
ഉന്നത നിലവാരത്തില് നിര്മിക്കപ്പെട്ട എം.സി. റോഡിലൂടെ കുതിച്ചുപായുമ്പോള് ഒരു വിദേശപൗരന്റെ ജീവന് ബലിയര്പ്പിക്കപ്പെട്ട കാര്യം ആരെങ്കിലും ഓര്ക്കാറുണ്ടോ? എം.സി റോഡ് വികസന പദ്ധതിയുടെ കരാര് ഏറ്റെടുത്തിരുന്ന പതി-ബെല് കമ്പനിയുടെ ചീഫ് പ്രോജക്ട് മാനേജരായിരുന്ന മലേഷ്യന് പൗരന് ലീ സീ ബിന് 2008 നവംബര് 11നാണ് ജീവനൊടുക്കിയത്. ലീയുടെ ആത്മഹത്യയിലേക്ക് നയിച്ച അഴിമതിയില് അന്നത്തെ പൊതുമരാമത്ത് സെക്രട്ടറി ഗ്യാനേഷ് കുമാറിന് പങ്കുണ്ടെന്ന പരാതിയില് വിജിലന്സ് അന്വേഷണത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇപ്പോള് ഉത്തരവിട്ടിരിക്കുന്നു.
ആവര്ത്തിച്ചാവശ്യപ്പെട്ടിട്ടും പൂര്ത്തിയായ പണിയുടെ ബില്ലുകള് പാസാക്കാത്തതില് മനംനൊന്താണ് ലീ കോലാലംപൂരില് ജീവനൊടുക്കിയത്. ആത്മഹത്യാ കുറിപ്പില് ഗ്യാനേഷ് കുമാറിന്റെ പേരുമുണ്ടായിരുന്നു. പൊതുമരാമത്ത് വകുപ്പിനും ഉദ്യോഗസ്ഥര്ക്കും എതിരെയുള്ള ആരോപണങ്ങള് അതില് വ്യക്തമായി കുറിച്ചിരുന്നു. കൈക്കൂലി കൊടുക്കാത്തതിനാല് ശത്രുതാപരമായി പെരുമാറി എന്ന് ആത്മഹത്യാക്കുറിപ്പ് വ്യക്തമാക്കുന്നു.
വി.എസ്. അച്യുതാനന്ദന് സര്ക്കാരിന്റെ കാലത്ത് വിജിലന്സ് പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും തുടര്നടപടികള് സ്വീകരിച്ചിരുന്നില്ല. പാതിവഴിയില് ഉപേക്ഷിച്ച അന്വേഷണത്തിന്റെ തുടര്ച്ചയാണിതെന്നും നീതി ഉറപ്പാക്കാന് നടപടികള് സ്വീകരിക്കുമെന്നുമാണ് ആഭ്യന്തരമന്ത്രി അവകാശപ്പെട്ടിരിക്കുന്നത്.
എം.സി. റോഡിലെ 127 കിലോമീറ്റര് ദൂരം പുനര്നിര്മാണം നടത്താനുള്ള 215 കോടി രൂപയുടെ കരാറാണ് 2002ല് കമ്പനിക്ക് ലഭിച്ചത്. മലേഷ്യന് കമ്പനിയായ പതിയും കേരളത്തിലെ ഭഗീരഥ എന്ജിനീയറിങ് ലിമിറ്റഡും(ബെല്) ചേര്ന്നുള്ള കണ്സോര്ഷ്യമായിരുന്നു പതി-ബെല്. 2005 ഡിസംബര് 31ന് മുമ്പ് നിര്മാണ ജോലികള് പൂര്ത്തിയാക്കണമെന്നായിരുന്നു കരാര് വ്യവസ്ഥ. എന്നാല്, സാധാരണ പോലെ പദ്ധതി വൈകി. വൈകിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്ക്കാര് സമ്മര്ദം ചെലുത്തി. യഥാസമയം സര്ക്കാര് ഭൂമി ഏറ്റെടുത്ത് നല്കാത്തതാണ് കാലതാമസത്തിന് കാരണമായതെന്നും നഷ്ടപരിഹാരം നല്കാനാവില്ലെന്നും പതി-ബെല്ലും നിലപാടെടുത്തു. തര്ക്കം മുറുകിയതോടെ ബില്ലുകള് തടഞ്ഞു.127 കിലോമീറ്ററില് 55% പണി പൂര്ത്തിയായപ്പോഴായിരുന്നു ഇത്. ശേഷിച്ച 106 കോടിയും ബില് കുടിശികയും നല്കിയാല് നിര്മാണം പൂര്ത്തിയാക്കാമെന്നു പതി-ബെല് അറിയിച്ചെങ്കിലും സര്ക്കാര് വഴങ്ങിയില്ല. എന്നാല്, പിന്നീട് 106 കോടിക്ക് പുറമേ 72.5 ശതമാനം അധിക നിരക്കും നല്കേണ്ടിവന്നു. 183 കോടി രൂപ. ആര്ബിട്രേഷനിലൂടെ 35 കോടി വേറെയും. 215 കോടി രൂപയുടെ പദ്ധതിക്ക് വേണ്ടിവന്നത് 330 കോടി രൂപ. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിന്റെ നടപടികളാണ് ഇത്രയും വലിയ നഷ്ടം ഉണ്ടാക്കിയതെന്ന ആരോപണം അന്നേ ശക്തമായിരുന്നു. ബില്ലുകള് പാസാക്കാത്തത് ലീയെ കടുത്ത മാനസിക സമ്മര്ദത്തിലാക്കിയിരുന്നു. ഇതേ തുടര്ന്നാണ് 2008 നവംബര് 11ന് അദ്ദേഹം ജീവനൊടുക്കിയത്. പദ്ധതി നടത്തിപ്പിലെ ക്രമക്കേടും ലീയുടെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളും വിജിലന്സ് അന്വേഷിക്കാന് 2006 നവംബറില് അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന് ഉത്തരവിട്ടു. എന്നാല്, ആ അന്വേഷണം എങ്ങും എത്തിയില്ല. അതാണ് മിക്കവാറും അഴിമതി അന്വേഷണങ്ങളുടെയും പരിണാമം. അതിനുശേഷം വന്ന ഉമ്മന്ചാണ്ടി ഗവണ്മെന്റില് രമേശ് ചെന്നിത്തല തന്നെ ആഭ്യന്തര മന്ത്രിയായി വന്നു. അപ്പോഴും ഈ അന്വേഷണം ആവിയായി പോയതിന്റെ പൊരുള് തേടിയില്ല. ഇപ്പോള് ഗ്യാനേഷ് കുമാര് 'തോക്കിന് മുന'യില് നില്ക്കുന്നതിന്റെ പശ്ചാത്തലത്തില് പുതിയ അന്വേഷണ ഉത്തരവ് വരുന്നു.
അഴിമതി അന്വേഷണം ഇത്തരത്തിലാണോ ആവേണ്ടതെന്ന പ്രസക്തമായ ചോദ്യത്തിന് ഉത്തരം ഉണ്ടാവേണ്ടത് ഇവിടെയാണ്. ഏതു മുന്നണി വന്നാലും അഴിമതിക്കാര്ക്ക് പരിരക്ഷ ലഭിക്കുന്നു എന്ന ആക്ഷേപം വളരെക്കാലമായി ഉയരുന്നതാണ്. അന്വേഷണങ്ങള് പൂര്ത്തീകരിക്കപ്പെടുകയോ കുറ്റക്കാര് പിടിക്കപ്പെടുകയോ ചെയ്യാത്ത അവസ്ഥ. ഈ ദുരവസ്ഥയ്ക്കാണ് മാറ്റം ഉണ്ടാവേണ്ടത്.
ഏറെ ചര്ച്ച ചെയ്യപ്പെട്ട എത്രയോ അഴിമതി അന്വേഷണങ്ങള് എത്തും തുമ്പും ഇല്ലാതെ അവസാനിക്കുന്നു. അവ ചര്ച്ച ചെയ്യപ്പെടുമ്പോഴും അന്വേഷണ ഉത്തരവിലേക്ക് നയിക്കപ്പെടുമ്പോഴുമുള്ള ആകാംക്ഷയും പൊതുജന ശ്രദ്ധയും കെട്ടടങ്ങുന്നതോടെ അന്വേഷണവും അവസാനിക്കുന്നു.
മുന്പ്് ഏറെ ചര്ച്ച ചെയ്യപ്പെട്ട ഒരു വകുപ്പിലെ അഴിമതി സംബന്ധിച്ചു പി.ടി. തോമസും ഞാനും അടക്കം 64 എം.എല്.എമാര് ഒപ്പിട്ട് ആവശ്യപ്പെട്ട അന്വേഷണം ആ കടലാസിന്റെ വിലപോലുമില്ലാതെ അപ്രത്യക്ഷമായത് എനിക്ക് നേരിട്ട് ബോധ്യമുള്ള കാര്യമാണ്. അതുകൊണ്ടാണ് അഴിമതി തടയണമെന്ന് ആര്ക്കാണ് നിര്ബന്ധം എന്ന സംശയമുരുന്നത്. എതിരാളികളെ പൂട്ടാനും നിലയ്ക്കുനിര്ത്താനും കീഴ്?പെടുത്തി വരുതിയിലാക്കാനുമുള്ള ആയുധമായല്ല അഴിമതി അന്വേഷണങ്ങളും അന്വേഷണ ഏജന്സികളും പ്രവര്ത്തിക്കേണ്ടത്.
ബി.ജെ.പിയുടെ കേന്ദ്ര ഭരണത്തിനു കീഴില് ഇത് വ്യാപകമായി ചര്ച്ച ചെയ്യപ്പെട്ടതാണ്. എം.പിമാരും എം.എല്.എമാരും അടക്കം 111 ജനപ്രതിനിധികളാണ് കൂറുമാറി ആ പക്ഷത്തേക്ക് ചേര്ന്നതെന്നാണ് പുറത്തുവന്നിരിക്കുന്ന കണക്ക്. അതിലെ മഹാഭൂരിപക്ഷത്തെയും അഴിമതി ആരോപണ അന്വേഷണങ്ങളുടെ മുന്മുനയില് നിര്ത്തി കീഴടക്കിയതാണ് എന്ന് ചരിത്രം സാക്ഷി. ബി.ജെ.പിയുടെ വാഷിങ് മെഷീനില് കയറിയിറങ്ങുന്നതോടെ അഴിമതിക്കാരെല്ലാം വിശുദ്ധരായി മാറുന്നു എന്ന പ്രയോഗം തന്നെ ഇതേ തുടര്ന്നുണ്ടായി.
രാഷ്ട്രീയക്കാരെല്ലാം അഴിമതിക്കാരാണെന്ന ധാരണ പടരാനും വിശ്വാസ്യത തകരാനും ഇതിടയാക്കിയിട്ടുണ്ട്. ഇവിടെയാണ് നെല്ലും പതിരും തിരിയേണ്ടത്. അഴിമതിക്കെതിരായ നിലപാടിലെ ആത്മാര്ത്ഥത ഓരോ രാഷ്ട്രീയ പാര്ട്ടിയും തെളിയിക്കണം. അന്വേഷണങ്ങള് തങ്ങളുടെ രാഷ്ട്രീയനേട്ടത്തിനു വേണ്ടിയുള്ള വജ്രായുധങ്ങളായി ഉപയോഗിക്കപ്പെടേണ്ടതല്ല മറിച്ച് അഴിമതി ഇല്ലാതാക്കാനുള്ള ഉഗ്രശപഥമായി വീക്ഷിക്കാനുള്ള തിരിച്ചറിവാണ് അനിവാര്യമായിട്ടുള്ളത്.
അത് നമുക്ക് കൈമോശം വന്ന ഒന്നാണെന്ന് ഇന്നലെകള് സാക്ഷ്യപ്പെടുത്തുന്നു. അല്ലെങ്കില് ഗാനേഷ് കുമാറിനെതിരായ അന്നത്തെ അന്വേഷണം ചാപിള്ള ആകുമായിരുന്നില്ല. അങ്ങനെയെങ്കില് ഗ്യാനേഷ് കുമാര് ഈ മഹോന്നതമായ ഭരണഘടനാ പദവിയില് എത്തുമായിരുന്നുമില്ല. രാജ്യം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച ജനാധിപത്യ പ്രക്രിയയ്ക്ക് ഈ അപചയം സംഭവിക്കുമായിരുന്നുമില്ല.
ഗ്യാനേഷ് കുമാര് ഇതൊന്നുമല്ലാതെ തന്നെ ഇപ്പോള് ചക്രവ്യൂഹത്തിലാണ്. ഇലക്?ഷന് കമ്മീഷനിലെ രണ്ട് അംഗങ്ങള് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാറിന്റെ തീരുമാനങ്ങള് ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി വിയോജിപ്പുകള് രേഖപ്പെടുത്തിയതായുള്ള റിപ്പോര്ട്ടുകള് പുറത്തുവന്നതോടെ രാജ്യമാസകലം അദ്ദേഹത്തിന്റെ രാജിക്കുവേണ്ടിയുള്ള പ്രക്ഷോഭം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. നിയമ യുദ്ധങ്ങളും പ്രക്ഷോഭങ്ങളുമായി ഗ്യാനേഷ് കുമാര് പത്മവ്യൂഹത്തിലകപ്പെട്ട അവസ്ഥയില് എത്തി നില്ക്കുമ്പോഴാണ് കേരളത്തില്നിന്നുള്ള അന്വേഷണ പ്രഖ്യാപനം.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്ക്ക് ക്രിമിനല് പ്രോസിക്യൂഷന് നടപടികളില്നിന്ന് പരിരക്ഷ നല്കുന്ന നിയമം നരേന്ദ്ര മോദി സര്ക്കാര് കൊണ്ടുവന്നത് നിലനില്ക്കുന്നതിനാല് ഈ അന്വേഷണത്തിന് നിയമപ്രാബല്യം ഉണ്ടാകുമോ എന്ന് ചോദ്യം ഉയര്ന്നിരുന്നു. എന്നാല്, തെരഞ്ഞെടുപ്പ് കമ്മീഷണര് ആകുന്നതിനുമുമ്പ് ഗ്യാനേഷ് കുമാര് വഹിച്ചിരുന്ന പദവിയുടെ ദുര്വിനിയോഗം സംബന്ധിച്ചാണ് അന്വേഷണം എന്നതിനാല് നിയമ തടസ്സമില്ല എന്ന വാദഗതിയാണ് സ്ഥിരീകരിക്കപ്പെട്ടത്.
അന്വേഷണം സ്വാഗതം ചെയ്യപ്പെടേണ്ടത് തന്നെയാണ്. കാരണം ആരോപണം അഴിമതിയുമായി ബന്ധപ്പെട്ടുള്ളതാണ്. ജനാധിപത്യ ശരീരത്തെ കാര്ന്നു തിന്നുന്ന അര്ബുദമായി അഴിമതി പിടിമുറുക്കിയിരിക്കുന്ന ദുരന്ത സാഹചര്യത്തില് അതിനെതിരായ ഏത് നീക്കവും സ്വാഗതാര്ഹം തന്നെയാണ്.
പക്ഷേ, ഇവിടെ ഒരു ചോദ്യം അവശേഷിക്കുന്നു. ഇപ്പോഴാണോ ഇതേക്കുറിച്ച് അന്വേഷിക്കേണ്ടത്? കോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട ഗൗരവമായ ഒരു ആരോപണം, അതും ഒരു വിദേശ പൗരന്റെ ആത്മഹത്യയിലേക്ക് നയിച്ച ഗുരുതര സ്ഥിതിവിശേഷം ഉള്ക്കൊണ്ടതു കൂടിയാകുമ്പോള്. അതുകൊണ്ടാണ് ഇപ്പോഴത്തേത് അഴിമതിക്കെതിരായ അന്വേഷണമോ ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണമോ എന്ന സംശയം ബാക്കിയാവുന്നത്. അന്വേഷണം ഗ്യാനേഷ് കുമാറിലേക്ക് മാത്രം ഒതുങ്ങുമോ? അതോ അന്നത്തെ ആ സംവിധാനവുമായി ബന്ധപ്പെട്ട മറ്റുള്ളവരിലേക്കും നീങ്ങുമോ? സര്ക്കാര് സംവിധാനത്തില് പി.ഡബ്ല്യു.ഡി. സെക്രട്ടറി മാത്രമായി ഇത്രയും വലിയ ഒരു കാര്യത്തിലെ തീര്പ്പ് ഒതുങ്ങുമോ, അയാള് മുഖ്യസാത്രധാരകനാണെങ്കില് കൂടി. അഴിമതിക്കെതിരായാണ് ഈ അന്വേഷണഉത്തരവെങ്കില് അതൊക്കെ പരിശോധിക്കപ്പെടേണ്ടതാണ്. എന്നാല് ഇതൊക്കെ ഉണ്ടാവുമോ എന്നു കണ്ടറിയേണ്ടിയിരിക്കുന്നു.
അഴിമതിക്കെതിരായ നടപടികളില് വാചാടോപങ്ങളും ആരംഭ ശൂരത്വവുമല്ലാതെ ആത്മാര്ത്ഥമായ ഒരു സമീപനം ആര്ക്കെങ്കിലും ഉണ്ടോ എന്നുള്ളതാണ് പ്രസക്തമായ ചോദ്യം. ഇല്ല എന്നുള്ളതാണ് ഇന്നലെകള് നല്കുന്ന പാഠം.
കക്കാന് പഠിച്ചവന് നില്ക്കാനും അറിയാം എന്ന് പറയാറുണ്ടേല്ലാ. അഴിമതിക്കാര് ഒരു പോറല് പോലുമേല്ക്കാതെ രക്ഷപ്പെട്ടു പോകുന്ന സംഭവപരമ്പരകള് രൂപപ്പെടുത്തിയ ആപ്തവാക്യം. എന്നാല്, അഴിമതി നടത്തിയിട്ട് വിരുതും മേയ് വഴക്കവും കാട്ടി തല്ക്കാലം രക്ഷപ്പെട്ടു പോയാലും കാലം കണക്ക് ചോദിക്കാതെ വിടുകയില്ല എന്ന് ഇടയ്ക്കെങ്കിലും അപൂര്വമായി ഉണ്ടാവുന്ന ചില സംഭവങ്ങളിലൂടെയെങ്കിലും നമ്മെ ഓര്മിപ്പിക്കുന്നു. ആ പ്രകൃതി നിയമമാണ് ഇപ്പോള് അരങ്ങേറി കൊണ്ടിരിക്കുന്നത്, പരിണാമഗുപ്തി എന്തുതന്നെയാലും.
ജോസഫ് എം. പുതുശ്ശേരി






Comments