ഇംഫാല്: മണിപ്പൂരിലെ രണ്ടു ജില്ലകളിലുണ്ടായ അക്രമസംഭവങ്ങളില് സ്ത്രീ ഉള്പ്പെടെ അഞ്ചുപേര് കൊല്ലപ്പെട്ടു. കാംജോങ്, ഉഖ്റുല് ജില്ലകളിലാണ് സായുധസംഘങ്ങള് ഏറ്റുമുട്ടിയത്. നാഗാ ഭൂരിപക്ഷ ജില്ലയായ കാംജോങ്ങിലെ കുക്കി സ്വാധീനമേഖലയായ ഛസാദ് ഗ്രാമത്തിലാണ് രണ്ടു പേര് കൊല്ലപ്പെട്ടത്. 22 വയസുകാരനായ യുവാവും 42 വയസുള്ള സ്ത്രീയുമാണ് കൊല്ലപ്പെട്ടതെന്ന് അധികൃതര് വ്യക്തമാക്കി. അഞ്ചു കുട്ടികളുടെ അമ്മയായ സ്ത്രീയുടെ കഴുത്തിന് വെടിവച്ച് വീഴ്ത്തുകയായിരുന്നു. തല്ക്ഷണം മരണം സംഭവിച്ചു. ഇതേത്തുടര്ന്നാണ് മേഖലയില് കുക്കി-നാഗാ സായുധസംഘങ്ങള് തമ്മില് ഏറ്റുമുട്ടലുണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച വെടിവയ്പ്പും ഏറ്റുമുട്ടലും ഇന്നലെയും തുടര്ന്നു. ഈ ഏറ്റുമുട്ടലിലാണ് യുവാവ് കൊല്ലപ്പെട്ടത്. പത്തോളം വീടുകള് അഗ്നിക്കിരയായി. മ്യാന്മര് അതിര്ത്തിക്കു സമീപമുള്ള കാംജോങ്ങിലെ നിങ്ചൗ ഗ്രാമത്തിലുള്ള തങ്ഖുല് നാഗ സെറ്റില്മെന്റിനുനേരേയും ആക്രമണമുണ്ടായി. ഇവിടെ രണ്ടു യുവാക്കള് കൊല്ലപ്പെട്ടു. വിവരം അറിഞ്ഞെത്തിയ സുരക്ഷാസേന സ്ഥിതിഗതികള് നിയന്ത്രണവിധേയമാക്കി. വെടിവയ്പ്പിനു ശേഷം ആക്രമികള് മ്യാന്മര് ഭാഗത്തേക്കു രക്ഷപ്പെട്ടതായി ഗ്രാമവാസികള് പറഞ്ഞു. മൃതദേഹങ്ങള് പോസ്റ്റ്മോര്ട്ടത്തിനായി കാംജോങ് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഉഖ്രുല് ജില്ലയിലുണ്ടായ മറ്റൊരു അക്രമസംഭവത്തില് യുവാവ് കൊല്ലപ്പെട്ടു. ചെപു യാവോലെനു സമീപം സായുധസംഘം സഞ്ചരിച്ച വാഹനത്തിനുനേരേയുണ്ടാവെടിവയ്പ്പില് സന്ദീപ് റായ്(40) എന്നയാള് കൊല്ലപ്പെട്ടു. കാംഗോങ്പി ജില്ലയിലെ മാകുകായ് അഷാങ്, താപ്പോണ് എന്നിവിടങ്ങളിലും സായുധസംഘങ്ങള് തമ്മില് കനത്ത ഏറ്റുമുട്ടലുണ്ടായെന്നാണു റിപ്പോര്ട്ട്.



Comments