
ബാലതാരമായി വെള്ളിത്തിരയിൽ എത്തി, ‘അമർ അക്ബർ അന്തോണി’ എന്ന സിനിമയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായി മാറിയ താരമാണ് മീനാക്ഷി അനൂപ്. അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേര്. ‘ഒപ്പം’ എന്ന മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ചതിലൂടെയാണ് താരത്തിന് കരിയർ ബ്രേക്ക് ലഭിച്ചത്. വലിയ സ്വീകാര്യതയാണ് ഈ ചിത്രത്തിലെ ഫാത്തിമ എന്ന കഥാപാത്രത്തിലൂടെ മീനാക്ഷിക്ക് ലഭിച്ചത്. ഒരു മുത്തശ്ശി ഗദ, അലമാര, ക്വീൻ, മോഹൻലാൽ തുടങ്ങി നിരവധി ചിത്രങ്ങളിലും മീനാക്ഷി അഭിനയിച്ചിട്ടുണ്ട്.
അഭിനയത്തിന് പുറമെ ടെലിവിഷൻ ലോകത്തെ ജനപ്രിയ അവതാരകയായും തിളങ്ങി നില്ക്കുന്ന മീനാക്ഷി സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. സോഷ്യല് മീഡിയയിലൂടെ മീനാക്ഷി പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് നൽകുന്ന ക്യാപ്ഷനുകളും അതിന് വരുന്ന കമന്റിന് താരം നൽകുന്ന മറുപടിയുമെല്ലാം ഏറെ ശ്രദ്ധനേടാറുണ്ട്. ക്യാപ്ഷന്റെ കാര്യത്തിൽ രമേഷ് പിഷാരടിയുടെ അനിയത്തിയായി വരും മീനൂട്ടി എന്നാണ് സോഷ്യൽ മീഡിയയുടെ വിശേഷണം.
ഇപ്പോഴിതാ സോഷ്യല് മീഡിയയില് പങ്കിടുന്ന അഭിപ്രായങ്ങള്ക്ക് എന്നും പോസിറ്റീവ് റെസ്പോണ്സ് വരുമെന്ന് മാത്രം പ്രതീക്ഷിച്ചല്ല പോസ്റ്റുകള് പങ്കിടാറുള്ളതെന്ന് പറയുകയാണ് മീനാക്ഷി അനൂപ്. താനൊരു പോസ്റ്റ് പങ്കിട്ടാല് അത് ഇഷ്ടപെടുന്ന ഒരു കൂട്ടം ആളുകളുടെ ഇടയിലേക്ക് മാത്രമല്ല അതു തുറന്നു വിടാന് പോകുന്നതെന്ന് എനിക്കറിയാം എന്നാണ് മീനാക്ഷി അനൂപ് പറയുന്നത്.
‘‘എന്റെ അഭിപ്രായത്തിൽ അങ്ങനെ ഒരു സേഫ് സോൺ ഒന്നുമില്ല. അതൊക്കെ നമ്മൾ പുറത്തു നിന്ന് കാണുമ്പോൾ നമുക്ക് ഇങ്ങനെ ഫീൽ ചെയ്യുന്നതാണ്. നമ്മുടെ സൊസൈറ്റിയിൽ റിലവന്റ് ആയിട്ടുള്ള ഒരു ഇഷ്യൂവിനെ പറ്റി ചോദിക്കുമ്പോൾ അതിനെപ്പറ്റി അഭിപ്രായം പറയാൻ താത്പര്യമുള്ള ആളായിരിക്കും ഞാൻ. ഒരുപക്ഷേ എന്നെപ്പോലിരിക്കുന്ന ഇതേ ഫീൽഡിലുള്ള മറ്റൊരാൾ അതിനു താത്പര്യമുള്ള ആളായിരിക്കില്ല. അവർ പേടിച്ചിട്ടാണ് അതു പറയാത്തത് എന്ന് നമ്മൾ വിചാരിക്കുന്നതാണ് തെറ്റ്. ഇപ്പോ ഞാൻ ഇപ്പോൾ എന്തിനെപ്പറ്റിയെങ്കിലും അഭിപ്രായം പറഞ്ഞാൽ, അല്ലെങ്കിൽ എന്റെ സോഷ്യൽ മീഡിയയിൽ എപ്പോഴും കാണുന്നതു പോലെയല്ലാത്ത ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നു. അത് പോസ്റ്റ് ചെയ്യുമ്പോൾ ആ മീനാക്ഷിക്ക് എവിടുന്ന് കിട്ടി ഇതിനുള്ള ധൈര്യം എന്ന് ചോദിക്കുന്നതിന്റെ അപ്പുറത്തേക്ക് ഞാൻ എന്ത് ചെയ്താലും ഇഷ്ടപെടുന്ന ഒരു കൂട്ടം ആളുകളുടെ ഇടയിലേക്കല്ല ഞാനിത് തുറന്നു വിടാൻ പോകുന്നത്, എന്ന് എനിക്ക് അറിയാം.
അതിനു രണ്ടുതരത്തിലുള്ള അഭിപ്രായങ്ങൾ ഉണ്ടാകും. വളരെ മോശമായി വിമര്ശിക്കുന്നവരും നന്നായി എന്ന് പറയുന്നവരും ഉണ്ടാകും. അങ്ങനെ പലതരത്തിലുള്ള അഭിപ്രായങ്ങളുമുണ്ടാകും. അതിനെ ഹാൻഡിൽ ചെയ്യാൻ എനിക്ക് താത്പര്യമാണെങ്കിൽ മാത്രമേ ഞാൻ ഇത് പുറത്തേക്ക് വിടാൻ പാടുള്ളൂ. അതുമൂലം എനിക്ക് മാനസികമായിട്ടുള്ള ട്രോമ ഉണ്ടാകും എന്ന് എനിക്ക് തന്നെ അറിയാമെങ്കിൽ ഞാൻ ഒരിക്കലും അത് പുറത്തു പറയരുത്. കാരണം ഇങ്ങനെ ഒരു ഇന്റർവ്യൂ കൊടുത്തതിന്റെ പേരിൽ എനിക്ക് വീട്ടിൽ പോയിരുന്നു ‘അയ്യോ, എന്നെ ആൾക്കാരൊക്കെ ഇങ്ങനെയാണോ കാണുന്നത് അല്ലെങ്കിൽ ഞാൻ പുറത്തേക്ക് ഇറങ്ങുമ്പോൾ എന്നെ എല്ലാവരും ഇങ്ങനെ നോക്കുമോ’ എന്നൊക്കെയുള്ള പ്രശ്നം ഉള്ള ആളാണെങ്കിൽ അത് അറിഞ്ഞു വേണം ഒരു ഇന്റർവ്യൂ കൊടുക്കാന്. നമ്മുടെ പേഴ്സണാലിറ്റി നമുക്കാണ് ഏറ്റവും നന്നായി അറിയുക. നമ്മൾ സോഷ്യൽ മീഡിയയിൽ എന്തെങ്കിലും പോസ്റ്റ് ചെയ്യുമ്പോൾ നമ്മുടെ സൊസൈറ്റിയോടുള്ള ബിഹേവിയറും അറിഞ്ഞു വേണം ചെയ്യാന്. അല്ലാതെ പേടിച്ചിട്ടാവരുത്.
എനിക്ക് അത് ഹാൻഡിൽ ചെയ്യാന് പറ്റില്ല അല്ലെങ്കിൽ ഞാൻ അതിനു താത്പര്യപ്പെടുന്നില്ല എന്നുണ്ടെങ്കിൽ ഞാൻ മിണ്ടാതിരിക്കുന്നതല്ലേ ഏറ്റവും നല്ലത്. ഞാനത് പറഞ്ഞതുകൊണ്ട് നാളെ ലോകത്ത് എല്ലാവരും മാറി ജീവിക്കും അങ്ങനത്തെ വിചാരമൊന്നുമില്ല. നമ്മുടെ അഭിപ്രായം ഇതാണ് അതുകൊണ്ട് എനിക്ക് അത് പറയുന്നതിന് കുഴപ്പമൊന്നുമില്ല. ആരെന്ത് പറഞ്ഞാലും എന്റെ അഭിപ്രായം ഇതാണ്, അങ്ങനെ വിചാരിക്കുന്ന ഒരു കൂട്ടം ആൾക്കാരുണ്ട്. അതല്ലാതെ ഞാൻ ഇങ്ങനെ പറഞ്ഞു കഴിഞ്ഞാൽ ആൾക്കാർ എന്ത് വിചാരിക്കും? നാളെ മുതല് ഇതിനെപ്പറ്റി തന്നെ ആൾക്കാരുടെ അടുത്ത് ചോദിച്ചുകൊണ്ടിരിക്കുമോ എന്ന സംശയമുള്ള ആൾക്കാരാണെങ്കിൽ ഡിപ്രസ്ഡ് ആകുന്ന ആൾക്കാരാണെങ്കിൽ ഒരിക്കലും അത് പറയാതിരിക്കുന്നത് തന്നെയാണ് ശരി....’’ എന്നാണ് മീനാക്ഷി പറയുന്നത്. ഒരു പോഡ്കാസ്റ്റില് സംസാരിക്കുമ്പോഴാണ് താരമിത് പറഞ്ഞത്.







Comments