
കഴിഞ്ഞ ദിവസം നെടുമ്പാശേരി അത്താണി റോഡില് മൂന്നു ചെറുപ്പക്കാര് നിഷ്ഠുരമായി കൊല്ലപ്പെട്ടു;അക്ഷരാര്ഥത്തില് അതൊരു അരുംകൊലയായിരുന്നു. റോഡ് നിയമങ്ങള് പാലിച്ചു പോയിരുന്നെങ്കില്, അല്പം വേഗനിയന്ത്രണമുണ്ടായിരുന്നെങ്കില്- സ്വബോധം ഉണ്ടായിരുന്നെങ്കില്- ഒഴിവാക്കാമായിരുന്ന നരഹത്യ. ഇത് അപൂര്വങ്ങളില് അപൂര്വമോ അസാധാരണമോ ആയ ഒരു സംഭവമല്ല. മറിച്ച്, നമ്മുടെ റോഡുകളില് ദിവസവും സംഭവിക്കുന്ന അരുംകൊലകളില് ഒന്നുമാത്രം. നെടുമ്പാശേരി അപകടം ജനശ്രദ്ധയില് വന്നത് അപകടമുണ്ടാക്കിയ കാര്ൈഡ്രവറുടെ ധിക്കാരവും ധാര്ഷ്ട്യവും അഹങ്കാരവും നിറഞ്ഞ വാക്കുകളിലൂടെയായിരുന്നു. അല്ലായിരുന്നെങ്കില് ആ അപകടവും സാധാരണ അപകടമായി മാഞ്ഞുപോകുമായിരുന്നു, ഇരയായ ആ സാധു ജീവിതങ്ങളെപ്പോലെ.
നമ്മുടെ റോഡുകളുടെ നിലവാരമുയര്ന്നതോടെ നിയന്ത്രണം വിട്ട വാഹനങ്ങള് പാഞ്ഞുകയറി മരിക്കുന്നവര് നിരവധിയാണ്. കോട്ടയം നഗരമധ്യത്തില് നിയന്ത്രണം വിട്ട ബസ് പാഞ്ഞുകയറി ഒരു പെണ്കുട്ടി മരിക്കുകയും നിരവധി പേര്ക്കു പരുക്കേല്ക്കുകയും ചെയ്തത് നെടുമ്പാശേരി അപകടത്തിന്റെ തൊട്ടു മുന് ദിവസങ്ങളിലൊന്നിലാണ്. നിയന്ത്രണം വിടുന്ന വാഹനങ്ങളുടെയും മരിക്കുന്നവരുടെയും എണ്ണമെടുത്താല് അത് മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. നിയന്ത്രണം വിടുന്നത് വാഹനങ്ങള്ക്കല്ല, അത് ഓടിക്കുന്ന മനുഷ്യര്ക്കാണ്. അമിതവേഗവും മദ്യവും മയക്കുമരുന്നും ചേര്ന്ന് റോഡിനെ കൊലക്കളമാക്കുന്നതിനെ ചുരുങ്ങിയ അക്ഷരങ്ങളില് ഒതുക്കുന്ന വാക്കാണ് നിയന്ത്രണം വിട്ട എന്നത്. ഈ നിയന്ത്രണം വിട്ട ൈഡ്രവര്മാരെ നിയന്ത്രിക്കാന് നമ്മുടെ സംവിധാനത്തിന് കഴിയാത്തതുമൂലമാണ് നെടുമ്പാശേരി നരഹത്യപോലെയുള്ള കൂട്ടക്കൊലകള് ആവര്ത്തിക്കുന്നത്. നമ്മുടെ റോഡുകളിലെ വാഹനവേഗപരിധിക്ക് അപ്പുറമുള്ള വേഗം
എന്തിനാണ് വാഹനങ്ങള്ക്കു നല്കിയിരിക്കുന്നത് എന്നതും ചിന്തിക്കേണ്ട സമയമായെന്ന് റോഡിലെ അരുംകൊലകള് വ്യക്തമാക്കുന്നു. രാജ്യത്തെ എക്സ്പ്രസ് വേകളില് പോലും പരമാവധി സ്പീഡ് 120 കിലോമീറ്റര് ആയിരിക്കെ ഇരുനൂറും മുന്നൂറും കിലോമീറ്റര് വേഗം വാഹനങ്ങള്ക്ക് നല്കിയിരിക്കുന്നത് എന്തിനെന്ന് സമൂഹവും അധികൃതരും ആലോചിക്കേണ്ടിയിരിക്കുന്നു. കൈയിലിരിക്കുന്ന വാഹനത്തിന്റെ പരമാവധി വേഗം പരീക്ഷിക്കുന്ന സമൂഹത്തില് രാജ്യത്തെ നിയമം അനുശാസിക്കുന്ന വേഗപരിധിയില് വാഹനങ്ങള് നിര്മിക്കുന്ന നയം രൂപീകരിക്കേണ്ടതാണ്. രണ്ടു കോടിയോളം വാഹനങ്ങള് രജിസ്റ്റര് ചെയ്യപ്പെട്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. അവിടെ അപകടങ്ങളില് ദിവസം പത്തിലേറെപ്പേര് മരിക്കുന്നു. ഒന്നുകൂടി വ്യക്തമാക്കിയാല് പത്തു കുടുംബങ്ങള് അനാഥമാകുന്നു. 2024-ല് കേരളത്തില് വാഹനാപകടത്തില് മരിച്ചവരുടെ എണ്ണം 3,875 ആയിരുന്നു. 2025-ല് 3,733. പരുക്കേല്ക്കുന്നവരുടെ എണ്ണമാകട്ടെ അതിഭീകരമാണ്. ദിവസം ഇരുനൂറോളം പേര് വാഹനാപകടങ്ങളില് പരുക്കേറ്റ് ദുരിതങ്ങള് പേറി ജീവിക്കുന്നു. 2025-ല് 56,922 പേര്ക്കാണ് പരുക്കേറ്റത്. 2024-ല് 54,743 പേര്ക്കു പരുക്കേറ്റു. ഒരു വര്ഷം അരലക്ഷത്തിലേറെ അപകടങ്ങളും.
മദ്യപിച്ചുള്ള വാഹനമോടിക്കല് തെളിയിക്കപ്പെട്ടാല് കര്ക്കശ ശിക്ഷകളാണ് നടപ്പാക്കേണ്ടത്. അമിതവേഗം പിടിക്കപ്പെട്ടാല് ചില്ലിക്കാശു നല്കി ഒഴിവാക്കപ്പെടുന്ന രീതി മാറണം. റോഡ് നിയമങ്ങള് കര്ക്കശമാക്കാനും പരിശോധനകള് യഥാവിധി നടപ്പാക്കാനും അധികൃതര് തയാറാകണം. റോഡില് ഉറങ്ങിക്കിടക്കുന്ന കാമറകള് ഉണര്ത്താനുള്ള നടപടികള് അധികൃതര് കൈക്കൊള്ളണം. വാഹനങ്ങള് സഞ്ചരിക്കാനുള്ളതാണെന്ന ബോധ്യം ഓരോ വ്യക്തികളിലും ഉണ്ടാക്കിയെടുക്കാന് കര്ക്കശ നിയമങ്ങള് കൊണ്ടുമാത്രമേ സാധിക്കുകയുള്ളൂ. നമ്മുടെ റോഡുകളില് ഇനി രക്തം ചിന്താന് നിയമത്തിന്റെ പഴുതുകള് വഴിവയ്ക്കരുത്.






Comments