
ആരോഗ്യരംഗത്തെ നേട്ടങ്ങള്കൊണ്ട് രാജ്യത്തിന് മാതൃകയായ കേരളം ഇന്ന് പുതിയൊരു ആരോഗ്യപരിവര്ത്തനത്തിന്റെ ഘട്ടത്തിലാണ്. ഉയര്ന്ന ആയുര്ദൈര്ഘ്യം, മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനം, കുറഞ്ഞ ശിശുമരണനിരക്ക്, ശക്തമായ പ്രാഥമികാരോഗ്യ ശൃംഖല എന്നിവ കേരളത്തിന്റെ അഭിമാനകരമായ നേട്ടങ്ങളാണ്. എന്നാല്, ഈ വിജയങ്ങളുടെ മറുവശത്ത് പുതിയ വെല്ലുവിളികള് ഉയരുകയാണ്. പ്രമേഹം, രക്താതിമര്ദം, ഹൃദ്രോഗം, കാന്സര് തുടങ്ങിയ സാംക്രമികേതര രോഗങ്ങളുടെ വര്ധന, വയോജന ജനസംഖ്യയിലെ വളര്ച്ച, കാലാവസ്ഥാ വ്യതിയാനം, മാനസികാരോഗ്യ പ്രശ്നങ്ങള്, ദീര്ഘകാല പരിചരണത്തിന്റെ ആവശ്യകത എന്നിവ സംസ്ഥാനത്തിന്റെ ആരോഗ്യനയത്തെ പുനര്വിചിന്തനം ചെയ്യാന് നിര്ബന്ധിതമാക്കുന്നു.
ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ സവിശേഷമായ ആരോഗ്യപ്രശ്നങ്ങള് പരിഗണിച്ച് സമഗ്ര ആരോഗ്യനയം രൂപീകരിക്കാനുള്ള സംസ്ഥാന സര്ക്കാരിന്റെ നീക്കം പ്രസക്തമാകുന്നത്. ഇത് മറ്റൊരു സര്ക്കാര് പ്രഖ്യാപനമായി ഒതുങ്ങരുത്. വരും പതിറ്റാണ്ടുകളില് കേരളത്തിന്റെ ആരോഗ്യദിശ നിര്ണയിക്കുന്ന ദീര്ഘകാല പ്രവര്ത്തനരേഖയായി മാറണം.
ചികിത്സയില്നിന്ന് പ്രതിരോധത്തിലേക്ക്
കേരളത്തിന്റെ ആരോഗ്യനയം ആശുപത്രികളും ചികിത്സാസൗകര്യങ്ങളും കേന്ദ്രീകരിച്ചുള്ളതായിരിക്കരുത്. രോഗം വരാതിരിക്കാനുള്ള സാമൂഹിക സാഹചര്യങ്ങള് സൃഷ്ടിക്കുന്നതിലാണ് കൂടുതല് ശ്രദ്ധ വേണ്ടത്. പ്രമേഹം, രക്താതിമര്ദം, ഹൃദ്രോഗം, പക്ഷാഘാതം, കാന്സര് തുടങ്ങിയ രോഗങ്ങള് വ്യക്തിയെയും കുടുംബത്തെയും ഒരുപോലെ ബാധിക്കുന്നു. ചികിത്സാച്ചെലവിനൊപ്പം തൊഴില്നഷ്ടവും കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയും വര്ധിക്കുന്നു. രോഗനിര്ണയത്തിനുള്ള പരിശോധനകള് വ്യാപിപ്പിക്കുന്നതിനൊപ്പം തുടര്ചികിത്സയും നിരീക്ഷണവും ഉറപ്പാക്കണം. സ്കൂളുകളില് ആരോഗ്യകരമായ ഭക്ഷണശീലം, വ്യായാമം, ലഹരിവിരുദ്ധ ബോധവല്ക്കരണം എന്നിവ ശക്തിപ്പെടുത്തണം. തൊഴിലിടങ്ങളിലും തദ്ദേശസ്ഥാപനങ്ങളിലും ആരോഗ്യപരിശോധനയും ജീവിതശൈലീ ബോധവല്ക്കരണവും പതിവാക്കണം. രോഗിയെ ആശുപത്രിയിലെത്തിക്കുന്നതിനുമുമ്പ് രോഗസാധ്യത കണ്ടെത്തി ഇടപെടുന്ന പ്രതിരോധ ആരോഗ്യസംവിധാനമാണ് കേരളത്തിന് ആവശ്യം.
വയോജനകേരളം
കേരളത്തിന്റെ ഉയര്ന്ന ആയുര്ദൈര്ഘ്യം വലിയ നേട്ടമാണെങ്കിലും അതിനനുസരിച്ചുള്ള പരിചരണസംവിധാനം വികസിപ്പിക്കേണ്ടതുണ്ട്. 2026ല് സംസ്ഥാന ജനസംഖ്യയുടെ ഏകദേശം 19 ശതമാനം 60 വയസ്സിനു മുകളിലുള്ളവരാണെന്നാണ് സംസ്ഥാന ആരോഗ്യ ഡാഷ്ബോര്ഡിലെ കണക്ക്. വരും വര്ഷങ്ങളില് ഈ അനുപാതം ഇനിയും ഉയരും. ഒറ്റയ്ക്ക് കഴിയുന്ന വയോജനങ്ങള്, ദീര്ഘകാല രോഗികള്, ചലനപരിമിതിയുള്ളവര്, ഡിമെന്ഷ്യ ബാധിതര് എന്നിവര്ക്കായി പ്രത്യേക പരിചരണ സംവിധാനങ്ങള് വേണം. ഓരോ കുടുംബാരോഗ്യ കേന്ദ്രത്തിലും വയോജനാരോഗ്യ സേവനങ്ങള് ശക്തിപ്പെടുത്തണം. വീട്ടിലെത്തിയുള്ള ചികിത്സ, ഫിസിയോതെറാപ്പി, പുനരധിവാസം, പോഷകാഹാര സഹായം, മാനസിക പിന്തുണ എന്നിവ ഏകോപിപ്പിക്കണം. വയോജനങ്ങളുടെ ആരോഗ്യസംരക്ഷണം കുടുംബങ്ങളുടെ മാത്രം ഉത്തരവാദിത്വമായി കാണാതെ സാമൂഹിക ഉത്തരവാദിത്വമായി ഏറ്റെടുക്കണം.
കരുതലിന്റെ അവകാശം
കേരളം പാലിയേറ്റീവ് കെയര് രംഗത്ത് രാജ്യത്തിന് മാതൃകയായ അനുഭവസമ്പത്തുള്ള സംസ്ഥാനമാണ്. എന്നാല്, വര്ധിച്ചുവരുന്ന ദീര്ഘകാല രോഗങ്ങളും കിടപ്പുരോഗികളും കൂടുതല് വിപുലമായ പരിചരണശൃംഖല ആവശ്യപ്പെടുന്നു. പാലിയേറ്റീവ് കെയര് ആശുപത്രികളിലെ സേവനമായി മാത്രം ഒതുങ്ങരുത്. വീടുകള്, കുടുംബാരോഗ്യ കേന്ദ്രങ്ങള്, തദ്ദേശസ്ഥാപനങ്ങള്, സാമൂഹിക സംഘടനകള് എന്നിവയെ ബന്ധിപ്പിച്ചുള്ള സംവിധാനമായി വികസിക്കണം. രോഗിയുടെ ശാരീരിക വേദന കുറയ്ക്കുന്നതോടൊപ്പം മാനസികവും സാമൂഹികവുമായ ആവശ്യങ്ങളും പരിഗണിക്കണം. പരിചരണം നല്കുന്ന കുടുംബാംഗങ്ങള്ക്കും പരിശീലനവും പിന്തുണയും ലഭ്യമാക്കണം. രോഗിയുടെ അന്തസ്സും തീരുമാനാവകാശവും സംരക്ഷിക്കുന്ന പരിചരണസംസ്കാരം വളര്ത്തുകയാണ് പ്രധാനം.
കാലാവസ്ഥാ വ്യതിയാനം ആരോഗ്യഭീഷണിയാകുമ്പോള്
വെള്ളപ്പൊക്കം, ഉരുള്പൊട്ടല്, അതിതീവ്രമഴ, ചൂട്, ജലജന്യകൊതുകുജന്യ രോഗങ്ങള് എന്നിവ കേരളത്തിന്റെ ആരോഗ്യസുരക്ഷയ്ക്ക് പുതിയ വെല്ലുവിളികളാണ്. കാലാവസ്ഥാ വ്യതിയാനത്തെ പരിസ്ഥിതി വിഷയമായി മാത്രം കാണുന്ന സമീപനം മാറണം. അത് പൊതുജനാരോഗ്യത്തിന്റെ കേന്ദ്രവിഷയമായി പരിഗണിക്കപ്പെടണം. ഓരോ ജില്ലയ്ക്കും കാലാവസ്ഥയും ആരോഗ്യവും ബന്ധിപ്പിച്ചുള്ള പ്രവര്ത്തനപദ്ധതി വേണം. പ്രകൃതിദുരന്തസമയത്തും ആശുപത്രികളുടെ വൈദ്യുതി, കുടിവെള്ളം, ഓക്സിജന്, മരുന്നുകള്, അടിയന്തര സേവനങ്ങള് എന്നിവ തടസ്സപ്പെടാതിരിക്കാനുള്ള സംവിധാനങ്ങള് ഒരുക്കണം. മനുഷ്യന്, മൃഗം, പരിസ്ഥിതി എന്നിവയുടെ ആരോഗ്യത്തെ ഒരുമിച്ച് കാണുന്ന 'വണ് ഹെല്ത്ത്?' സമീപനവും ശക്തിപ്പെടുത്തണം.
മാനസികാരോഗ്യത്തിന്
പരിഗണന
ശാരീരികാരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും ആരോഗ്യനയത്തിന്റെ അവിഭാജ്യഘടകമാകണം. കുട്ടികള്, യുവാക്കള്, വയോജനങ്ങള്, ദീര്ഘകാല രോഗികള്, പരിചരണം നല്കുന്ന കുടുംബാംഗങ്ങള് എന്നിവര്ക്ക് ആവശ്യമായ മാനസികാരോഗ്യ സേവനങ്ങള് പ്രാഥമികതലത്തില് ലഭ്യമാക്കണം. സ്കൂളുകളിലും കോളജുകളിലും കൗണ്സലിങ് സംവിധാനങ്ങള് ശക്തിപ്പെടുത്തണം. ലഹരിവിരുദ്ധ പ്രവര്ത്തനങ്ങള് ബോധവല്ക്കരണത്തില് മാത്രം ഒതുങ്ങാതെ ചികിത്സയും പുനരധിവാസവും ഉള്ക്കൊള്ളണം.
കരുത്തായി ആരോഗ്യപ്രവര്ത്തകര്
മികച്ച നയങ്ങള്ക്കും ആശുപത്രികള്ക്കും ഉപകരണങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്നത് മനുഷ്യരാണ്. ഡോക്ടര്മാര്, നഴ്സുമാര്, ഫാര്മസിസ്റ്റുകള്, ടെക്നീഷ്യന്മാര്, ആശാ പ്രവര്ത്തകര്, പൊതുജനാരോഗ്യ പ്രവര്ത്തകര് എന്നിവരുടെ സേവനമാണ് ആരോഗ്യസംവിധാനത്തിന്റെ അടിത്തറ. മതിയായ ജീവനക്കാര്, തുടര്പരിശീലനം, സുരക്ഷിതമായ തൊഴില്സാഹചര്യം, മാന്യമായ വേതനം എന്നിവ ഉറപ്പാക്കണം. പ്രത്യേകിച്ച് നഴ്സുമാരെയും മറ്റ് മുന്നിര ആരോഗ്യപ്രവര്ത്തകരെയും നയരൂപീകരണത്തിലും പദ്ധതികളുടെ വിലയിരുത്തലിലും പങ്കാളികളാക്കണം.
പ്രഖ്യാപനത്തിനപ്പുറം നടപ്പാക്കല്
സമഗ്ര ആരോഗ്യനയം വിജയിക്കണമെങ്കില് വ്യക്തമായ സമയപരിധിയും സാമ്പത്തിക പിന്തുണയും ഉത്തരവാദിത്വ സംവിധാനവും ആവശ്യമാണ്. അഞ്ച്, പത്ത്, പതിനഞ്ച് വര്ഷങ്ങളിലേക്കുള്ള ഘട്ടംഘട്ടമായ പ്രവര്ത്തനപദ്ധതി തയാറാക്കണം.
ഓരോ പഞ്ചായത്തിനും നഗരസഭയ്ക്കും സ്വന്തം ആരോഗ്യപ്രവര്ത്തന പദ്ധതി വേണം. പ്രാദേശിക ആരോഗ്യപ്രശ്നങ്ങള് തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള പരിഹാരങ്ങള് നടപ്പാക്കണം. ആരോഗ്യരംഗത്തെ പുരോഗതി വിലയിരുത്താന് പ്രതിവര്ഷം 'സ്റ്റേറ്റ് ഹെല്ത്ത്? റിപ്പോര്ട്ട്? കാര്ഡ് പ്രസിദ്ധീകരിക്കണം.
ജീവിതശൈലീരോഗ നിയന്ത്രണം, വയോജനപരിചരണം, പാലിയേറ്റീവ് സേവനങ്ങള്, മാനസികാരോഗ്യം, ആരോഗ്യപ്രവര്ത്തകരുടെ ലഭ്യത തുടങ്ങിയ മേഖലകളിലെ പുരോഗതി ജനങ്ങള്ക്ക് മുന്നില് അവതരിപ്പിക്കണം. ചികിത്സയ്ക്കൊപ്പം പ്രതിരോധത്തിനും പ്രാഥമികാരോഗ്യത്തിനും മതിയായ ബജറ്റ് ഉറപ്പാക്കുകയും വേണം.
ആരോഗ്യത്തോടെ ജീവിക്കുന്ന മനുഷ്യരാണ് കേരളത്തിന്റെ യഥാര്ഥ സമ്പത്ത്. അതിനാല് പുതിയ ആരോഗ്യനയം ഒരു വകുപ്പിന്റെ മാത്രം ഉത്തരവാദിത്വമാകരുത്. ജനങ്ങളുടെ ആരോഗ്യാവകാശം ഉറപ്പാക്കുന്ന സാമൂഹിക ഉത്തരവാദിത്വമായി അത് മാറണം.
കേരളം ഇനി ലക്ഷ്യമിടേണ്ടത് കൂടുതല് ആശുപത്രികള് മാത്രമല്ല;രോഗം തടയാന് കഴിയുന്ന സമൂഹം, മാന്യമായി ജീവിക്കുന്ന വയോജനങ്ങള്, പരിചരണം ലഭിക്കുന്ന കിടപ്പുരോഗികള്, സുരക്ഷിതമായ തൊഴില്സാഹചര്യമുള്ള ആരോഗ്യപ്രവര്ത്തകര്, ദുരന്തങ്ങളെ അതിജീവിക്കാന് ശേഷിയുള്ള ആരോഗ്യസംവിധാനം എന്നിവയാണ്. ചികിത്സിക്കുന്ന കേരളത്തില്നിന്ന് രോഗം തടയുന്ന കേരളത്തിലേക്ക്;ദീര്ഘായുസ്സില്നിന്ന് ആരോഗ്യകരമായ ദീര്ഘായുസ്സിലേക്ക്-ഇതായിരിക്കണം പുതിയ ആരോഗ്യനയത്തിന്റെ ദിശ. പ്രഖ്യാപനങ്ങളില് ഒതുങ്ങാതെ ജനജീവിതത്തില് മാറ്റം സൃഷ്ടിക്കുമ്പോഴേ ഈ നയം ചരിത്രപരമായ ചുവടുവയ്പ്പായി മാറുകയുള്ളൂ.
ജോബി ബേബി






Comments