
ചെന്നൈയിലെ തിരക്കേറിയ പഴയ മഹാബലിപുരം റോഡിൽ (ഒഎംആർ) റോഡ് പെട്ടെന്ന് ഇടിഞ്ഞുതാഴ്ന്ന് കാർ കുഴിയിലേക്ക് പതിച്ചു. തിഡൽ പാർക്കിന് സമീപം വ്യാഴാഴ്ച രാവിലെയാണ് സംഭവം. റോഡ് തകർന്നതോടെ കാറിനൊപ്പം വലിയൊരു ഭാഗം താഴേക്ക് ഇടിഞ്ഞു. പത്തടി താഴ്ചയുള്ള കുഴിയിലേക്ക് മറിഞ്ഞുവീണ കാറിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
കാർ കടന്നുപോകുന്നതിനിടെയാണ് റോഡിന്റെ ഒരു ഭാഗം അപ്രതീക്ഷിതമായി തകർന്നത്. വാഹനത്തിലുണ്ടായിരുന്ന ഒരു പുരുഷനും ഒരു സ്ത്രീയും അപകടത്തിൽപ്പെട്ടെങ്കിലും ഇരുവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. റോഡ് ഇടിഞ്ഞതോടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ കുഴിയിലേക്ക് പതിക്കുകയും തലകീഴായി മറിയുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളിൽ കുഴിക്കുള്ളിൽ മറിഞ്ഞുകിടക്കുന്ന കാറും തകർന്ന റോഡിന്റെ ഭാഗങ്ങളും കാണാം.
ചെന്നൈയിൽ മെട്രോ റെയിൽ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്ന മേഖലയിലാണ് അപകടം ഉണ്ടായത്. റോഡ് തകർന്നതോടെ പ്രദേശത്ത് ഗതാഗതക്കുരുക്കും രൂക്ഷമായി. അപകടസ്ഥലത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയ അധികൃതർ തകർന്ന ഭാഗം പുനർനിർമിക്കാനുള്ള നടപടികളും ആരംഭിച്ചു. റോഡിന്റെ അടിഭാഗത്തെ മണ്ണ് താഴ്ന്നതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇതേ മേഖലയിൽ കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ റോഡ് ഇടിഞ്ഞ് കാർ കുഴിയിലേക്ക് പതിച്ചിരുന്നു. അന്ന് അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു. തുടർച്ചയായി റോഡ് തകരുന്ന സംഭവങ്ങൾ പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തുകയാണ്. മെട്രോ നിർമാണം നടക്കുന്ന മേഖലകളിൽ റോഡിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും പുതിയ സംഭവം വീണ്ടും ചർച്ചയാക്കുന്നു.
https://x.com/omjasvinMD/status/2108078395162775705?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2108078395162775705%7Ctwgr%5E87a462ac963030aa7926a453e7e36ac65aa1643b%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.freepressjournal.in%2Fviral%2Fchennais-omr-road-caves-in-near-tidel-park-leaves-car-trapped-in-sinkhole-watch







Comments