വത്തിക്കാന്: ശ്വാസകോശത്തിലെ തടിപ്പ് നീക്കാന് ലിയോ പതിനാലാമന് മാര്പാപ്പയ്ക്ക് ശസ്ത്രക്രിയ. അസാധാരണ വളര്ച്ച തുടക്കത്തില്ത്തന്നെ കണ്ടെത്താനായെന്നും ഈയാഴ്ചതന്നെ ശസ്ത്രക്രിയയ്ക്കു വിധേയനാകുമെന്നും വത്തിക്കാനെ ഉദ്ധരിച്ച് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു.
മുഴ കണ്ടെത്തിയ വിവരം ഇന്നലെ രാവിലത്തെ പ്രാര്ഥനയില് മാര്പാപ്പ തന്നെയാണു വിശ്വാസികളെ അറിയിച്ചത്. അടുത്തിടെ നടത്തിയ വൈദ്യ പരിശോധനയ്ക്കിടെയാണ് തടിപ്പ് കണ്ടെത്തിയത്. ഡോക്ടര്മാരുടെ ഉപദേശം സ്വീകരിച്ച് വരുംദിവസങ്ങളില്ത്തന്നെ അതു നീക്കാനുള്ള ശസ്ത്രക്രിയയ്ക്കു വിധേയനാകും. നിങ്ങളുടെ പ്രാര്ഥനകള്ക്കും ആത്മീയ പിന്തുണയ്ക്കും നന്ദി പ്രകാശിപ്പിക്കുന്നു- മാര്പാപ്പ പറഞ്ഞു.
മാര്പാപ്പയുടെ ശസ്ത്രക്രിയാ തീയതി പുറത്തുവിട്ടിട്ടില്ലെങ്കിലും സുഖം പ്രാപിക്കാന് ഒരാഴ്ചയോളം വേണ്ടിവരുമെന്ന് വത്തിക്കാന്റെ പത്രക്കുറിപ്പിലുണ്ട്. റോമിലെ ജെമെല്ലി ആശുപത്രിയിലാകും മാര്പ്പാപ്പയുടെ ശസ്ത്രക്രിയ. അദ്ദേഹത്തിനായി പ്രത്യേക അപ്പാര്ട്ട്മെന്റ് സൗകര്യം ഇവിടെയുണ്ട്.



Comments