്ഭാഗം.
ഒന്നാം ലോകമഹായുദ്ധസമയത്ത് ജര്മന് സൈന്യം റീഗ നഗരം പിടിച്ചെടുക്കുകയും ഓര്ത്തഡോക്സ് കത്തീഡ്രലിനെ ഒരു ലൂഥറന് പള്ളിയാക്കി മാറ്റുകയും ചെയ്തു. പള്ളിയിലെ ഓര്ത്തഡോക്സ് അടയാളങ്ങള് പലതും താല്ക്കാലികമായി മാറ്റപ്പെട്ടു. യുദ്ധാനന്തരം 1918ല് ലാത്വിയ സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കപ്പെട്ടു. കനത്ത പ്രതിസന്ധികള്ക്കൊടുവില് 1921ല് ഈ ദേവാലയം വീണ്ടും ഓര്ത്തഡോക്സ് സഭയ്ക്ക് തന്നെ തിരികെക്കിട്ടി.
രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോള് ലാത്വിയ സോവ്യറ്റ് യൂണിയന്റെ കീഴിലായി. 1960കളില് സോവ്യറ്റ് അധികാരികള് ഈ പള്ളി പൂര്ണമായി അടച്ചുപൂട്ടി. പള്ളിമുകളിലെ കുരിശുകള് മുറിച്ചുമാറ്റി, മണികള് ഉരുക്കിക്കളഞ്ഞു, ഉള്ളിലെ ചുമര്ചിത്രങ്ങള് മുഴുവന് പെയിന്റടിച്ച് മറച്ചു. ശാസ്ത്രബോധം വളര്ത്താനെന്നപേരില് വിശുദ്ധ മന്ദിരത്തെ ഒരു പ്ലാനറ്റേറിയമായി മാറ്റി. ഉള്ളില് ഒരു കഫേയും തുടങ്ങി. അക്കാലം ഇത് 'നോളജ് ഹൗസ്' എന്നാണ് അറിയപ്പെട്ടിരുന്നത്.
1991ല് സോവ്യറ്റ് യൂണിയന് തകരുകയും ലാത്വിയ വീണ്ടും സ്വാതന്ത്ര്യം വീണ്ടെടുക്കുകയും ചെയ്തു. ഒട്ടും വൈകാതെ, 1992ല്, കെട്ടിടം വിശ്വാസികള്ക്ക് തിരികെ നല്കി. ജനങ്ങളുടെയും സഭയുടെയും കഠിനശ്രമത്താല് പള്ളിയിലെ പെയിന്റുകള് മാറ്റി പഴയ ചുവര്ചിത്രങ്ങള് വീണ്ടെടുത്തു.
2000ല് പള്ളിയിലെ പ്രധാന അള്ത്താര വീണ്ടും തുറക്കപ്പെട്ടു. രണ്ടുവര്ഷം കഴിഞ്ഞ് പുതിയ മണികള് സ്ഥാപിക്കുകയും 2010ല് കത്തീഡ്രലിന്റെ താഴികക്കുടങ്ങള് പൂര്ണമായും തങ്കംപൂശി പഴയതിനേക്കാള് മനോഹരമാക്കുകയും ചെയ്തു. ഇന്ന് ലാത്വിയയിലെ ഓര്ത്തഡോക്സ് വിശ്വാസികളുടെ പ്രധാന ആത്മീയകേന്ദ്രവും റീഗയിലെ ഏറ്റവും വലിയ വിനോദസഞ്ചാര ആകര്ഷണങ്ങളിലൊന്നുമാണ് നേറ്റിവിറ്റി ഓഫ് ൈക്രസ്റ്റ് ഓര്ത്തഡോക്സ് കത്തീഡ്രല്.
പഴയ റീഗയുടെ ഹൃദയഭാഗത്തുള്ള 'ലാത്വിയന് റൈഫിള്മെന് സ്മാരകം' ഒന്നാം ലോകമഹായുദ്ധത്തില് പോരാടിയ ധീരരായ ലാത്വിയന് സൈനികരുടെ ഓര്മ്മയ്ക്കായി 1971ല് നിര്മിച്ചതാണ്. 13 മീറ്റര് ഉയരമുള്ള ഈ ചുവന്ന ഗ്രാനൈറ്റ് പ്രതിമ സ്ഥിതിചെയ്യുന്നത് 'ലാത്വിയന് റൈഫിള്മെന് സ്ക്വയര്' എന്ന സ്ഥലത്താണ്.
ഒന്നാം ലോകമഹായുദ്ധകാലത്ത് ജര്മനിക്കെതിരേ പോരാടിയ 'ലാത്വിയന് റൈഫിള്മെന്' എന്ന പ്രശസ്തമായ സൈനിക ബറ്റാലിയന്റെ സാഹസികതകളെയാണ് സ്മാരകം അടയാളപ്പെടുത്തുന്നത്. ഈ സ്മാരകത്തൈച്ചാല്ലി വിവാദങ്ങള് ഇല്ലാതില്ല. 1971ല് സോവ്യറ്റ് യൂണിയന്റെ കാലത്താണ് ഇത് നിര്മിച്ചത് എന്നതും ഇവരില് പലരും പിന്നീട് ലെനിന്റെ അംഗരക്ഷകരായിരുന്നുവെന്നതുമാണ് വിവാദത്തിന്റെ ഹേതു. സോവ്യറ്റ് ഭരണത്തിന്റെ പ്രതീകമായി ഇതിനെ കാണുന്നവരുമുണ്ട്.
അധിനിവേശത്തിന്റെ ചരിത്രം പറയുന്ന മ്യൂസിയം ഓഫ് ഒക്യുപേഷന് റൈഫിള്മെന് സ്ക്വയറിന് തൊട്ടടുത്തായി കാണാം. 1940 മുതല് 1991 വരെയുള്ള 51 വര്ഷം സോവ്യറ്റ്, നാസി ഭരണകൂടങ്ങള് ലാത്വിയയെ അടിച്ചമര്ത്തി ഭരിച്ചതിന്റെ ദുരന്തസ്മൃതികള് പേറുന്ന ഒരു മ്യൂസിയം.
സോവ്യറ്റ് ഭരണകൂടത്തിനെതിരായി ബാള്ട്ടിക് രാജ്യങ്ങളിലെ ജനങ്ങള് സമാധാനപരമായി നടത്തിയ, ലോകചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിഷേധങ്ങളുടെയും ജനകീയ മുന്നേറ്റത്തിന്റെയും രേഖകള് 'മ്യൂസിയം ഓഫ് ഓക്യുപ്പേഷ'നില് പ്രദര്ശിപ്പിച്ചിട്ടുണ്ട്.
1989 ഓഗസ്റ്റ് 23ന്റെ സായന്തനത്തില് എസ്റ്റോണിയ, ലാത്വിയ, ലിത്വാനിയ എന്നിവയുടെ തലസ്ഥാനനഗരങ്ങളെ ബന്ധിപ്പിച്ചാണ് 'ദ് ബാള്ട്ടിക് വേ' എന്ന അണമുറിയാത്ത മനുഷ്യച്ചങ്ങല രൂപമെടുത്തത്; ഏകദേശം 675 കിലോമീറ്റര് നീളത്തില്. ഈ രാജ്യങ്ങളിലെ മൊത്തം ജനസംഖ്യയുടെ നാലിലൊന്ന് (20 ലക്ഷത്തോളം) ആളുകള് ചങ്ങലയില് പങ്കാളികളായി, സ്വാതന്ത്ര്യവും ജനാധിപത്യവും വീണ്ടെടുക്കുകയെന്ന ചിന്തയോടെ.
1939 ഓഗസ്റ്റ് 23ന് സോവ്യറ്റ് യൂനിയനും നാസി ജര്മനിയും തമ്മില് 'മൊളോട്ടോവ്-റിബണ്ട്രോപ്പ് പാക്ട്' ഒപ്പിടുകയും അതുവഴി ബാള്ട്ടിക് രാജ്യങ്ങളെ ബലമായി പിടിച്ചെടുത്ത് സോവ്യറ്റ് അധീനതയിലാക്കുകയും ചെയ്തിരുന്നു. ഈ കറുത്ത കരാര് ഒപ്പിട്ടതിന്റെ അമ്പതാം വാര്ഷികദിനമായ 1989 ഓഗസ്റ്റ് 23നാണ് ബാള്ട്ടിക് ജനത തങ്ങളുടെ പ്രതിഷേധത്തിനായി തെരഞ്ഞെടുത്തത്. തങ്ങളുടെ അടിമത്തം ലോകത്തിനുമുന്നില് തുറന്നുകാണിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.
വൈകിട്ട് കൃത്യം ഏഴു മണിക്ക് ജനങ്ങളൊന്നാകെ കൈകോര്ത്തുപിടിച്ച് 15 മിനിറ്റോളം നിന്നു. പലരും റേഡിയോയിലൂടെ നിര്ദേശങ്ങള് സ്വീകരിച്ചാണ് ചങ്ങലയുടെ ഭാഗമായത്. ആയുധങ്ങളോ അക്രമങ്ങളോ ഇല്ലാതെ പാട്ടുകള്പാടിയും മെഴുകുതിരികള് കത്തിച്ചുമാണ് അവര് പ്രതിഷേധിച്ചത്. അതിനാല് ഇത് പാടുന്ന വിപ്ലവം അഥവാ സിങ്ങിങ് റെവല്യൂഷന് എന്നറിയപ്പെടുന്നു.
ചരിത്രത്തിലെ ഏറ്റവും നീളമേറിയതും ജനപങ്കാളിത്തമുള്ളതുമായ മനുഷ്യച്ചങ്ങലകളില് ഒന്നായി ഇത് മാറി. 2009ല് യുനെസ്കോ ഈ സംഭവത്തിന്റെ ദൃശ്യങ്ങളും രേഖകളും തങ്ങളുടെ 'മെമ്മറി ഓഫ് ദ് വേള്ഡ് രജിസ്റ്ററി'ല് ഉള്പ്പെടുത്തി ആദരിച്ചു. ഈ വമ്പിച്ച പ്രതിഷേധം കണ്ട സോവ്യറ്റ് യൂണിയന് ഒടുവില് ബാള്ട്ടിക് രാജ്യങ്ങളുടെ സ്വാതന്ത്ര്യദാഹത്തിനുമുന്നില് കീഴടങ്ങി. ഈ സംഭവത്തിന് ശേഷം രണ്ട് വര്ഷത്തിനകം മൂന്നുരാജ്യങ്ങളും സമ്പൂര്ണ സ്വാതന്ത്ര്യം നേടി.
റീഗയിലെ ടൗണ് ഹാള് സ്ക്വയറിലേക്ക് നമുക്ക് നടക്കാം. കല്ലു പാകിയ നടപ്പാതകളുള്ള, സുവനീര് കടകളാല് ചുറ്റപ്പെട്ട വലിയ തുറസ്സായ സ്ഥലമാണത്. ചരിത്രകഥകള് പറഞ്ഞുകൊണ്ട് അനീറ്റ ഒപ്പമുണ്ട്. ഇവിടെയുള്ള ഹൗസ് ഓഫ് ബ്ലാക്ക് ഹെഡ്സ് നഗരത്തിലെ ഏറ്റവും പ്രശസ്തമായ ചരിത്രസ്മാരകങ്ങളില് ഒന്നാണ്. റീഗയിലെ വ്യാപാരികള്ക്കും പൊതുജനങ്ങള്ക്കുമായി 1334ലാണ് ഈ കെട്ടിടം ആദ്യമായി നിര്മിക്കുന്നത്. അക്കാലത്ത് ഇത് 'ന്യൂ ഹൗസ്' എന്നാണ് അറിയപ്പെട്ടിരുന്നത്.
പതിനഞ്ചാം നൂറ്റാണ്ടിന്റെ പകുതിയോടെ, 'ബ്രദര്ഹുഡ് ഓഫ് ബ്ലാക്ക്ഹെഡ്സ്' എന്ന, ബാള്ട്ടിക് മേഖലയില് പ്രവര്ത്തിച്ചിരുന്ന അവിവാഹിതരായ വിദേശ വ്യാപാരികളുടെയും കപ്പല് ഉടമകളുടെയും സംഘടന ഈ കെട്ടിടം വാടകയ്?ക്കെടുക്കുകയും പിന്നീട് അവരുടെ പ്രധാന ആസ്ഥാനമാക്കുകയും ചെയ്തു. ലോകചരിത്രത്തില് ആദ്യമായി പൊതുസ്ഥലത്ത് അലങ്കരിച്ച ഒരു ക്രിസ്മസ് ട്രീ സ്ഥാപിച്ചത്, 1510ല്, ഈ കെട്ടിടത്തിനു മുന്നിലാണെന്നാണ് ചരിത്രം. ഇതിന്റെ സ്മരണയ്ക്കായി ഒരു കല്ല് ഇപ്പോഴും അവിടെ കാണാം.
1620ഓടെ കെട്ടിടത്തിന്റെ മുന്ഭാഗം ഡച്ച് നവോത്ഥാന ശൈലിയില് മനോഹരമായ ശില്പങ്ങളും അലങ്കാരങ്ങളും ജ്യോതിശാസ്ത്ര ഘടികാരവും ഉള്പ്പെടുത്തി പുനര്നിര്മിച്ചു. നഗരത്തിലെ വലിയ പാര്ട്ടികള്ക്കും, പ്രമുഖവ്യക്തികള്ക്ക് സ്വീകരണമേകുന്നതിനുമുള്ള പ്രധാന വേദിയായിരുന്നു ഇത്.
1941 ജൂണ് 29ന് രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്മന്, സോവ്യറ്റ് സേനകള് തമ്മിലുള്ള യുദ്ധത്തില് ഉണ്ടായ ബോംബാക്രമണത്തില് ഈ കെട്ടിടം പൂര്ണമായും തകര്ന്നു. യുദ്ധത്തിനുശേഷം അവശിഷ്ടങ്ങള് പോലും 1948ല് സോവ്യറ്റ് ഭരണകൂടം ഡൈനാമിറ്റ് ഉപയോഗിച്ച് തകര്ത്തുകളഞ്ഞുവത്രേ. എന്നാല്, കെട്ടിടത്തിന്റെ ചരിത്രപ്രധാനമായ ഭൂഗര്ഭ നിലവറമാത്രം തകരാതെ അവശേഷിച്ചു.
ലാത്വിയക്ക് സോവ്യറ്റ് യൂണിയനില്നിന്ന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം, റീഗ നഗരത്തിന്റെ എണ്ണൂറാം വാര്ഷികത്തോടനുബന്ധിച്ച് പഴയ ബ്ലൂപ്രിന്റുകളും ചിത്രങ്ങളും ഉപയോഗിച്ച് ഈ കെട്ടിടം കൃത്യമായി പഴയപടി തന്നെ പുനര്നിര്മിക്കാന് തീരുമാനിച്ചു. 1999 ഓഗസ്റ്റ് 24നാണ് ഇന്നുകാണുന്ന മട്ടില് മനോഹരമായ 'ബ്രദര്ഹുഡ് ഓഫ് ബ്ലാക്ക്ഹെഡ്സ്' നഗരത്തിന് സമര്പ്പിച്ചത്. 'ഞാന് വീണ്ടും തകര്ന്നടിയുകയാണെങ്കില്, നിങ്ങള് എന്നെ വീണ്ടും നിര്മിക്കുക' എന്നൊരു വാചകം ഇതിന്റെ ചുവരുകളില് എഴുതിയിട്ടുണ്ട്.
ഇപ്പോള് ഇതൊരു മ്യൂസിയമാണ്. അകത്തുകേറിയാല് പഴയകാല നിധികള്, ആയുധങ്ങള്, വലിയ ക്രിസ്റ്റല് ഷാന്ഡിലിയറുകള്, തകരാതെ അവശേഷിച്ച പതിനാലാം നൂറ്റാണ്ടിലെ യഥാര്ത്ഥ ഭൂഗര്ഭ നിലവറ എന്നിവ കാണാനാവും. ലാത്വിയന് പ്രസിഡന്റിന്റെ താല്കാലിക വസതിയായും ഈ കെട്ടിടം ഉപയോഗിച്ചിട്ടുണ്ടെന്ന് അനീറ്റ പറഞ്ഞു.
റീഗ നഗരത്തിലെ പ്രസിദ്ധമായ 'പൂച്ച വീടി'നെപ്പറ്റിയുള്ള ഐതിഹ്യവും അനീറ്റ വിവരിച്ചു. തന്റെ വ്യാപാര സംഘടനയായ 'ഗ്രേറ്റ് ഗില്ഡ്' അംഗത്വം നിഷേധിച്ചതില് പ്രതിഷേധിച്ച്, ഒരു സമ്പന്നനായ വ്യാപാരി ആ സംഘടനയുടെ കെട്ടിടത്തിനരികെ ഒരു മഞ്ഞ നിര്മിതിയുണ്ടാക്കി. അതിനുമുകളില് രണ്ടു പൂച്ചകളുടെ പ്രതിമകള് സ്ഥാപിച്ചു, അവയുടെ പിന്ഭാഗവും വാലും 'ബ്രദര്ഹുഡ് ഓഫ് ബ്ലാക്ക്ഹെഡ്സി'ന് അഭിമുഖമായി വരുന്ന രീതിയില്. ഇതിനെതിരേ സംഘടന കേസുകൊടുത്തു. ഒടുവില് സംഘടനയ്ക്ക് ഇയാളെ അംഗീകരിക്കേണ്ടിവന്നു. ഗില്ഡില് പ്രവേശനം ലഭിച്ചപ്പോള്, പൂച്ചകളുടെ ഇരിപ്പ് മാറ്റി, തലഭാഗം സംഘടനയുടെ നേര്ക്ക് വരുന്ന രീതിയില് തിരിച്ചുവയ്ക്കാന് അയാള് തയാറായത്രെ!
ഈ പൂച്ചക്കഥ റീഗയിലെ ഏറ്റവും രസകരമായ ഒരു നാടോടിക്കഥയാണ്. കറുത്തപൂച്ചകള് ഇപ്പോള് റീഗയുടെ ഒരു പ്രതീകമാണ്. നഗരത്തിലെ സുവനീര് ഷോപ്പുകളില് 'ബ്ലാക്ക് ക്യാറ്റു'കളെ അന്വേഷിച്ചുനടക്കുന്ന സഞ്ചാരികളെ കാണാം.
സഞ്ചാരികള്ക്കായി സൗജന്യ വോക്കിങ് ടൂറുകള് നടത്തുന്ന നിരവധി ഗൈഡുകള് റീഗയിലുണ്ടെന്ന് പിന്നീടറിയാനായി. വൈകുന്നേരങ്ങളില് ഒന്നര, രണ്ടുമണിക്കൂര് നേരം കാല്നടയാത്രയിലൂടെ നഗരക്കാഴ്ചകള്ക്കൊപ്പം നഗരചരിത്രവും അറിയാം. വോക്കിങ് ടൂറിന് നിശ്ചിത ഫീസ് മുന്കൂറായി നല്കേണ്ടതില്ല. ഫ്രീ ടൂര് എന്നാണു പറയുന്നതെങ്കിലും യാത്രയ്ക്കൊടുവില് മനമറിഞ്ഞുള്ള ടിപ്പുകള് നല്കാന് ഗൈഡ് വിനീതമായി അഭ്യര്ത്ഥിക്കും. യാത്ര പൂര്ണമായി ആസ്വദിച്ചശേഷം, അതെത്രത്തോളം മികച്ചതായിരുന്നുവെന്ന് മനസിലാക്കി അവരവരുടെ ബജറ്റിനനുസരിച്ച് തക്കതായ ഒരു ടിപ്പ് ഗൈഡിന് നല്കാം. യാതൊരുവിധ സമ്മര്ദവും ചെലുത്താറില്ല. ഫ്രീലാന്സ് ഗൈഡുകളാണ് ഇത്തരം യാത്രകള് അറേഞ്ച് ചെയ്യുന്നത്. ചെറുവരുമാനത്തിനായി യാത്രികര് നല്കുന്ന ടിപ്പിനെ ആശ്രയിക്കുന്ന ഇവര് സഞ്ചാരികള്ക്ക് ഏറ്റവും മികച്ചതും ആസ്വാദ്യകരവുമായ അനുഭവങ്ങള് സമ്മാനിക്കാന് ബദ്ധശ്രദ്ധരാണ്. പറഞ്ഞിട്ടെന്താ, ഞാനിതൊക്കെ അറിയുന്നത് റീഗ വിട്ടതിനുശേഷമാണേല്ലാ.
പോകുന്നത് എവിടേക്കായാലും പുറപ്പെടും മുന്നേ പോക്കറ്റ് അതിവേഗം കാലിയാക്കാത്ത സഞ്ചാരവഴികള് കണ്ടെത്താന് നോക്കണം: ഞാന് എന്നെത്തന്നെ വീണ്ടും ഓര്മപ്പെടുത്തി.
ടി.എം. ഹാരിസ്




Comments