
മാനവ വികസന സൂചികയിലെ പല മേഖലകളിലും സംസ്ഥാനം മുന്നിലാണെന്ന കാഴ്ചപ്പാടിലാണ് നാം 'കേരള വികസന മാതൃക' എന്ന പ്രയോഗം നടത്തുന്നത്. അതേസമയം, തൊഴിലില്ലായ്മ ഉള്പ്പെടെ നിരവധി വലിയ വിഷയങ്ങള് കേരളം അഭിമുഖീകരിക്കുന്നുണ്ട്. കാലാവസ്ഥാ മാറ്റം ഇന്ന് നമ്മുടെ മുന്നിലെ യാഥാര്ഥ്യമാണ്. കഴിഞ്ഞ പത്ത് വര്ഷമായി കേരളം പലതരത്തിലുള്ള ദുരന്തങ്ങളുടെ പിടിയിലാണ്. ദുരന്തങ്ങള് ക്രമേണ ഒരു നോര്മല് അവസ്ഥയായി മാറിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില് പുതിയ കേരളം എങ്ങനെയായിരിക്കണം എന്ന ചര്ച്ചയ്ക്ക് വലിയ പ്രാധാന്യമുണ്ട്.
പണമുണ്ട്, പക്ഷേ
പുതിയ വഴികള് വേണം
റവന്യൂ വരവിന്റെ എഴുപത് ശതമാനം ശമ്പളത്തിനും പെന്ഷനും വേണ്ടി വരുന്നു എന്ന ചര്ച്ച സജീവമാണ്. കടം വാങ്ങിയും അതിന് പലിശ നല്കിയും മുന്നോട്ടുപോകേണ്ടിവരുന്ന സാഹചര്യം പ്രശ്നങ്ങള് കൂടുതല് സങ്കീര്ണമാക്കുന്നുണ്ട്.
എന്നാല് മറ്റൊരു യാഥാര്ഥ്യം കൂടി കാണണം. കേരളത്തിലെ ഒരു വിഭാഗം ജനങ്ങളുടെ കൈയില് വലിയ തോതില് പണമുണ്ട്. ഓരോ വര്ഷവും പ്രവാസികളില്നിന്ന് ഏകദേശം ഒരു ലക്ഷം കോടി രൂപ കേരളത്തിലെത്തുന്നു. പുറമെ സ്വര്ണം ഉള്പ്പെടെയുള്ള സമ്പത്തും ഉണ്ട്. സര്ക്കാര് ജീവനക്കാരിലും, പ്രത്യേകിച്ച് പെന്ഷന്കാരിലും, ഒരു വിഭാഗത്തിന് നിക്ഷേപിക്കാവുന്ന പണമുണ്ട്. ബിസിനസ് മേഖലയിലും പണമുണ്ട്. സഹകരണ ബാങ്കുകള്, സൊസൈറ്റികള്, മറ്റ് ബാങ്കുകള് എന്നിവിടങ്ങളില് ധാരാളം പേര്ക്ക് നിക്ഷേപങ്ങളുണ്ട്. ലോക്കറുകളില് സ്വര്ണവുമുണ്ട്. ഇവയെല്ലാം ചേര്ത്തുനോക്കുമ്പോള് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക വിഭവങ്ങള് കേരളത്തില് തന്നെയുണ്ട്.
പ്രശ്നം പണത്തിന്റെ അഭാവം മാത്രമല്ല. നല്ല ആശയങ്ങള്, പ്രോജക്ടുകള്, അവ എളുപ്പത്തില് നടപ്പാക്കാനുള്ള സാഹചര്യം എന്നിവയാണ് കുറവ്.
ഇപ്പോഴും പല ചട്ടങ്ങളും അനാവശ്യമായി സങ്കീര്ണമാണെന്ന് തോന്നുന്നു. വിരല്ത്തുമ്പില്നിന്ന് ചെറുകിട സംരംഭങ്ങള് ഉള്പ്പെടെ തുടങ്ങാന് കഴിയുന്ന സംവിധാനം വേണം. ഒരു മിസ്ഡ് കോള് ലഭിച്ചാല് തന്നെ ഒരു ബിസിനസ് എക്സിക്യൂട്ടീവ് വീട്ടിലെത്തി ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തു നല്കുന്ന രീതി ഉണ്ടാകണം. പണം മുടക്കാന് തയാറുള്ള ഒരാള് ഒരു ഓഫീസിലും കയറിയിറങ്ങേണ്ട സാഹചര്യം ഉണ്ടാകരുത്. ഇത് സംരംഭകത്വം എളുപ്പമാക്കുക മാത്രമല്ല, അഴിമതിക്കുള്ള സാധ്യതയും കുറയ്ക്കും.
പരിസ്ഥിതി സൗഹൃദ സംരംഭങ്ങള്
പരിസ്ഥിതി സൗഹൃദ സംരംഭങ്ങളുടെ പ്രോത്സാഹനത്തിനായി ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും പ്രത്യേക സമിതി രൂപീകരിക്കണം. പ്രാദേശികമായി നിക്ഷേപശേഷിയുള്ളവരുടെ യോഗങ്ങള് വിളിച്ചുചേര്ത്ത് സംരംഭകത്വത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കണം. എം.ബി.എ., എം.എസ്.ഡബ്ല്യു., എന്ജിനീയറിങ് തുടങ്ങിയ മേഖലകളില് പ്രാവീണ്യമുള്ളവരെ ഉള്പ്പെടുത്തി പ്രോജക്ട് സപ്പോര്ട്ട് ടീം രൂപീകരിക്കാം. ഇവരുടെ നേതൃത്വത്തില് പ്രോജക്ട് ക്ലിനിക്കുകള് നടത്തി സംരംഭകര്ക്ക് ആവശ്യമായ പരിശീലനവും മാര്ഗനിര്ദേശവും നല്കണം.
പൊതുമേഖല, സ്വകാര്യ മേഖല, പഞ്ചായത്ത് എന്നിവയുടെ പങ്കാളിത്തത്തോടെ പബ്ലിക്-ൈപ്രവറ്റ്-പഞ്ചായത്ത് കണ്സോര്ഷ്യം രൂപീകരിക്കണം. പുതിയ സഹകരണ ഉല്പാദന കേന്ദ്രങ്ങള് ആരംഭിക്കുന്നതിനൊപ്പം ആഗോള, ദേശീയ, സംസ്ഥാന, ജില്ലാ, പ്രാദേശിക തലങ്ങളില് സഹകരണ വിപണന കേന്ദ്രങ്ങളുടെ ശൃംഖലയും വികസിപ്പിക്കണം. ത്രിവേണി, സൈപ്ലകോ, കണ്സ്യൂമര്ഫെഡ് എന്നിവയെ ഏകോപിപ്പിച്ച് സൂപ്പര് മാര്ക്കറ്റ് ശൃംഖല സ്ഥാപിക്കുന്നതും പരിഗണിക്കാം.
ഓരോ പ്രദേശത്തിന്റെയും തനതായ സാധ്യതകളും സവിശേഷതകളും കണ്ടെത്താന് വിശദമായ സര്വേ നടത്തി വ്യവസായ പൈതൃക പട്ടിക തയ്യാറാക്കണം. ബാലരാമപുരത്തിന്റെ കൈത്തറി പോലെ ഓരോ പ്രദേശത്തിനും സ്വന്തമായ സവിശേഷതകളുണ്ടാകും. ഇവയെ അടിസ്ഥാനമാക്കി പ്രാദേശിക ഉല്പന്നങ്ങള്ക്കും പരമ്പരാഗത തൊഴില്മേഖലകള്ക്കും പ്രാധാന്യം നല്കുന്ന ഗ്രാമവികസന പദ്ധതികള് ആവിഷ്കരിക്കാം.
കൃഷിക്ക് അനുയോജ്യമല്ലാത്തതോ കൃഷിയില് താല്പര്യക്കുറവുള്ളതോ ആയ പ്രദേശങ്ങളില് ഒരേ രീതിയിലുള്ള കൃഷി നിര്ബന്ധിതമാക്കുന്നത് ഒഴിവാക്കണം. ഇതനുസരിച്ച് കൃഷിഭവനുകളുടെ പ്രവര്ത്തനങ്ങളും പുനഃക്രമീകരിക്കാം. അതേസമയം, കൃഷിയില് താല്പര്യവും മികവുമുള്ളവര്ക്ക് ആവശ്യമായ സാമ്പത്തിക സഹായം, സാങ്കേതിക പിന്തുണ, പരിശീലനം, വിപണന സൗകര്യങ്ങള് എന്നിവ ഉറപ്പാക്കി അവരുടെ പ്രവര്ത്തനങ്ങള്ക്ക് പ്രോത്സാഹനം നല്കണം.
മൂല്യവര്ധിത ഉത്പന്നങ്ങളുടെ വൈവിധ്യം
തേങ്ങ, ചക്ക, മാങ്ങ, പൈനാപ്പിള്, കശുവണ്ടി, കുരുമുളക്, ഏലം, റബര് തുടങ്ങിയവയില്നിന്ന് എത്രമാത്രം ഉപഉല്പന്നങ്ങള് ഉണ്ടാക്കാന് കഴിയും എന്ന് നാം ഗൗരവമായി ചിന്തിക്കണം. ഇതിനായി ഗവേഷണ-പരിശീലന കേന്ദ്രങ്ങള് ആരംഭിക്കണം. ഭക്ഷ്യ സംസ്കരണത്തിന് ലോകമെമ്പാടും വലിയ സാധ്യതയുണ്ട്. മലയാളികള് ഇല്ലാത്ത രാജ്യമുണ്ടോ? ലോകത്തിന്റെ വിവിധ ഭാഗങ്ങളില് കോമേഴ്?സ്യല് ഹബുകള് തുറക്കാന് കഴിയണം. ഗള്ഫ് രാജ്യങ്ങളില് മാത്രം നോക്കിയാലും എന്തെല്ലാം ചെയ്യാന് കഴിയും! ലോക മലയാളി സംഘടനകള് ഇന്ന് നിലവിലുണ്ട്. നോര്ക്കയെ അടിമുടി നവീകരിക്കണം.
ആരോഗ്യം,
ആയുര്വേദം, പരിസ്ഥിതി സൗഹൃദ ടൂറിസം
ആരോഗ്യരംഗത്ത്, പ്രത്യേകിച്ച് ആയുര്വേദ മേഖലയില്, കേരളത്തിന് വലിയ സാധ്യതയുണ്ട്. പരിസ്ഥിതി സൗഹൃദ ടൂറിസം വികസിപ്പിക്കണം.
ജില്ലാ ടൂറിസം പ്രമോഷന് കൗണ്സിലുകള്ക്ക് പുതിയ രൂപം നല്കണം. ടൂറിസം ഫെസിലിറ്റേഷന് ഹബുകള് വിപുലമാക്കണം. രാജ്യത്തും വിവിധ വിദേശ രാജ്യങ്ങളിലും ടൂറിസം സപ്പോര്ട്ട് സെന്ററുകള് ആരംഭിക്കണം. ടൂറിസം കോഴ്സുകള് വ്യാപകമായി കൊണ്ടുവരണം.
ടൂര് ഗൈഡ് കോഴ്സുകള് ആരംഭിച്ച് പരിശീലനവും ലൈസന്സും നല്കണം. സിംഗപ്പൂര് ഉള്പ്പെടെയുള്ള രാജ്യങ്ങളില് ലൈസന്സുള്ള ടൂര് ഗൈഡുകളുടെ സംവിധാനം നിലവിലുണ്ട്.
സിംഗപ്പൂരില് കണ്ട ഒരു കാര്യം കൂടി ഇവിടെ ചിന്തിക്കാവുന്നതാണ്. ഒരു വലിയ സ്വകാര്യ കോംപ്ലക്സിന്റെ റൂഫ് ഏരിയ മനോഹരമായി വികസിപ്പിച്ച് ടൂറിസ്റ്റുകള്ക്കായി ഒരുക്കിയിട്ടുണ്ട്. കോംപ്ലക്സിന്റെ സാധാരണ പ്രവര്ത്തനങ്ങളെ ബാധിക്കാത്ത രീതിയില് നൂറുകണക്കിന് ആളുകള്ക്ക് ലിഫ്റ്റ് വഴി ആ റൂഫിലേക്ക് കയറാം. അതിനുള്ള ടിക്കറ്റ് വരുമാനം സര്ക്കാരിന് ലഭിക്കുന്നു. മുകളില് ചെറിയ ഷോപ്പുകളുമുണ്ട്. അവയില്നിന്നുള്ള വരുമാനവും സര്ക്കാരിന് ലഭിക്കുന്നു. റൂഫില്നിന്ന് വിശാലമായ സിംഗപ്പൂര് ടൗണ് കാണാം. സെല്ഫി ഉള്പ്പെടെ എടുക്കാം.
ഒരു സ്വകാര്യ സ്ഥാപനത്തിന്റെ സൗകര്യത്തെ സര്ക്കാര് എത്ര മനോഹരമായി ഒരു വരുമാന മാര്ഗമാക്കി മാറ്റുന്നു എന്നതിന്റെ ഉദാഹരണമാണിത്. നമ്മള് കൊച്ചി മെട്രോ വൈറ്റില വരെ നീട്ടിയിരുന്നു എന്ന് കരുതുക. അതുപോലെ ലുലുമാള് പോലുള്ള സ്ഥാപനങ്ങളുടെ റൂഫ് ഏരിയകള് ടൂറിസത്തിനായി ഉപയോഗിച്ചിരുന്നെങ്കില്
പുതിയ ചിന്തയാണ് ആവശ്യം
ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, കൃഷി, ചെറുകിട തൊഴില് തുടങ്ങിയ മേഖലകളില് കൂടുതല് ശ്രദ്ധ കേന്ദ്രീകരിച്ചാല് കേരളത്തിന് അത്ഭുതങ്ങള് സൃഷ്ടിക്കാന് കഴിയും. നമുക്ക് വേണ്ടത് പുതിയ ആശയങ്ങള്, പുതിയ ചിന്തകള്, പുതിയ സംഘടനാ സംവിധാനം, കേരളത്തിലുള്ള പണം വികസനത്തിലേക്ക് സമാഹരിക്കാനുള്ള പുതിയ വഴികള് എന്നിവയാണ്. കേരളത്തിന്റെ ഭാവി വലിയ പദ്ധതികളില് മാത്രം ഒതുങ്ങുന്നതല്ല.
ഓരോ പഞ്ചായത്തിന്റെയും സാധ്യത കണ്ടെത്തുന്നതിലും, ഓരോ പ്രദേശത്തിന്റെയും പ്രത്യേകത വികസിപ്പിക്കുന്നതിലും, ഓരോ നിക്ഷേപകന്റെയും പണം ഉത്പാദനക്ഷമമാക്കുന്നതിലും, ഓരോ യുവാവിനും പുതിയ അവസരങ്ങള് സൃഷ്ടിക്കുന്നതിലുമാണ്. നല്ല ഇച്ഛാശക്തിയാണ് കാലം കേരളത്തോട് ആവശ്യപ്പെടുന്നത്.
ഡോ. വി. സുഭാഷ് ചന്ദ്ര ബോസ്






Comments