
ബെംഗളൂരുവിലേക്ക് ജോലി തേടി വരാനൊരുങ്ങുന്നവർക്ക് ഒരു യുവതി നൽകിയ മുന്നറിയിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പ്രതിമാസം കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും വരുമാനമില്ലെങ്കിൽ ബെംഗളൂരുവിലേക്ക് വരരുതെന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ അട്രേയി എന്ന യുവതി പറഞ്ഞത്. നഗരത്തിലെ ഉയർന്ന വാടകയും വീടുകളുടെ വിലയും ചൂണ്ടിക്കാട്ടിയായിരുന്നു അവരുടെ അഭിപ്രായം.
മധ്യവർഗ കുടുംബങ്ങളുടെ പ്രധാന സ്വപ്നങ്ങളിലൊന്നായ സ്വന്തം വീട് ബെംഗളൂരുവിൽ സ്വന്തമാക്കുക എളുപ്പമല്ലെന്നാണ് യുവതി പറയുന്നത്. നഗരത്തിൽ ഒരു വീടിന്റെ വില കുറഞ്ഞത് രണ്ട് കോടി രൂപയിൽ നിന്നാണ് തുടങ്ങുന്നതെന്നും നല്ല പ്രദേശത്തും മികച്ച ഹൗസിങ് സൊസൈറ്റിയിലുമുള്ള ഫ്ലാറ്റിന് മൂന്ന് മുതൽ നാല് കോടി രൂപ വരെ ചെലവാകുമെന്നും അവർ ചൂണ്ടിക്കാട്ടി. ഇത്രയും വലിയ തുക സാധാരണ വരുമാനക്കാരെ സംബന്ധിച്ച് വലിയ സാമ്പത്തിക ബാധ്യതയാകുമെന്നും അവർ പറഞ്ഞു.
വാടകയ്ക്കും വലിയ തുക ചെലവാകുന്നുവെന്നാണ് യുവതിയുടെ മറ്റൊരു വാദം. ഹൗസിങ് സൊസൈറ്റിയിലെ രണ്ട് ബെഡ്റൂം ഫ്ലാറ്റിന് കുറഞ്ഞത് 40,000 മുതൽ 45,000 രൂപ വരെ വാടക നൽകേണ്ടിവരുമെന്നാണ് അവർ പറഞ്ഞത്. അതുകൊണ്ടുതന്നെ മധ്യവർഗക്കാർക്ക് നഗരത്തിൽ സുഖകരമായി ജീവിക്കുക ബുദ്ധിമുട്ടാണെന്നും പ്രതിമാസം മൂന്ന് മുതൽ നാല് ലക്ഷം രൂപ വരെ സമ്പാദിക്കുന്നവർക്ക് ബെംഗളൂരുവിലെ ജീവിതച്ചെലവ് കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാനാകുമെന്നും അവർ അഭിപ്രായപ്പെട്ടു.
യുവതിയുടെ വീഡിയോ വൈറലായതോടെ അഭിപ്രായങ്ങൾ രണ്ടായി. ബെംഗളൂരുവിലെ ഉയർന്ന വാടകയും വീടുകളുടെ വിലയും ചൂണ്ടിക്കാട്ടിയുള്ള വാദം ശരിയാണെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, ഒരു ലക്ഷം രൂപയിൽ താഴെ സമ്പാദിക്കുന്നവർ നഗരത്തിലേക്ക് വരരുതെന്ന നിർദേശം അതിരുകടന്നതാണെന്ന് മറ്റുചിലർ പറഞ്ഞു. കരിയറിന്റെ തുടക്കത്തിൽ തന്നെ വലിയ വരുമാനം പ്രതീക്ഷിക്കാതെ കഴിവുകൾ മെച്ചപ്പെടുത്തി പതുക്കെ മുന്നേറണമെന്ന അഭിപ്രായവും സമൂഹമാധ്യമങ്ങളിൽ ഉയർന്നു.







Comments