
ചേര്ത്തല: ശ്രീ നാരായണ ഗുരുദേവ ദര്ശനങ്ങള് വളച്ചൊടിച്ച് എസ്.എന്.ഡി.പി യോഗത്തെ ഇല്ലാതാക്കാന് ശ്രമം നടക്കുന്നുവെന്ന് എസ്.എന്.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാര് വെള്ളാപ്പള്ളി. ശ്രീനാരായണ ഗുരുദേവന് കളവംകോടം ശക്തീശ്വരം ക്ഷേത്രത്തില് കണ്ണടി പ്രതിഷ്ഠ നടത്തിയതിന്റെ നൂറാം വാര്ഷികത്തോടനുബന്ധിച്ച് എസ്.എന്.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് ചേര്ത്തല മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില് സംഘടിപ്പിച്ച ഐക്യദാര്ഢ്യവും യുവജന സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുദേവന് ഹിന്ദു ആചാ രങ്ങള്ക്ക് എതിരായിരുന്നുവെന്ന് പ്രചരിപ്പിച്ച് മതപരിവര്ത്തനത്തിന് അനുകൂലമായ നിലപാടായിരുന്നു ഗുരുദേവന്റേതെന്ന് വരുത്തിത്തീര്ക്കാന് ചില രാഷ്ട്രീയ, ബുദ്ധിജീവി കേന്ദ്രങ്ങള് ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. കളവംകോടത്ത് കണ്ണാടി പ്രതിഷ്ഠ നടത്തിയപ്പോള് ഗുരുദേവന് ഓംകാരമാണ് പ്രതിഷ്ഠിച്ചതെന്നും ഓം എന്ന് ജപിക്കാനാണ് നിര്ദ്ദേശിച്ചതെന്നും ഗുരുദേവന് നിരീശ്വര വാദിയായിരുന്നു എന്ന പ്രചരണം സത്യത്തിന് നിരക്കാത്തതാണെന്നും ഗുരുദേവന് പ്രതിഷ്ഠിച്ച മുപ്പതോളം ക്ഷേത്രങ്ങളും ഹിന്ദു ആചാര പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. എസ്.എന്.ഡി.പി യോഗം പ്രാര്ത്ഥിക്കാന് മാത്രമുള്ള സംഘടനയല്ല അവകാശങ്ങള്ക്ക് വേണ്ടി പൊരുതാനുള്ളതാന്നെന്നും അദ്ദേഹം പറഞ്ഞു.
കളവംകോടം ശക്തീശ്വരം ക്ഷേത്ര ഓഡിറ്റോറിയത്തില് നടന്ന സമ്മേളനത്തില് എസ്.എന്.ഡി.പി യോഗം മേഖലാ കമ്മിറ്റി ചെയര്മാന് കെ.പി. നടരാജന് അധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്മെന്റ് ചേര്ത്തല മേഖലാ ചെയര്മാന് കെ.ആര്. രൂപേഷ്, യോഗം കൗണ്സിലര് പി.ടി. മന്മഥന്, യൂണിയന് അഡ്മിനിസ്ട്രേറ്റര് ടി. അനിയപ്പന്, കളവംകോടം ശ്രീ ശക്തീശ്വരം ക്ഷേത്ര പ്രസിഡന്റ് സി.കെ. ഷാജിമോഹന്, പി.ഡി. ഗഗാറിന്, പി.ജി. രവീന്ദ്രന്, അഞ്ജലി, ജെ.പി. വിനോദ്, ആര്. രാജേന്ദ്രന്, അനില് ഇന്ദിവരം, പി.എസ്. ജ്യോതിഷ്, യൂത്ത് മൂവ്മെന്റ് കണ്വീനര് പി.ജി. അഭിലാഷ് ,സുരേഷ് നല്ലേടന്, മനോജ് മാവുങ്കല്, ശാന്തകുമാര് എന്നിവര് പ്രസംഗിച്ചു.







Comments