
സന: ഹൂതി മിസൈൽ ആക്രമണത്തിൽ നിന്ന് യെമൻ പ്രധാനമന്ത്രി ഷയ അൽ സിന്ദാനി രക്ഷപ്പെട്ടു. ഏദനിലെ അൽ മാഷിഖ് പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണം നടക്കുമ്പോൾ പ്രധാനമന്ത്രിയും മന്ത്രിമാരും കൊട്ടാരത്തിലുണ്ടായിരുന്നു. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടതായി യെമൻ സർക്കാർ അറിയിച്ചു. ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായും 16 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ഏദനിലെ സൗദി സൈനിക പ്രവർത്തന ആസ്ഥാനമാണ് ലക്ഷ്യമിട്ടതെന്ന് ആക്രമണത്തിന് പിന്നാലെ ഹൂതി പ്രതിനിധികൾ വ്യക്തമാക്കി. സൗദി സൈനിക സന്നാഹങ്ങൾ എവിടെയുണ്ടെങ്കിലും അവയെ ലക്ഷ്യമിടുമെന്നാണ് ഹൂതികളുടെ വെല്ലുവിളി. എന്ത് സംഭവിച്ചാലും പിന്നോട്ടില്ലെന്ന നിലപാടിലാണ് ഹൂതികളെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ഹൂതികളുടെ ആക്രമണങ്ങളെ യുദ്ധക്കുറ്റകൃത്യങ്ങളെന്നാണ് സൗദി അറേബ്യ വിശേഷിപ്പിച്ചത്. സൗദിയിലെ സിവിലിയൻ കേന്ദ്രങ്ങൾക്കും വിമാനത്താവള സൗകര്യങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങൾ ധാർമികവും മതപരവുമായ പരിഗണനകൾ ലംഘിച്ചെന്ന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വലീദ് എൽഖെരിജി പറഞ്ഞു. മക്ക, മദീന എന്നീ പുണ്യനഗരങ്ങളെയും തീർഥാടകരെയും സന്ദർശകരെയും ലക്ഷ്യമിട്ട് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായും അദ്ദേഹം ആരോപിച്ചു. ആക്രമണങ്ങൾ തടയാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും യെമൻ സർക്കാരിന് പൂർണ പിന്തുണ നൽകുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.







Comments