
അമ്യൂസ്മെന്റ് പാർക്കിലെ റോളർ കോസ്റ്ററിൽനിന്ന് തെറിച്ചുവീണ് 42-കാരന് ദാരുണാന്ത്യം. അമേരിക്കയിലെ ജോർജിയയിലുള്ള സിക്സ് ഫ്ലാഗ്സ് ഓവർ ജോർജിയ പാർക്കിലാണ് ഞെട്ടിക്കുന്ന സംഭവം. അറ്റ്ലാന്റ സ്വദേശിയായ സ്കൂൾ ഐടി മാനേജർ ഹസൻ ജിഹാദ് ഇബ്ൻ കരീമാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്. റോളർ കോസ്റ്റർ അതിവേഗത്തിൽ സഞ്ചരിക്കുന്നതിനിടെ സീറ്റിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണ ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവസമയത്ത് പാർക്കിലുണ്ടായിരുന്ന സന്ദർശകർക്ക് മുന്നിലാണ് അപകടം നടന്നത്.
പാർക്കിലെ ഏറ്റവും ഉയരമുള്ള റോളർ കോസ്റ്ററായ ഗോലിയാത്തിലാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 61 മീറ്റർ ഉയരമുള്ള ഈ റൈഡ് മണിക്കൂറിൽ 113 കിലോമീറ്റർ വരെ വേഗത്തിലാണ് സഞ്ചരിക്കുന്നത്. റൈഡിന്റെ അവസാന ഭാഗത്തേക്ക് എത്തുന്നതിനിടെ ഇയാൾ സീറ്റിൽനിന്ന് ഉയർന്നുപൊങ്ങുന്നതും പിന്നീട് താഴേക്ക് വീഴുന്നതും കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. വീഴുന്നതിനിടെ റോളർ കോസ്റ്ററിന്റെ ഭാഗങ്ങളിൽ തട്ടിയ ശേഷമാണ് ഇയാൾ താഴേക്ക് പതിച്ചതെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്.
സംഭവത്തെത്തുടർന്ന് പാർക്കിലെ ഗോലിയാത്ത് റൈഡ് അടച്ചുപൂട്ടുകയും സന്ദർശകരെ സുരക്ഷിതമായി പുറത്തേക്ക് മാറ്റുകയും ചെയ്തു. അപകടത്തിന്റെ കാരണം കണ്ടെത്താൻ പോലീസും റൈഡുകളുടെ സുരക്ഷാ പരിശോധനയ്ക്ക് ചുമതലയുള്ള സംസ്ഥാന ഏജൻസിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റൈഡിലെ സുരക്ഷാ സംവിധാനം കൃത്യമായി പ്രവർത്തിച്ചിരുന്നോ, യാത്രക്കാരനെ സുരക്ഷിതമായി ഉറപ്പിച്ചിരുന്ന സംവിധാനം എങ്ങനെയാണ് പ്രവർത്തിച്ചതെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്. അപകടത്തിന് പിന്നാലെ മുൻകരുതൽ നടപടിയായി അമേരിക്കയിലെയും കാനഡയിലെയും ആറ് പാർക്കുകളിലായി സമാനമായ ഒൻപത് റോളർ കോസ്റ്ററുകൾ താൽക്കാലികമായി അടച്ചുപൂട്ടിയതായി അധികൃതർ അറിയിച്ചു.
സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ സിക്സ് ഫ്ലാഗ്സ് അധികൃതർ അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് അറിയിച്ചു. മരിച്ചയാളുടെ കുടുംബത്തിനും അപകടം നേരിൽ കണ്ട സന്ദർശകർക്കും ജീവനക്കാർക്കും ആവശ്യമായ പിന്തുണ നൽകുമെന്നും കമ്പനി വ്യക്തമാക്കി. റോളർ കോസ്റ്ററിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും ഇത്തരം വിനോദോപകരണങ്ങളുടെ പരിശോധനാ മാനദണ്ഡങ്ങളെക്കുറിച്ചും അപകടം വീണ്ടും ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.







Comments