
ബ്യൂണസ് ഐറിസ്: രാജ്യത്തിനായി ഏറ്റവും കൂടുതല് മത്സരങ്ങള്, ഏറ്റവും കൂടുതല് ഗോളുകള്, ലോകകപ്പ് അടക്കം അനേകം രാജ്യാന്തര നേട്ടങ്ങള്. മെസ്സി ബൂട്ട് അഴിക്കുമ്പോള് അര്ജന്റീനയിലും ഒരു യുഗം അവസാനിക്കും. ബ്യൂണസ് ഐറീസിലെ മോനുമെന്റല് സ്റ്റേഡിയത്തില് ബെനിനെതിരെയുള്ള സൗഹൃദ മത്സരമാണ് അവസാനം.
ഡീഗോ മറഡോണയ്ക്ക് മാത്രം അരികെയെത്താന് കഴിയുന്ന, അര്ജന്റീനയുടെ എക്കാലത്തെയും മികച്ച താരം എന്ന് നിസ്സംശയം പറയാവുന്ന കളിക്കാരനാണ് മെസ്സി. സ്പെയ്നോട് ലോകകപ്പ് ഫൈനലില് തോറ്റ് ആറ് മാസത്തിന് ശേഷം, ഓഗസ്റ്റ് 31-ന് ദേശീയ ടീമില് നിന്ന് താന് വിരമിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. തനിക്ക് ഇനി രാജ്യത്തിനായി നല്കാന് ഒന്നുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
മെസ്സിക്ക് എപ്പോഴെങ്കിലും തിരിച്ചുവരണമെന്ന് തോന്നുമ്പോള് തിരികെ വരാമെന്നും, അങ്ങനെ മാറ്റുന്നതില് യാതൊരു ലജ്ജയുമില്ലെന്നും ആയിരുന്നു കോച്ച് ലയണല് സ്കലോണി അന്ന് പ്രതികരിച്ചത്. അര്ജന്റീന ജഴ്സിയില് ഇനി കണ്ടില്ലെങ്കിലും ക്ലബ്ബ് കരിയറില് മെസ്സിയുടെ കളി കാണാനാകും. ഇന്റര് മിയാമിമായുള്ള കരാര് 2028 സീസണ് അവസാനം വരെയാണ്. തുടരാന് കഴിയുന്ന അവസാന ദിവസം വരെ അദ്ദേഹം കളം വിടില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള് വിശ്വസിക്കുന്നത്.
മാനസികമായും ശാരീരികമായും താന് സജ്ജനാണെന്ന് തോന്നിയാല് അദ്ദേഹം കരാര് പുതുക്കാനാണ് സാധ്യത. അതിന് ശേഷം എന്താണെന്ന് അദ്ദേഹത്തോട് അടുത്തുള്ളവരോട് ചോദിച്ചാല് അവര് പുഞ്ചിരിക്കുകയേ ഉള്ളൂ. കാരണം മെസ്സി ഒരിക്കലും തന്റെ അടുത്ത മത്സരത്തിനപ്പുറത്തേക്ക് വലിയ പദ്ധതികള് തയ്യാറാക്കിയിട്ടില്ല. ഫുട്ബോള് മാറ്റിനിര്ത്താന് ആകാത്തതിനാല് അദ്ദേഹം ഇതിനുള്ളില് തന്നെ തുടരും. എന്നാല് അദ്ദേഹത്തിന്റെ മറ്റ് ബിസിനസ്സ് താല്പ്പര്യങ്ങള് ഈ കളിക്കപ്പുറത്തേക്ക് വ്യാപിച്ചുകിടക്കുന്നുണ്ട്. കോച്ച് ആകാനാണോ അതോ ഉടമസ്ഥനാകാനാണോ താല്പ്പര്യമെന്ന് ചോദിച്ചപ്പോള് മെസ്സി തിരഞ്ഞെടുത്തത് 'ഉടമസ്ഥന്' പദവിയാണ്.
ബാഴ്സലോണയുടെ സമീപത്തുള്ള അഞ്ചാം ഡിവിഷന് കളിക്കുന്ന ക്ലബ്ബ 'യൂഇ കോര്ണെല്ല' എന്ന യുവതാരങ്ങള് വളരുന്ന ഒരു നഴ്സറി മെസ്സി ഏപ്രില് മാസം സ്വന്തമാക്കി. സ്പാനിഷ് സ്പോര്ട്സ് കൗണ്സിലിന്റെ അനുമതിക്ക് വിധേയമായി, രണ്ടാം ഡിവിഷനിലെ 'സിഡി എല്ഡന്സെ' തങ്ങളുടെ പുതിയ ഉടമയായി ഒക്ടോബര് 1-ന് മെസ്സിയെ പ്രഖ്യാപിച്ചു. മെസ്സിയുടെ ഫുട്ബോള് പ്രവര്ത്തനങ്ങളെ നയിക്കുന്ന ക്ലബ്ബ് എല്ഡന്സെ ആയിരിക്കും.
എന്നാല് ക്ലബ്ബിന്റെ ഈ സീസണിലെ ഏറ്റവും വലിയ ലക്ഷ്യം തരംതാഴ്ത്തപ്പെടല് ഒഴിവാക്കലാണ്. അതിനാല് പുതിയ ഉടമയുടെ വരവോടെ മുന് വിയ്യാറയല് ബോസ് ജാവി കല്ലെജയെ കോച്ചായി ക്ലബ്ബ നിയമിച്ചിട്ടുണ്ട്. ഈ രണ്ടു ക്ലബ്ബുകളും കൊണ്ടുപോകാനാണ് താരത്തിന്റെ പദ്ധതി. എല്ഡന്സെയുടെ ഓരോ മത്സരങ്ങളും മെസ്സി ഇപ്പോള് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. റയല് ഒവിയേഡോയെ ഒന്നിനെതിരെ നാല് ഗോളുകള്ക്ക് അടുത്തിടെ എല്ഡന്സെ തോല്പ്പിച്ചിരുന്നു.
മെസ്സിയുടെ പേര് വന്നതോടെ ഏതാനും ദിവസങ്ങള്ക്കുള്ളില് ഒരു ഡസനോളം സ്പോണ്സര്മാര് ക്ലബ്ബിനായി മുന്നോട്ട് വന്നു. ഇതിന് പുറമേ ഉറുഗ്വെയില് അദ്ദേഹവും ലൂയിസ് സുവാരസും ചേര്ന്ന് 2025 മെയ് മാസത്തില് 'പോര്ടിവോ എല്എസ്എം' സ്ഥാപിക്കുകയും, ആദ്യ സീസണില് തന്നെ അവര് മൂന്നാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം നേടുകയും ചെയ്തു. മിയാമിയുമായുള്ള ബന്ധവും നിലനില്ക്കുന്നുണ്ട്. ഇന്റര് മിയാമിമായുള്ള അദ്ദേഹത്തിന്റെ കരാറിന്റെ ഭാഗമായി, വിരമിക്കുമ്പോള് ക്ലബ്ബില് അദ്ദേഹത്തിന് ചില ഓഹരികള് ലഭിക്കും.
കുട്ടിക്കാലത്ത് റോസാരിയോയില് താന് പന്ത് തട്ടിയ 'ന്യൂവെല്സ് ഓള്ഡ് ബോയ്സ്' ക്ലബ്ബിലേക്ക് അദ്ദേഹത്തിന് മടങ്ങാനുള്ള ആശയം മെസ്സി മുമ്പ് പ്രകടിപ്പിച്ചിരുന്നു. ബാഴ്സലോണയിലേക്കുള്ള ഒരു ഹൃസ്വകാല മടക്കവും മറഡോണയുടെ ക്ലബ്ബായ നാപ്പോളിയില് കളിക്കുന്നതും അദ്ദേഹം പരിഗണിച്ചേക്കാം. കാസ്ട്രല്ഡെഫെല്സില് കടലിനും ബാഴ്സലോണയ്ക്കും അടുത്തായി താരത്തിനും കുടുംബത്തിനും ചെലവഴിക്കുന്നതിനായി ഒരു അസ്സല് വീടും ഒരുങ്ങിക്കഴിഞ്ഞു.







Comments