റിയാദ്: സൗദി അറേബ്യയിലെ പ്രധാന വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട് തുടര്ച്ചയായി മിസൈല് ആക്രമണങ്ങള് ഉണ്ടായതിന്റെ പശ്ചാത്തലത്തില് അമേരിക്കന് എംബസി ജീവനക്കാര്ക്കും യു.എസ്. പൗരന്മാര്ക്കും കര്ശന സുരക്ഷാ മുന്നറിയിപ്പ് നല്കി. റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില് ഒരു അമേരിക്കന് പൗരന് ഉള്പ്പെടെ 12 പേര് കൊല്ലപ്പെടുകയും മുന്നൂറിലധികം പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തതായി റിപ്പോര്ട്ടില് പറയുന്നു.
സുരക്ഷാ ഭീഷണി നിലനില്ക്കുന്ന സാഹചര്യത്തില് സൗദിയിലെ പ്രധാന വിമാനത്താവളങ്ങളിലേക്കും സമീപ പ്രദേശങ്ങളിലേക്കുമുള്ള യാത്രകള് പരമാവധി ഒഴിവാക്കണമെന്ന് യു.എസ്. മിഷന് വെബ്സൈറ്റില് പ്രസിദ്ധീകരിച്ച ജാഗ്രതാ നിര്ദേശത്തില് വ്യക്തമാക്കുന്നു.
റിയാദ്, ജിദ്ദ, ദമ്മാം വിമാനത്താവളങ്ങള് ഉപയോഗിക്കുന്നതിന് അമേരിക്കന് സര്ക്കാര് ജീവനക്കാര് മുന്കൂര് പ്രത്യേക അനുമതി നേടിയിരിക്കണമെന്നും നിര്ദേശമുണ്ട്.യെമനിലെ ഹൂതി വിമതര് നടത്തുന്ന ആക്രമണങ്ങളാണ് സൗദിയിലെ വ്യോമയാന മേഖലയില് സുരക്ഷാ ആശങ്കകള് ശക്തമാക്കിയതെന്ന് റിപ്പോര്ട്ട് ചൂണ്ടിക്കാട്ടുന്നു. ഏകദേശം എട്ട് മാസമായി തുടരുന്ന സംഘര്ഷങ്ങളുടെ ഭാഗമായി റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനും അസിര് പ്രവിശ്യയിലെ അബഹ രാജ്യാന്തര വിമാനത്താവളത്തിനും നേരെ സമീപ ദിവസങ്ങളില് ആക്രമണങ്ങള് നടന്നതായും നിരവധി പേര്ക്ക് ജീവന് നഷ്ടപ്പെട്ടതായും റിപ്പോര്ട്ടില് പറയുന്നു. അതേസമയം, സുരക്ഷാ സാഹചര്യങ്ങള് കണക്കിലെടുത്ത് വിമാന സര്വീസുകള് അപ്രതീക്ഷിതമായി റദ്ദാക്കപ്പെടാനോ വ്യോമാതിര്ത്തിയില് നിയന്ത്രണങ്ങള് ഏര്പ്പെടുത്താനോ സാധ്യതയുള്ളതിനാല് യാത്രക്കാര് മുന്കരുതല് സ്വീകരിക്കണമെന്ന് അധികൃതര് നിര്ദേശിച്ചു. യാത്രയ്ക്ക് മുമ്പ് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സര്വീസുകളുടെ നിലവിലെ സ്ഥിതി സ്ഥിരീകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി യെമന് അതിര്ത്തിയില്നിന്ന് 20 മൈല് ചുറ്റളവിലുള്ള പ്രദേശങ്ങളിലേക്ക് അമേരിക്കന് സര്ക്കാര് ജീവനക്കാര്ക്ക് യാത്രാവിലക്ക് ഏര്പ്പെടുത്തിയിട്ടുണ്ട്.
കൂടാതെ ജിസാന്, അസിര്, നജ്റാന് പ്രവിശ്യകളിലേക്കും ഖത്തീഫ്, യാന്ബു, തായിഫ് നഗരങ്ങളിലേക്കും യാത്ര ചെയ്യുന്നതിന് പ്രത്യേക അനുമതി നിര്ബന്ധമാക്കിയതായും ജാഗ്രതാ നിര്ദേശത്തില് വ്യക്തമാക്കുന്നു.
മേഖലയിലെ സുരക്ഷാ സാഹചര്യം നിരീക്ഷിച്ചുവരുന്ന സാഹചര്യത്തില് ഔദ്യോഗിക അറിയിപ്പുകള് ശ്രദ്ധിക്കണമെന്നും യാത്രാ തീരുമാനങ്ങള് എടുക്കുന്നതിന് മുമ്പ് പുതുക്കിയ സുരക്ഷാ നിര്ദേശങ്ങള് പരിശോധിക്കണമെന്നും അമേരിക്കന് പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.



Comments