മോസ്കോ: പശ്ചിമേഷ്യന് സംഘര്ഷം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഇറാന്റെ നിലപാട് യു.എസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപിനെ അറിയിച്ച് റഷ്യന് പ്രസിഡന്റ് വ്ളാദിമിര് പുടിന്. ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി നടത്തിയ ചര്ച്ചകളുടെ അടിസ്ഥാനത്തിലാണിതെന്ന് ക്രെംലിന് വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. തുര്ക്മെനിസ്താനില് നടന്ന ഉച്ചകോടിക്കിടെ ഇറാന് പ്രസിഡന്റുമായി പുടിന് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ ട്രംപുമായി നടത്തിയ ഫോണ് സംഭാഷണത്തിലാണ് ഇറാന്റെ സമാധാന സമീപനം പുടിന് കൈമാറിയത്. എന്നാല് ട്രംപിന്റെ മറുപടി എന്തായിരുന്നെന്ന് ക്രെംലിന് വ്യക്തമാക്കിയിട്ടില്ല. ഇറാന്റെ നിര്ദേശങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല. പശ്ചിമേഷ്യന് വിഷയത്തിനു പുറമേ, യുൈക്രന് യുദ്ധം ലഘൂകരിക്കാന് ട്രംപ് മുന്നോട്ടുവച്ച ആശയങ്ങളും പുടിനുമായുള്ള ഫോണ് സംഭാഷണത്തില് ചര്ച്ചയായതായി പറയപ്പെടുന്നു. അമേരിക്കയുടെ നിര്ദേശങ്ങള് വ്യക്തമായ ധാരണയോടെയാണ് റഷ്യ സ്വീകരിച്ചതെന്ന് പെസ്കോവ് അറിയിച്ചു.
ഇതിനിടെ, യുൈക്രനിലെ സപോരിഷ്യ മേഖലയില് റഷ്യ നടത്തിയ വ്യോമാക്രമണത്തില് മൂന്നു കുട്ടികള് ഉള്പ്പെടെ 12 പേര് കൊല്ലപ്പെട്ടു. റഷ്യന് ഡീസല് വാങ്ങാന് യു.എസ് തീരുമാനിച്ചതിനു പിന്നാലെയാണിത്. യു.എസിന്റെ നയമാറ്റം റഷ്യക്കു കൂടുതല് ആക്രമണങ്ങള് നടത്താന് ധൈര്യം പകരുന്നതാണെന്ന് യുൈക്രന് പ്രസിഡന്റ് വൊളോദിമിര് സെലെന്സ്കി പ്രതികരിച്ചു.



Comments