ന്യൂഡല്ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര് ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിനിടെ ഡല്ഹി പോലീസ് ഷൂസിട്ടും ആയുധങ്ങളേന്തിയും സിഖ് ഗുരുദ്വാരയില് പ്രവേശിച്ചെന്ന് ആരോപണം. ബംാ സാഹിബ് ഗുരുദ്വാരയില് അതിക്രമിച്ച് കയറിയാണ് പോലീസ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതെന്നു സി.ജെ.പി. സഹ കണ്വീനര് സൗരവ് ദാസ് ആരോപിച്ചു.
കേന്ദ്രസര്ക്കാരിനെതിരായ പ്രതിഷേധത്തില് സിഖ് സഹോദരങ്ങള് അണിചേരണമെന്നും അദ്ദേഹം അഭ്യര്ഥിച്ചു.
ജന്തര് മന്ദറിലേക്കു പ്രവേശനം നിഷേധിക്കപ്പെട്ട നൂറുകണക്കിന് പ്രതിഷേധക്കാര് കഴിഞ്ഞ ശനിയാഴ്ച തെരഞ്ഞെടുപ്പ് കമ്മിഷന് ഓഫീസിനു സമീപമുള്ള ബംാ സാഹിബില് അഭയം തേടുകയായിരുന്നു. പോലീസിനെ അകത്തുകടക്കാന് അനുവദിച്ചില്ലെന്ന് ഗുരുദ്വാര അധികൃതര് അവകാശപ്പെട്ടെങ്കിലും ചില പോലീസുകാര് അകത്തുകടന്നതായി ദൃക്സാക്ഷി വിവരണങ്ങളുണ്ട്. പ്രതിഷേധക്കാരെ പുറത്താക്കാന് പോലീസ് ആവശ്യപ്പെട്ടെങ്കിലും ഗുരുദ്വാര അധികൃതര് വിസമ്മതിച്ചെന്ന് അവിടെയുണ്ടായിരുന്ന ഒരു തീര്ഥാടകന് പറഞ്ഞു. ഗുരുദ്വാരയ്ക്കു പുറത്തുനിന്ന് ഇരുനൂറോളം വിദ്യാര്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുദ്വാരയില് വരുന്നവരെല്ലാം അതിഥികളാണെന്നും ഗുരുതര കുറ്റകൃത്യങ്ങളുണ്ടായാലേ പോലീസിന് വരാന് കഴിയൂവെന്നും അധികൃതര് വ്യക്തമാക്കി. പ്രതിഷേധിക്കാന് വിദ്യാര്ഥികള്ക്ക് അവകാശമുണ്ട്. അവര് കുറ്റവാളികളല്ല. കസ്റ്റഡി ഒഴിവാക്കാന് മാത്രമാണ് അവര് ശ്രമിക്കുന്നത്. ഗുരുദ്വാരയില് അവര് സമാധാനപരമായി ഇരിക്കുകയും ഉറങ്ങുകയും ഭക്ഷണം കഴിക്കുകയുമാണെന്ന് ജീവനക്കാരില് ഒരാള് പറഞ്ഞു.
പ്രതിഷേധക്കാര് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഗുരുദ്വാരയില് കയറിയ വിവരമറിഞ്ഞ് പിറ്റേന്ന് രാവിലെ ഒമ്പതോടെ അവിടെയെത്തിയെന്നും പുറത്തിറങ്ങിയ അറുപതോളം പേരെ കസ്റ്റഡിയിലെടുത്തെന്നുമാണ് പോലീസ് ഭാഷ്യം. എന്നാല്, ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പുറത്തിറങ്ങിയ ചില പ്രതിഷേധക്കാര് പോലീസിനെ കണ്ട് വീണ്ടും അകത്തേക്കു കയറാന് ശ്രമിച്ചു. ഇതോടെ പോലീസ് ഗുരുദ്വാരയ്ക്കുള്ളില് കടക്കുന്ന അവസ്ഥയുണ്ടായെന്നു ചില ദൃക്സാക്ഷികള് പറയുന്നു. പ്രതിഷേധക്കാരെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തെന്നും ആരോപണമുണ്ട്.
ഗുരുദ്വാരയില് പ്രവേശിക്കുന്നതിന് മുമ്പ് പാദരക്ഷകള് അഴിച്ചുവയ്ക്കുന്ന സ്ഥലം വരെയുള്ള പൊതുവഴിയിലൂടെ ചില പോലീസ് ഉദ്യോഗസ്ഥര് നടന്നുപോകുന്ന ദൃശ്യമാണ് സാമൂഹികമാധ്യമങ്ങളില് പ്രചരിക്കുന്നതെന്ന് ഡല്ഹി പോലീസ് വിശദീകരിച്ചു. മതവികാരം വ്രണപ്പെടുത്താന് ലക്ഷ്യമിട്ടാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. അതേസമയം, പ്രചരിക്കുന്ന വീഡിയോയിലെ ദൃശ്യം പഴയതാണെന്നും ഇപ്പോഴത്തേതല്ലെന്നും പ്രസ് ഇന്ഫര്മേഷന് ബ്യൂറോ (പി.ഐ.ബി) വ്യക്തമാക്കി.





Comments