
തിരുവനന്തപുരം: കിഫ്ബിയുടെ ഭാവി പ്രവർത്തനങ്ങളെച്ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു. കിഫ്ബി പദ്ധതികൾ ഉപേക്ഷിക്കുന്നത് കേരളത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മുന്നറിയിപ്പ് നൽകി. സർക്കാർ മാറിയെന്ന കാരണത്താൽ വികസന പദ്ധതികൾ അവസാനിപ്പിക്കുന്നത് ശരിയായ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാം സ്വകാര്യവൽക്കരിക്കാനാണ് യുഡിഎഫിന്റെ ശ്രമമെന്ന വിമർശനവും എം.വി. ഗോവിന്ദൻ ഉയർത്തി. കിഫ്ബിയുടെ പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കത്തെച്ചൊല്ലി രാഷ്ട്രീയ തലത്തിൽ ചർച്ചകൾ ശക്തമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഏകദേശം ഒരുലക്ഷം കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബിയിലൂടെ ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഈ പദ്ധതികൾ ഉപേക്ഷിക്കുന്നത് വികസനത്തെ ബാധിക്കുന്ന ഗൗരവകരമായ പ്രശ്നമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കിഫ്ബിയുടെ തുടർപ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു. കിഫ്ബി അപകടകരമാണെന്നും നിർത്താൻ പോകുകയാണെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചതായി അദ്ദേഹം പറഞ്ഞു. കിഫ്ബിയെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുൻകാലത്ത് നടത്തിയ പരാമർശങ്ങൾ റിപ്പോർട്ടായി പുറത്തുവന്നാൽ ആരും വിശ്വസിക്കില്ലെന്നും ബാലഗോപാൽ വിമർശിച്ചു.
കിഫ്ബി സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്നും നിലവിലെ രീതിയിൽ പ്രവർത്തനം തുടരേണ്ടതില്ലെന്നുമാണ് സുധാ പിള്ള അധ്യക്ഷയായ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങൾ. കിഫ്ബിയിൽ സമഗ്രമായ അഴിച്ചുപണി വേണമെന്നും സമിതി നിർദേശിച്ചിട്ടുണ്ട്. കിഫ്ബി സർക്കാരിന് കടബാധ്യത വരുത്തിയെന്ന് മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതോടെ കിഫ്ബിയുടെ ഭാവി പ്രവർത്തനരീതിയും നിലവിലുള്ള പദ്ധതികളുടെ തുടർച്ചയും സംബന്ധിച്ച ചർച്ചകൾക്ക് പ്രാധാന്യമേറുകയാണ്.
അതേസമയം, കിഫ്ബിയുടെ സാമ്പത്തിക ബാധ്യതകളെച്ചൊല്ലി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വിമർശനം ഉന്നയിച്ചിട്ടുണ്ട്. കിഫ്ബി ഇത്രയും നാൾ സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചെന്നും വരുമാനത്തിന്റെ 99.4 ശതമാനവും വായ്പ തിരിച്ചടവിനായി ഉപയോഗിച്ചെന്നും അദ്ദേഹം ആരോപിച്ചു. കിഫ്ബി കാരണം 25,932.55 കോടി രൂപ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കുറയ്ക്കേണ്ടിവന്നെന്നും സതീശൻ പറഞ്ഞു. കിഫ്ബിയുടെ സാമ്പത്തിക ബാധ്യതകളും വികസന പദ്ധതികളുടെ തുടർച്ചയും ഒരേസമയം ചർച്ചയാകുമ്പോൾ, മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.







Comments