
കൽപ്പറ്റ: അണ്ടർ 23 സി.കെ. നായിഡു ട്രോഫിയിൽ പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് ഒന്നാം ഇന്നിങ്സിൽ 59 റൺസ് ലീഡ്. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 515 റൺസിനെതിരെ പോണ്ടിച്ചേരി 456 റൺസിന് ഓൾഔട്ടായി. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളം വിക്കറ്റ് നഷ്ടമില്ലാതെ 15 റൺസെടുത്തിട്ടുണ്ട്.
ക്യാപ്റ്റൻ നിതിൻ പ്രണവിന്റെയും വാലറ്റക്കാരുടെയും ബാറ്റിങ്ങാണ് പോണ്ടിച്ചേരിയെ മികച്ച സ്കോറിലെത്തിച്ചത്. 185 റൺസിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ പോണ്ടിച്ചേരിയെ നിതിൻ പ്രണവും വിക്രം കുമാറും ചേർന്നാണ് കരകയറ്റിയത്.
വിക്രം കുമാർ 80 റൺസും നിതിൻ പ്രണവ് 74 റൺസും നേടി. വിക്രം കുമാർ അരുൺ സർവാനൊപ്പം 82 റൺസിന്റെ കൂട്ടുകെട്ടിലും നിതിൻ പ്രണവിനൊപ്പം 88 റൺസിന്റെ കൂട്ടുകെട്ടിലും പങ്കാളിയായി. നമൻ ശർമയും അനുഗ്രഹ് ലത്വാളും ചേർന്ന ഒൻപതാം വിക്കറ്റ് കൂട്ടുകെട്ടിൽ 75 റൺസ് പിറന്നു. 52 റൺസെടുത്ത അനുഗ്രഹിനെ പുറത്താക്കി വിജയ് വിശ്വനാഥ് കൂട്ടുകെട്ട് പൊളിച്ചു.
കേരളത്തിനായി കൈലാസ് ബി. നായർ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദിത്യ ബൈജുവും വിജയ് വിശ്വനാഥും രണ്ട് വിക്കറ്റ് വീതവും നേടി.







Comments