
കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്താനുള്ള നീക്കവുമായി എക്സൈസ്. സുഹൈലിന്റെ ശരീരത്തിൽ അനുവദനീയമായ അളവിന്റെ അഞ്ചിരട്ടി മദ്യമുണ്ടായിരുന്നുവെന്നാണ് ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട്. നെടുമ്പാശ്ശേരിയിലെ ബാറിൽ മാത്രം മദ്യപിക്കാൻ 4,396 രൂപ ചെലവഴിച്ചതായും വിവരമുണ്ട്. മൂന്ന് ബാറുകളിൽ കയറി തുടർച്ചയായി മദ്യപിച്ച ശേഷമാണ് സുഹൈൽ വാഹനമോടിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. കസ്റ്റഡി കാലാവധി പൂർത്തിയായ സാഹചര്യത്തിൽ സുഹൈലിനെ വീണ്ടും ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് എക്സൈസിന്റെ നീക്കം.
അപകടവുമായി ബന്ധപ്പെട്ട് സുഹൈലിന് മദ്യം നൽകിയ ബാറുകൾക്കെതിരായ നടപടികളും പുരോഗമിക്കുകയാണ്. അതേസമയം, സുഹൈലിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പും കടന്നു. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ പരിശോധന പൂർത്തിയായിട്ടുണ്ട്. ഇതുസംബന്ധിച്ച റിപ്പോർട്ട് രണ്ട് ദിവസത്തിനകം നൽകും. വാഹനത്തിനുണ്ടായിരുന്ന തകരാറുകൾ ഏതെങ്കിലും വിധത്തിൽ അപകടത്തിന് കാരണമായിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
അതിനിടെ, സുഹൈൽ സജീവ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. നിരപരാധിയാണെന്നും അമിതവേഗത്തിലല്ല വാഹനം ഓടിച്ചതെന്നും സുഹൈൽ ജാമ്യാപേക്ഷയിൽ വാദിക്കുന്നു. എന്നാൽ ജാമ്യാപേക്ഷയെ പോലീസ് ശക്തമായി എതിർക്കും. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നലെയാണ് അവസാനിച്ചത്.







Comments