
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 19 തിങ്കളാഴ്ച സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. ഇതോടെ പൊതുവിദ്യാലയങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും. ഒക്ടോബർ 18 ഞായറാഴ്ചയിലെ പതിവ് അവധിക്ക് പിന്നാലെ 19, 20, 21 തീയതികളിലും അവധി ലഭിക്കുന്നതോടെയാണ് നാല് ദിവസത്തെ ഇടവേള വരുന്നത്.
നിലവിലെ കലണ്ടർ പ്രകാരം ഒക്ടോബർ 20 ചൊവ്വാഴ്ച മഹാനവമിയും ഒക്ടോബർ 21 ബുധനാഴ്ച വിജയദശമിയുമാണ്. ഇതിനിടയിലെ പ്രവൃത്തിദിനമായ ഒക്ടോബർ 19 തിങ്കളാഴ്ച കൂടി നവരാത്രി അവധിയായി സർക്കാർ പ്രഖ്യാപിച്ചതോടെയാണ് തുടർച്ചയായ അവധി ലഭിക്കുന്നത്. പൂജയെടുപ്പും വിദ്യാരംഭ ചടങ്ങുകളും ഉൾപ്പെടെയുള്ള നവരാത്രി ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
സംസ്ഥാനത്തെ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോബർ 19-ലെ അവധി ബാധകമായിരിക്കും. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്കും അവധി ലഭിക്കും. പൂജയെടുപ്പും വിദ്യാരംഭ ചടങ്ങുകളും പൂർത്തിയാക്കി ഒക്ടോബർ 22 വ്യാഴാഴ്ചയായിരിക്കും വിദ്യാലയങ്ങളും ഓഫീസുകളും വീണ്ടും സാധാരണ നിലയിൽ പ്രവർത്തിക്കുക.







Comments