
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. ഗാനമേളകളിലൂടെ തുടക്കം കുറിച്ച്, മീശമാധവന് എന്ന ചിത്രത്തിലെ ‘ചിങ്ങമാസം വന്നു ചേര്ന്നാല്’ എന്ന പാട്ടിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പിന്നണി ഗായിക. ആ അടിച്ചുപൊളി പാട്ടിനു ശേഷം റിമിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നണിഗാനരംഗത്തും റിയാലിറ്റി ഷോ ജഡ്ജായും ദേശത്തും വിദേശത്തുമടക്കം സ്റ്റേജ് പ്രോഗ്രാമുകളുമൊക്കെയായി പിടിച്ചാല് കിട്ടാത്തത്ര തിരക്കിലായി.
താരത്തിന്റെ സ്റ്റേജ് ഷോ എന്നു കേട്ടാല് തന്നെ ആളുകള് ഇരച്ചു കയറും. വെറുമൊരു ഗായിക എന്നതിനപ്പുറം വലിയ സദസ്സിനെ തന്റെ തമാശ കലര്ന്ന സംസാരത്തിലൂടെ കൈയിലെടുക്കാനുള്ള കഴിവു കൂടിയുണ്ട് റിമിക്ക്. പോസിറ്റീവ് വൈബോടെയുള്ള റിമിയുടെ സംസാരത്തിന് നിറഞ്ഞ കൈയടി നല്കിയാണ് സദസ്സ് സ്വീകരിക്കാറുള്ളത്. സോളോ യാത്രകളും സ്റ്റേജ് ഷോകളും ടെലിവിഷൻ പരിപാടികളുമായി കരിയറില് സജീവമായി തിരക്കിലാണ് റിമി ടോമി.
ഇപ്പോഴിതാ കാനഡയില് നടന്ന ഒരു സ്റ്റേജ് ഷോയ്ക്ക് ഇടയില് മുന്നിലുളള സദസ്സുമായി റിമി നടത്തിയ സംസാരമാണ് സോഷ്യല് മീഡിയയില് വൈറലാകുന്നത്. താൻ വീണ്ടും വിവാഹം കഴിക്കുന്നതിനെക്കുറിച്ചാണ് റിമി സദസ്സിനോടും ആരാധകരോടുമായി അഭിപ്രായം തേടിയത്.
‘വെറുതെ ഒരു പാവം മനുഷ്യന്റെ ജീവിതം നശിപ്പിക്കാൻ എനിക്ക് യാതൊരു ആഗ്രഹവുമില്ല, എങ്കിലും ചോദിക്കുകയാണ്, രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചാല് അത് തെറ്റാണോ, ശരിയാണോ?’ വേണം എന്നുള്ളവര് കൈയ്യടിക്കാമോ...’ എന്നായിരുന്നു റിമിയുടെ ചോദ്യം. ഒട്ടും വൈകാതെ സദസ്സിന്റെ അഭിപ്രായമെത്തി. ‘വേണ്ട’ എന്ന വലിയ മുറവിളിയാണ് സദസ്സില് നിന്നും ഉയർന്നു വന്നത്. ‘നിങ്ങളെന്നെ ഇങ്ങനെ സുഖിച്ചു ജീവിക്കുന്നത് കാണാൻ ഇഷ്ടപ്പെടുന്നില്ലേ...’ എന്ന് തമാശ രൂപേണ ചോദിച്ച റിമിയുടെ ആ വീഡിയോ ഇപ്പോള് സോഷ്യല് മീഡിയയിലും വലിയ രീതിയില് വൈറലായിരിക്കുകയാണ്. സദസ്സില് നിന്ന് മാത്രമല്ല, സോഷ്യല് മീഡിയയില് വൈറലാവുന്ന ഈ വീഡിയോയുടെ കമന്റിലും ‘വേണ്ട’ എന്ന് തന്നെയാണ് ആരാധകരുടെയും അഭിപ്രായം.







Comments